‘മലയാളിയെ ഇന്റർനാഷണൽ പ്രേക്ഷകനായി കണ്ടാണ് എഴുതേണ്ടത്, ‘ട്വൽത് മാൻ’ സ്‌ക്രിപ്റ്റിൽ മോഹൻലാൽ എക്‌സൈറ്റഡായി’; കെ ആർ കൃഷ്ണകുമാർ അഭിമുഖം

പാൻ ഇൻഡ്യൻ ഹിറ്റായി മാറി ഒട്ടേറെ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന് ശേഷം മോ​ഹൻലാൽ-ജീത്തു ജോസഫ് ടീം വീണ്ടുമെത്തുകയാണ്. ഹരിപ്പാട് സ്വദേശി കെ ആർ കൃഷ്ണകുമാറാണ് ട്വൽത് മാൻ എന്ന മിസ്റ്ററി ത്രില്ലറിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ‘നിഴലുകളുടെ മറനീക്കാതെ’ നി​ഗൂഢത അവശേഷിപ്പിച്ചുകൊ‌ണ്ട് തന്റെ ആദ്യ സിനിമാസംരംഭത്തേക്കുറിച്ച് കൃഷ്ണകുമാർ സംസാരിക്കുന്നു. അനുയോജ്യമായ സാഹചര്യമായതുകൊണ്ട് മാത്രമാണ് ട്വൽത് മാൻ ഇപ്പോൾ ചിത്രീകരിക്കാൻ തീരുമാനിച്ചത്. ചിത്രത്തിന് പിന്നിൽ ഒന്നര വർഷത്തെ എഫർട്ടുണ്ട്. മോഹൻലാലിനേയും ജീത്തുവിനേയും എക്സൈറ്റഡാക്കിയ കഥ പ്രേക്ഷകർക്ക് ഉറപ്പായും ഇഷ്ടമാകുമെന്നും കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിലെ ഹിറ്റ് ത്രയമായ മോഹൻലാൽ-ജീത്തു ജോസഫ്-ആന്റണി പെരുമ്പാവൂർ ടീം കഥകളും സ്ക്രിപ്റ്റും പ്രൊസസ് ചെയ്യുന്ന രീതിയേക്കുറിച്ചും അദ്ദേഹം പറയുന്നു. കെ ആർ കൃഷ്ണകുമാർ ന്യൂസ്റപ്റ്റിന് നൽകിയ അഭിമുഖം.

‌പോസ്റ്ററിൽ നിന്ന് തന്നെ ട്വൽത് മാന്റെ പ്ലോട്ട് സോഷ്യൽ മീഡിയയിൽ ചിലർ ഡിസ്കസ് ചെയ്ത് തുടങ്ങി. 12 ആം​ഗ്രിമെൻ‌, ഐഡന്റിറ്റി തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എന്നെല്ലാം അനുമാനമുണ്ട്?

12 ആം​ഗ്രിമെന്നിന്റെ പാറ്റേണിലുള്ള സിനിമയേ അല്ല. ട്വൽത് മാൻ ഒരു മിസ്റ്ററി ത്രില്ലറാണ്. വ്യത്യസ്തമായ ഒരു പാറ്റേണിലാണ് കഥ പോകുന്നത്. ത്രില്ലറായതുകൊണ്ട് ഞാൻ സൂക്ഷിച്ച് സംസാരിക്കണമല്ലോ.

24 മണിക്കൂർ എന്ന ടൈം ഫ്രെയിമിനുള്ളിലാണ് സിനിമയെന്ന് കേൾക്കുന്നല്ലോ?

അതെ. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണെന്ന് പറയാം.

Also Read: ’12 ആംഗ്രിമെന്‍ ആണോ, ഐഡന്റിറ്റിയാണോ’; ട്വല്‍ത് മാന്‍ പോസ്റ്ററില്‍ നിന്ന് കഥ ഊഹിക്കാന്‍ ശ്രമിച്ച് പ്രേക്ഷകര്‍

