‘സാമ്പത്തിക സംവരണം ഇനി ബുദ്ധിമുട്ടാകും’; സുപ്രീം കോടതി വിധിക്ക് പിന്നാലെ മന്ത്രി ബാലന്‍

സംവരണം 50 ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെ സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്ന് നിയമമന്ത്രി എ കെ ബാലന്‍. നിലവിലുള്ള 50 ശതമാനം സാമുദായിക സംവരണത്തെ തൊടാന്‍ കഴിയില്ല. സുപ്രീം കോടതി വിധി വന്നതിനാല്‍ സാമ്പത്തിക സംവരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടികള്‍ ഇനി നിലനില്‍ക്കില്ല. സംസ്ഥാനത്ത് സാമ്പത്തിക സംവരണം നടപ്പാക്കി തുടങ്ങിയ ഘട്ടത്തിലാണ് ഇത്തരമൊരു തടസ്സം ഉണ്ടായിരിക്കുന്നതെന്നും എ കെ ബാലന്‍ പറഞ്ഞു. മലയാള മനോരമയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

നിലവിലുള്ള സമുദായ സംവരണത്തെ ബാധിക്കാത്ത വിധത്തില്‍ 10 ശതമാനം സാമ്പത്തിക സംവരണം കൂടി നടപ്പാക്കാമെന്ന് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ ഇവിടെ സാമ്പത്തിക സംവരണം ബുദ്ധിമുട്ടാകും.

എ കെ ബാലന്‍

കേരളത്തില്‍ നിലവില്‍ 50 ശതമാനം ജനസംഖ്യാനുപാതിക സാമുദായിക സംവരണമുണ്ട്. ശേഷിക്കുന്ന 50 ശതമാനം വരുന്ന പൊതുവിഭാഗത്തില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനം സംവരണം നടപ്പാക്കിയത്. ഭരണഘടനാ ഭേദഗതിയുടെ പിന്‍ബലത്തിലായിരുന്നു സംവരണം കൊണ്ടുവന്നത്. എന്നാല്‍ നിലവിലുള്ള ഭരണഘടനാ ഭേദഗതി സാമ്പത്തിക സംവരണം സംരക്ഷിക്കുന്നതിന് അപര്യാപ്തമാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: സംവരണവിധി ചരിത്രപരം; ഇടതുപക്ഷത്ത് നയപരമായ തിരുത്തല്‍ വേണം

രാജ്യത്ത് സംവരണം അമ്പത് ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്ന ഇന്ദിരാ സാഹ്നി കേസിലെ വിധി പുന: പരിശോധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഇന്ന് വിധിച്ചിരുന്നു. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹിക സാസ്‌കാരിക പിന്നോക്കാവസ്ഥയായിരിക്കണമെന്ന് നിര്‍ണ്ണായകമായ നിരീക്ഷണത്തോടെയാണ് കോടതിയുടെ വിധി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ മറാത്ത സംവരണ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഈ വിധി.

സംവരണം ഭരണഘടനാപരമാണ്. അതില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ട്. പക്ഷെ പരമാവധി സംവരണാനുകൂല്യങ്ങള്‍ അമ്പത് ശതമാനത്തില്‍ കവിയരുതെന്നും ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.

Also Read: ‘സംവരണത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി കേരളത്തെ സംബന്ധിച്ച് സങ്കീര്‍ണ്ണം’; സാമ്പത്തിക സംവരണത്തെ ബാധിക്കുമെന്ന് എകെ ബാലന്‍

1992ല്‍ ഇന്ദിരാ സാഹ്നി കേസില്‍ പ്രസ്താവിച്ച വിധിയില്‍ മാറ്റം വരുത്തേണ്ട സ്ഥിതിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംവരണ പരിധി അമ്പത് ശതമാനം എന്നായിരുന്നു ഈ കേസിലെ വിധി. സ്ഥാനക്കയറ്റത്തിന് സംവരണം ബാധകമല്ലെന്നും അന്നത്തെ വിധിയിലുണ്ടായിരുന്നു. സംവരണ വിധികള്‍ ചോദ്യം ചെയ്താാല്‍ അത് പരിശോധിക്കുന്നതിന് പതിനൊന്നംഗ ബെഞ്ച് തന്നെ വേണമെന്നും കോടതി പറഞ്ഞു.

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗങ്ങളെ പിന്നോക്ക വിഭാഗമായി കണക്കാക്കി സംവരണം നല്‍കുവാനുള്ള നിയമം കോടതി റദ്ദാക്കി. ജസ്റ്റിസ് അശോക് ഭൂഷന്‍ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി.

വിവിധ സംസ്ഥാനങ്ങളിലെ സംവരണ നയങ്ങളുടെ മേല്‍ ഗുരുതരമായി ബാധിക്കുന്നതായിരിക്കും ഈ വിധി.