മോഹൽലാൽ-ജീത്തുജോസഫ് ടീമിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഒന്നര വർഷമായി ചർച്ചയിലുള്ള കഥയാണിത്. ട്വൽത് മാന്റെ വൺലൈനിൽ ആലോചനകൾ നടക്കുന്ന സമയത്ത് തന്നെ ഒരു യുവനടനെ നായകനാക്കിയുള്ള പ്രൊജ്ക്ടിലേക്ക് ഞാനും ജീത്തുവും കയറി. ആ ചിത്രത്തിന്റെ സ്ക്രിപ്റ്റ് പൂർത്തിയാക്കി എല്ലാം ഫിക്സ് ചെയ്ത് മുന്നോട്ട് നീങ്ങുന്ന സമയത്താണ് (ദൃശ്യം 2വിന്റെ ഷൂട്ടിനിടയിലാണെന്ന് തോന്നുന്നു) ജീത്തു മോഹൻലാലിനോട് ട്വൽത് മാനേക്കുറിച്ച് സംസാരിക്കുന്നത്. “ഇങ്ങനെയൊരു കഥയുണ്ട്, ലാലേട്ടന് പറ്റിയ കഥയാണ്” എന്ന്. ആന്റണി പെരുമ്പാവൂരിനോടും സംസാരിച്ചു. സ്ക്രിപ്റ്റ് വരട്ടെ നോക്കാം എന്ന് പറഞ്ഞു. തെലുങ്ക് ദൃശ്യം ചെയ്യുന്ന സമയത്ത് സ്ക്രിപ്റ്റ് ജീത്തുവിന് അയച്ചുകൊടുത്തു. സ്ക്രിപ്റ്റ് നല്ലതായി തോന്നിയതുകൊണ്ടാകണം ആന്റണി പെരുമ്പാവൂരിനും ലാലേട്ടനും അയച്ചുകൊടുത്തു. കൊള്ളാം, നമുക്ക് മുന്നോട്ട് നീക്കാം എന്ന് അവർ പറഞ്ഞു.

ALSO READ: കെ രാധാകൃഷ്ണനും സംഘത്തിനും കൃഷിയില്‍ നഷ്ടം വന്നതെങ്ങനെ?; അന്വേഷിക്കണമെന്ന് കൃഷി മന്ത്രിയോട് തോമസ് ഐസക്

പിന്നീടാണ് കൊവിഡിന്റെ രണ്ടാം തരം​​ഗം വരുന്നതും വീണ്ടും പ്രതിസന്ധിയുണ്ടാകുന്നതും. യുവനടനെ വെച്ച് ആലോചിച്ചിരുന്നത് കുറച്ചുകൂടി ലൊക്കേഷൻ ഷിഫ്റ്റുകൾ വേണ്ടി വരുന്ന പടമാണ്. അങ്ങനെയാണ് ട്വൽത് മാനിലേക്ക് എത്തുന്നത്. എറണാകുളത്തും ഇടുക്കിയിലുമായിട്ട് ഇത് ചിത്രീകരിക്കാനാകും. എങ്കിലും പെട്ടെന്ന് ആലോചിച്ചതാണ് സിനിമയെന്ന് പറയാൻ പറ്റില്ല. ലാലേട്ടനോട് ആറ് മാസം മുൻപേ കഥ പറഞ്ഞിരുന്നു.

കഥ കേട്ട ശേഷം മോഹൻലാൽ എങ്ങനെയാണ് പ്രതികരിച്ചത്?

കഥകേട്ട് അദ്ദേഹം വളരെ ഇംപ്രസ്ഡ് ആയിരുന്നു. “വളരെ നന്നായിട്ടുണ്ട്, സ്ക്രിപ്റ്റ് കൂടി അതുപോലെ വന്നുകഴിഞ്ഞാൽ നമുക്ക് ആലോചിക്കാവുന്ന സബ്ജക്ടാണ്” എന്നായിരുന്നു മറുപടി. എക്സൈറ്റഡായിരുന്നു. സ്ക്രിപ്റ്റ് അയച്ചുകൊടുത്തപ്പോൾ അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. “കൊള്ളാമല്ലോ.. ​ഗംഭീര പരിപാടിയാണല്ലോ” എന്നെല്ലാം പറഞ്ഞു.

ALSO READ: ‘നിങ്ങളീ വന്ന് വന്ന് ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ ചിത്രം മാത്രമേ ചെയ്യുള്ളൂ?’; ആ ചോദ്യത്തിനുള്ള ജിത്തു ജോസഫിന്റെ ഉത്തരം ഇങ്ങനെ

ഒരു റൈറ്റർ ഡയറക്ടറാണ് ജീത്തു ജോസഫ്? ഒരു തിരക്കഥാകൃത്തിനെ ഇംപ്രസ് ചെയ്യലും ബുദ്ധിമുട്ടല്ലേ?

എന്റെ രണ്ടാമത്തെ സ്ക്രിപ്റ്റാണ് ജീത്തുവിന്റെ കൈയ്യിലിരിക്കുന്നത്. ആദ്യ സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ട് വർക് ഔട്ട് ആയി വന്നപ്പോൾ തന്നെ “നല്ലൊരു ത്രില്ലർ റൈറ്ററാണ് നിങ്ങൾ” എന്ന് ജീത്തു പറഞ്ഞിരുന്നു. “തിരക്കഥയാക്കി എഴുതിവരുമ്പോഴാണ് ത്രില്ലറിന്റെ ആ എക്സൈറ്റ്മെന്റ് വരൂ” എന്നാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. സ്ക്രിപ്റ്റ് വായിച്ച് ഉടനെ തന്നെ എന്നെ വിളിച്ചു. “ലാലേട്ടനോട് ധൈര്യമായി പറയാവുന്ന കഥയാണ്, നമുക്കിനി ഒന്നും നോക്കാനില്ല” എന്ന് പറഞ്ഞു. രാവിലെ സ്ക്രിപ്റ്റ് അയച്ചുകൊടുത്ത് ഉച്ചയായപ്പോഴേക്കും ലാലേട്ടൻ തിരിച്ചുവിളിച്ചു; “കാര്യങ്ങൾ മുന്നോട്ടാം നീക്കാം.”

കൊവിഡ് കാലമായതുകൊണ്ട് പെട്ടെന്ന് ചെയ്യാവുന്ന ഒരു പടം തട്ടിക്കൂട്ടുന്നു എന്നെല്ലാം റിപ്പോർട്ടുകളുണ്ടായിരുന്നു?

പടം വരുമ്പോൾ ആ സംശയങ്ങളൊക്കെ മാറിക്കോളും. ഹിന്ദിയിൽ ചെയ്യാനായി ഒന്നര വർഷം മുൻപ് ഡിസ്കഷൻ തുടങ്ങിയ പ്രൊജക്ടാണിത്. ഹിന്ദിയിലും മലയാളത്തിലുമായി ചെയ്യുക എന്നാതായിരുന്നു ആ ബോളിവുഡ് പ്രൊഡക്ഷൻ കമ്പനിയുടെ ഐഡിയ. അന്ന് ആർടിസ്റ്റുകളെ ഫിക്സ് ചെയ്തിരുന്നില്ല. കഥയായി കഴിഞ്ഞപ്പോഴാണ് ജീത്തു ലാലേട്ടനോട് പറയുന്നത്. കൊവിഡ് വന്നതുകൊണ്ട് പെട്ടെന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ കഥയല്ല ഇത്. ഒന്നര വർഷം കൊണ്ട് എഴുതിയെടുത്തതാണ്. ഷൂട്ട് അടുത്ത വർഷം നടക്കാനിരുന്നതാണ് എന്ന് മാത്രം. ലൊക്കേഷൻ ഷിഫ്റ്റുകൾ അധികമില്ലാത്തതുകൊണ്ട് ഈ സ്ക്രിപ്റ്റ് ആദ്യമെടുത്തു.

നിലവിൽ എത്ര സ്കിപ്റ്റ് കൈയിലുണ്ട്?

മൂന്ന് എണ്ണം.

ആന്റണി പെരുമ്പാവൂര്‍

വൺലൈനും കഥകളും കേൾക്കുന്നതിനിടെ ആന്റണി പെരുമ്പാവൂരിന് ഹിറ്റ് ചിത്രങ്ങൾ ഒറ്റയടിക്ക് ക്ലിക്ക് ആകുമെന്ന് കേട്ടിട്ടുണ്ട്. പ്രേക്ഷകന്റെ മനസ് അറിയാവുന്ന ഒരു പ്രത്യേകതരം ജഡ്ജ്മെന്റിനേക്കുറിച്ച്?

അത് നൂറ് ശതമാനം സത്യമാണെന്ന് എനിക്ക് വ്യക്തിപരമായി അനുഭവമുണ്ട്. ട്വൽത് മാന്റെ കഥ പറഞ്ഞപ്പോൾ ആന്റണി പെരുമ്പാവൂരാണ് ആദ്യം പറഞ്ഞത്; “ജീത്തു ഇത് നമുക്ക് ഇമ്മീഡിയറ്റായി ചെയ്യണം, ലാലേട്ടനോടും പറഞ്ഞുവെച്ചേക്കാം”. എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്കത് ദൃശ്യം ആദ്യഭാ​ഗം മുതലേ അറിയാവുന്ന കാര്യമാണ്. ജീത്തുവിനെ നേരത്തേ തന്നെ പരിചയമുണ്ട്. കഥ കേട്ട് കഴിഞ്ഞാൽ ഇത് വർക്കബിൾ ആണോയെന്ന് ആന്റണി പെരുമ്പാവൂരിന് പെട്ടെന്ന് മനസിലാകും. ‘ഇതിൽ ഒരു കണ്ടന്റ് ഉണ്ടോ? ഇത് ഹിറ്റാകുമോ?’ എന്ന്. ഒരു മിടുക്ക് ആണത്. സ്ക്രിപ്റ്റ് വായനയിലും ആന്റണി പെരുമ്പാവൂർ അങ്ങനെ തന്നെയാണ്. സ്ക്രിപ്റ്റ് വായിച്ച് ആദ്യം വിളിച്ചതും അദ്ദേഹമാണ്. എന്താണ് പ്രേക്ഷകർക്ക് വേണ്ടത്? മോഹൻലാലിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ജീത്തു-ലാൽ കോംബോയിൽ ഒരു ത്രില്ലർ വരുമ്പോൾ പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന എക്സൈറ്റ്മെന്റ് എന്താണ് എന്നെല്ലാം ആന്റണിക്ക് അറിയാം. പെട്ടെന്ന് റെസ്പോൻഡ് ചെയ്യും.

ദൃശ്യത്തിന്റെ (2013) കഥ കേട്ട ശേഷമുള്ള ആന്റണി പെരുമ്പാവൂരിന്റെ റെസ്പോൺസിനേക്കുറിച്ച് ജീത്തു അന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ജീത്തു ദൃശ്യത്തിന്റെ കഥ പറഞ്ഞ ശേഷം രണ്ടാമതൊരു ചോദ്യത്തിന് പോലും ആന്റണി നിന്നില്ല. പറഞ്ഞുതീർന്ന് അപ്പോൾ തന്നെ കൈ കൊടുത്തു. “നമ്മൾ ചെയ്യുന്നു, നമ്മൾ മുന്നോട്ട് നീങ്ങുന്നു.” അദ്ദേഹം നിർമ്മിക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റ് ആകുന്നത് മനസിൽ ഈ സ്പാർക്ക് ഉള്ളതുകൊണ്ടാണ്. അത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ചിലപ്പോൾ ചില തിരക്കഥ നന്നായെന്നും സിനിമയിൽ അത് എത്തിയില്ലെന്നും വരാം. തിരക്കഥ അൽപം മോശമായും സിനിമയിൽ നന്നായും വരാം. ഇത് വിജയ ഫോർമുലയാണെന്ന പെട്ടെന്നുള്ള ആ ജഡ്ജ്മെന്റ് ഒരു പ്രത്യേക കഴിവ് തന്നെയാണ്.

മോഹൻലാലിന് വേണ്ടി എഴുതിയ കഥയാണോ ട്വൽത് മാൻ?

ഒരു കഥയും തിരക്കഥയും എഴുതുമ്പോൾ സ്വാഭാവികമായും ഹീറോ ഓറിയന്റഡ് ആയിരിക്കുമല്ലോ. കഥ ആയിക്കഴിയുമ്പോഴാണ് അത് ലാലേട്ടന് ഇഷ്ടപ്പെട്ടെന്ന് സംവിധായകൻ പറയുന്നത്. അപ്പോൾ തീർച്ചയായും തിരക്കഥയെഴുതുമ്പോൾ മോഹൻലാൽ മനസിലുണ്ടാകും.

കാസ്റ്റിങ്ങിൽ എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയോ?

സ്ക്രിപ്റ്റ് വെച്ച് കൂട്ടായി ഡിസ്കസ് ചെയ്താണ് ബാക്കി കാസ്റ്റിങ്ങ് നടത്തുന്നത്. ആരൊക്കെയുണ്ടെന്ന് അടുത്ത ഘട്ടത്തിലാണ് അനൗൺസ് ചെയ്യുക. ഡേറ്റുകൾ കൂടി ഉറപ്പിക്കാനുണ്ട്. ഉടനുണ്ടാകും.

ട്വൽത് മാനിൽ വലിയ താരനിരയുണ്ടോ?

ആർടിസ്റ്റുകൾ ഉണ്ട്. പോസ്റ്ററിൽ തന്നെ 12 പേരെ കാണിച്ചിട്ടുണ്ടല്ലോ. അവർക്കിടയിൽ ‌നടക്കുന്ന കഥയാണ്. യുവനിരയിൽ നിന്ന് അത്യാവശ്യം നല്ല സ്റ്റാർ കാസ്റ്റുണ്ട്.

ബജറ്റ് എങ്ങനെയാണ്?

വൻ ബി​ഗ് ബജറ്റ് എന്ന് പറയാനാകില്ലെങ്കിലും കണ്ടന്റിന്റെ കാര്യത്തിൽ ഒരു കുറവുമുണ്ടാകില്ല. സിനിമയുടെ പ്രധാനപ്പെട്ട ഭാ​ഗം മുഴുവൻ നടക്കുന്നത് ഒരു ലൊക്കേഷനിലാണ്. അതുകൊണ്ടാണ് ഷൂട്ട് താരതമ്യേന എളുപ്പത്തിൽ തീർക്കാനാകുമെന്ന പ്രതീക്ഷ. ലൈറ്റപ്പ് ചെയ്യുന്ന സമയമുൾപ്പെടെ ലാഭിക്കാം. സമയം മാത്രമാണ് ലാഭിക്കുന്നത്. ആർടിസ്റ്റിന്റെ കാര്യത്തിലോ, ആർട് വർക്കിലോ, ക്രിയേറ്റീവ് വർക്കിലോ ഒന്നും ഒരു കോംപ്രമൈസും ഉണ്ടാകില്ല. ജീത്തു പെട്ടെന്ന് ഷൂട്ട് ചെയ്യുന്ന ആളുമാണ്. ഇതു കുറച്ചുകൂടി എളുപ്പത്തിൽ ചെയ്യുന്നെന്ന് മാത്രം. നല്ല എഫേർട്ടിടുന്നുണ്ട്.

ബറോസ്, റാം എന്നീ ചിത്രങ്ങൾ കഴിഞ്ഞ് നടക്കേണ്ടതായിരുന്നു ട്വൽത് മാൻ. കൊവിഡ് സാഹചര്യ പോലും ഈ ചിത്രത്തിന് ഒരു സൗകര്യമായി വരികയാണുണ്ടായത്.

യുവ നടനെ വെച്ച് ആലോചിക്കുന്ന ചിത്രവും ത്രില്ലറാണെന്ന് പറഞ്ഞു. അതാണോ ഇഷ്ടപ്പെട്ട ഴോൺറ?

എല്ലാം ഇഷ്ടമാണ്. തിരക്കഥ തീർന്ന മറ്റൊരു കഥയിൽ ഇപ്പോൾ ചർച്ച നടക്കുന്നുണ്ട്. ആർടിസ്റ്റിനും ആർടിസ്റ്റിനും കഥയൊക്കെ ഇഷ്ടപ്പെട്ടു. പ്രൊജക്ട് മുന്നോട്ട് നീങ്ങുന്നു. അത് പൂർണമായും വ്യത്യസ്തമായ ഒന്നാണ്. നാട്ടിൻപുറത്ത് നടക്കുന്ന ഒരു ചെറിയ കഥയാണ്. ബ്ലാക്ക് ഹ്യൂമറൊക്കെയുള്ള ഒരു ചിത്രം. ത്രില്ലറുമായി യാതൊരു ബന്ധവുമില്ലാത്ത ഫീൽ ​ഗുഡ് മൂവി.

ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഏതൊക്കെയാണ്?

ഒ വി വിജയനെ വളരെയധികം ഇഷ്ടമാണ്. ഖസാക്കിന്റെ ഇതിഹാസം പ്രിയപ്പെട്ട പുസ്തകമായി മനസിൽ കൊണ്ടുനടക്കുന്നു. ബഷീറിന്റേയും എംടിയുടേയുമൊക്കെ പുസ്തകങ്ങൾ വായിച്ചിട്ടാണല്ലോ നമ്മൾ വളരുന്നത്. പ്രധാനപ്പെട്ട എഴുത്തുകാരെയെല്ലാം ഇഷ്ടമാണ്. ചെറുകഥയിൽ ടി പത്മനാഭനെയാണ് ഏറ്റവും ഇഷ്ടം. എത്ര മനോഹരമായാണ് അദ്ദേഹം ചെറുകഥ എഴുതുന്നത്. പല തരത്തിലുള്ള ഇഷ്ടങ്ങളുള്ളതാണ് എന്റെ വായന.

സിനിമയും എഴുത്തും ചേർന്ന ഒരു ജീനിയസായി തോന്നിയത് പത്മരാജൻ സാറിനെയാണ്. അദ്ദേഹത്തിന്റെ സാഹിത്യവും സിനിമകളും ഇഷ്ടമാണ്. എന്റെ നാട്ടുകാരനുമാണ്, ഓണാട്ടുകര.

കലാ സാംസ്കാരിക രം​ഗത്ത് വളരെ സമ്പന്നമായ ഒരു മണ്ണാണല്ലേ ഓണാട്ടുകര?

ഒരുപാട് സിനിമാക്കാരുള്ള സ്ഥലമാണ്. സന്തോഷ് ശിവന്റെ ഫാമിലി. ശ്രീകുമാരൻ തമ്പി സാർ, എംജി ശ്രീകുമാറിന്റെ ഫാമിലി ഇതെല്ലാം എന്റെ ചുറ്റുവട്ടത്തുള്ള വീടുകളാണ്. മാധ്യമപ്രവർത്തകരും ധാരാളമുണ്ട്. ദേശാഭിമാനി ഫോട്ടോ​ഗ്രാഫർ രവികുമാർ ഹരിപ്പാട്ടുകാരനാണ്. ശിവറാം ഓണാട്ടുകാരനായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ അവാർഡൊക്കെയുണ്ട്. നരേന്ദ് പ്രസാദ് സാർ അകന്ന ബന്ധുകൂടിയാണ്.

എന്താണ് ഓണാട്ടുകരയുടെ പ്രത്യേകത?

ഇപ്പോൾ നിളയുടെ തീരത്ത് ജനിച്ചുവളരുന്നവരെ അവിടുത്തെ സംസ്കൃതി സ്വാധീനിക്കുമല്ലോ. കഥകൾക്ക് പഞ്ഞമുണ്ടാകില്ല. ഓണാട്ടുകര ഒരുപാട് മിത്തുകൾ ഉള്ള സ്ഥലമാണ്. ഏറ്റവും കൂടുതൽ ക്ഷേത്രങ്ങളും ഉത്സവങ്ങളും ആചാരങ്ങളുമെല്ലാമുള്ള ഒരു സ്ഥലമാണ് ഓണാട്ടുകര എന്നെനിക്ക് തോന്നുന്നു. പള്ളികളും അമ്പലങ്ങളും തമ്മിലുള്ള ചില ചരിത്രങ്ങൾ. ചമ്പക്കുളം വള്ളം കളി ഉദാഹരണമായെടുക്കാം. അമ്പലപ്പുഴ ക്ഷേത്രവുമായും രാജാവുമായും ചമ്പക്കുളത്തെ ക്രിസ്ത്യൻ കുടുംബങ്ങളുമായെല്ലാം ബന്ധപ്പെട്ട് ചരിത്രം കിടക്കുകയാണ്. മിത്തുകളും ചരിത്രവുമായി കൂടിക്കുഴഞ്ഞ് ഒരുപാട് കഥകൾ ഓണാട്ടുകരയിലുണ്ട്. അത് തീർച്ചയായും ഇൻഫ്ലുവൻസ് ചെയ്യും.

ഇപ്പോൾ വരാൻ പോകുന്ന ഒരു ചരിത്രസിനിമ ഓണാട്ടുകരയുമായി ബന്ധപ്പെട്ടതാണ്. രണ്ട് വർഷം മുൻപ് അതൊരു സംവിധായകനോട് ഡിസ്കസ് ചെയ്തിരുന്നു. 19-ാം നൂറ്റാണ്ടിലെ പണിക്കരുടെ കഥ ‘കല്ലിശ്ശേരി ചേകവൻ’ എന്ന പേരിൽ ഞാൻ ആലോചിച്ച സബ്ജക്ടാണ്. കല്ലിശ്ശേരി തറവാട് ഞാൻ പഠിച്ച സ്കൂളിന്റെ അടുത്താണ്. അതുപോലെ ഒത്തിരി കഥകൾ. തിരുവതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട് നമ്മൾ കേട്ടിട്ടില്ലാത്ത കഥകളുണ്ട്. എഴുത്തുകാരും പാട്ടുകാരും കഥകളിയുമൊക്കെയായി ഇഷ്ടം പോലെ ആളുകൾ.

വടക്കൻ കേരളം പോലെ ഒരു സാംസ്കാരിക ബെൽറ്റാണ് ഓണാട്ടുകര. ചെട്ടികുളങ്ങര ക്ഷേത്രവുമായും വി​​ഗ്രഹവുമായും ബന്ധപ്പെട്ടു തന്നെ എത്ര കഥകൾ. അവിടങ്ങളിലൊക്കെ നടക്കുമ്പോൾ പഴയ സംഭവങ്ങൾ കിട്ടും. അതൊന്നും നമുക്ക് സിനിമയാക്കാൻ കഴിഞ്ഞേക്കില്ല. പക്ഷെ, നമുക്ക് സിനിമയുടെ ഏതെങ്കിലും ഇടത്തിൽ ആ സം​ഗതികൾ ഉപയോ​ഗിക്കാൻ കഴിയും.

കാക്കനാട് മീഡിയ അക്കാദമിയിലെ പഠനശേഷം നേരെ അഡ്വർടൈസിങ് ലോകത്തേക്കാണല്ലേ പോയത്?

അതെ. 20 വര്‍ഷമായി പരസ്യരംഗത്തുണ്ട്. ആഡ് ഏജൻസി സ്വന്തമായി തുടങ്ങിയതിന് ശേഷം ഒന്നര വർഷത്തോളം ഒരു ഓൺലൈൻ പത്രത്തിന്റെ എഡിറ്ററായിരുന്നു. കേരളാ വേൾഡ് എന്ന പേരിൽ. മലയാളത്തിലെ ആദ്യ ഓൺലൈൻ പത്രമാണത് എന്ന് തോന്നുന്നു. 2000ൽ ആണ് അത് ആരംഭിച്ചത്. ഒരുപാട് മുന്നിലായിപ്പോയതുകൊണ്ട് നിർത്തേണ്ടി വന്നു. അന്ന് ഓൺലൈൻ വാർത്താ വിതരണത്തിന് ഇന്നത്തേപ്പോലെ സമൂഹമാധ്യമങ്ങളൊന്നും ഇല്ല. 2010ലായിരുന്നു തുടങ്ങിയതെങ്കിൽ വിജയിച്ചേനെ.

ജേണലിസത്തിലേയും അഡ്വർടൈസിങ്ങിലേയും പരിചയം സ്ക്രിപ്റ്റ് റൈറ്റിങ്ങിൽ ​ഗുണം ചെയ്തിട്ടുണ്ടോ?

തീർച്ചയായും. ജേണലിസത്തിൽ നമ്മൾ ചുറ്റുപാടിൽ നിന്നാണല്ലോ വാർത്ത കണ്ടെടുക്കുന്നത്. അതിന് നല്ല ഒബ്സർവേഷൻ ആവശ്യമാണ്. അതുപോലെ തന്നെയാണ് കഥയും കണ്ടെടുക്കുന്നത്. ചുറ്റുപാടുകളിൽ നിന്ന്, ആളുകളിൽ നിന്ന്, വാർത്തകളിൽ നിന്നൊക്കെയാണ് കഥകളുണ്ടാകുന്നത്. ഒരു സീനെഴുതുമ്പോൾ അതിന്റെ ഡീറ്റെയ്ലിങ്ങിലേക്ക് പോകാൻ ജേണലിസ്റ്റിക് ഒബ്സർവേഷൻ നന്നായി ഉപയോ​ഗപ്പെടുന്നുണ്ട്.

ഒരു കോപ്പിറൈറ്ററും സിനിമയിലെ സ്ക്രിപ്റ്റ് റൈറ്ററും തമ്മിൽ വലിയ വ്യത്യാസമുണ്ട്. കോപ്പി റൈറ്റിങ്ങിൽ ഒരു ആശയം ഒരു വരിയിലോ രണ്ട് വാചകത്തിലോ അല്ലെങ്കിൽ 20 സെക്കൻഡിലോ അവതരിപ്പിക്കേണ്ട ബാധ്യതയുണ്ട്. അതൊരു ചലഞ്ചാണ്. 70 സീനുള്ള സിനിമയിൽ കുറേക്കൂടി സ്വാതന്ത്ര്യമുണ്ട്. സിനിമയിൽ പ്രേക്ഷകന്റെ മനസിലേക്ക് കഥയും കഥാപാത്രവും കയറ്റിവിടുമ്പോഴാണ് അവർ ഒപ്പം സഞ്ചരിക്കുന്നത്. തിരക്കഥയെഴുത്തിൽ അതൊരു വലിയ ചലഞ്ചാണ്.

പരസ്യമെഴുതുമ്പോൾ വൈൽഡായി ചിന്തിക്കണം. അത് തിരക്കഥയിലും ​ഗുണം ചെയ്യും. ക്രിയേറ്റീവ് തിങ്കിങ്ങ് സീക്വൻസ് എഴുതുമ്പോൾ ഐഡിയകൾ തരും.

ഹോളിവുഡ് ഉൾപ്പെടെ എല്ലാ സിനിമാ ഇൻഡസ്ട്രികളും വലിയ തോതിൽ‌ ആശയ ദാരിദ്ര്യം നേരിടുകയാണെന്നും ബയോപിക്കുകളുടേയും റീമേക്കുകളുടേയും എണ്ണം കൂടാൻ കാരണം അതാണെന്നും ഒരു അഭിപ്രായമുണ്ട്. അങ്ങനെയൊരു ആശയ ദാരിദ്ര്യമുണ്ടോ?

എന്റർടെയ്ൻമെന്റിന് ഇന്ന് ഇഷ്ടം പോലെ മാധ്യമങ്ങളുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ, മറ്റ് ചാനലുകൾ. പത്തിരട്ടി പ്രൊഡക്ടുകൾ ഉണ്ടാകുന്നുണ്ട്. ആശയത്തിനല്ല കണ്ടന്റിനാണ് ദാരിദ്ര്യം. ഡിമാൻഡാണ് കൂടിയത്. അത് മീറ്റ് ചെയ്യാൻ കഴിയുന്നില്ല. മലയാളത്തിൽ എത്രയോ നല്ല സിനിമകൾ ഇറങ്ങുന്നു. ഞെട്ടിച്ചുകളയുന്ന കണ്ടന്റുകളൊക്കെ മലയാളത്തിൽ നിന്ന് ഒടിടിയിലെത്തുന്നു. തമിഴിലും പുതുമയുള്ള ചിത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മലയാള സിനിമാ ഇൻഡസ്ട്രി വളരെ വലുതായി. കൊവിഡ് കാലത്തുപോലും 150-200 സിനിമകൾ രജിസ്റ്റർ ചെയ്തു. പ്രതിസന്ധിക്ക് ശേഷം മലയാളത്തിൽ ഓരോ വർഷവും 200 ചിത്രങ്ങൾ വരെ ഇറങ്ങാൻ സാധ്യതയുണ്ട്.

പ്രേക്ഷകരെ ഇംപ്രസ് ചെയ്യൽ ഇക്കാലത്ത് കൂടുതൽ ശ്രമകരമല്ലേ?

ഒടിടിയിൽ ഒരു സീരീസോ സിനിമയോ കാണുമ്പോൾ ഇനി ഇതിനും മുകളിൽ വേണമല്ലോ ആലോചിക്കാൻ എന്ന് തോന്നും. ലോകത്തിറങ്ങുന്ന എല്ലാ സിനിമകളും സീരീസുകളും മലയാളി പ്രേക്ഷകന്റെ വിരൽത്തുമ്പിലുണ്ട്. അദ്ദേഹത്തെ തൃപ്തിപ്പെടുത്താനുള്ള ബുദ്ധിമുട്ടാണ് മുൻപ് പറഞ്ഞ ആശയദാരിദ്ര്യത്തിൽ പ്രതിഫലിക്കുന്നത്. നമ്മൾ ഒരു സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്യുമ്പോൾ മലയാളി പ്രേക്ഷകൻ ഉടൻ തന്നെ താരതമ്യപ്പെടുത്താൻ എടുക്കുന്നത് 1957ൽ പുറത്തിറങ്ങിയ 12 ആം​ഗ്രി മെൻ ആണ്. ഐഡന്റിറ്റിയേക്കുറിച്ച് (2003) പറഞ്ഞതുപോലെ ട്വൽത് മാൻ (2017) എന്ന പേരിൽ തന്നെയുള്ള ഒരു ചിത്രത്തിന്റെ പോസ്റ്റർ ജീത്തുവിന്റെ പോസ്റ്റിൽ കമന്റായെത്തി. അതെല്ലാം കണ്ടിട്ടിട്ട് ഇരിക്കുന്നവർക്ക് മുന്നിലേക്കാണ് നമ്മൾ ചെല്ലുന്നത്. കണ്ടിന്റില്ലെങ്കിൽ ഇത് പോരാ എന്നവർ പറയും. മലയാളിയെ ഈ ഇന്റർനാഷണൽ പ്രേക്ഷകനായി കൂടെ കണ്ടാണ് തിരക്കഥ തയ്യാറാക്കുന്നത്. എല്ലാം വിലയിരുത്തുന്ന മറ്റൊരു ക്രൗഡുമുണ്ട്. അവരേയും കാണണം.

ഇഷ്ടപ്പെട്ട ഇതരഭാഷാ ചിത്രങ്ങൾ, സീരീസുകൾ ഏതാണ്?

അത് വേണോ? ഞാൻ പറയുന്ന പേരുകളിൽ നിന്ന് ചിലപ്പോൾ പ്രേക്ഷകർ ഒരു പാറ്റേൺ പ്രതീക്ഷിച്ചേക്കും. എല്ലാ ത്രില്ലറുകളും എല്ലാ നല്ല സിനിമകളും എനിക്ക് ഇഷ്ടമാണ്.

കൃഷ്ണകുമാര്‍ ജീത്തു ജോസഫിനൊപ്പം