‘കടല്‍ക്ഷോഭത്തിന് ശാശ്വതപരിഹാരം മാറ്റി പാര്‍പ്പിക്കല്‍’; കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതാകുന്നെന്ന് മുഖ്യമന്ത്രി

കേരളത്തിലെ തീരം സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന കാര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചതുകൊണ്ട് മാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരമാകുന്നില്ല എന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷയ്ക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് ‘പുനര്‍ഗേഹം’ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്.

മുഖ്യമന്ത്രി

50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകടസാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെയ്ക്കാനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൗട്ടേ ചുഴലിക്കാറ്റ് ശക്തമായതോടെ സംസ്ഥാനത്തെ തീരദേശമേഖലകളില്‍ കടലാക്രമണം നാശം വിതയ്ക്കുകയാണ്. കാസര്‍കോട് മുസോടി കടപ്പുറത്ത് രണ്ടുനില വീട് നിന്ന നില്‍പില്‍ നിലം പൊത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അഞ്ച് വീടുകള്‍ അപകടാവസ്ഥയിലാകുകയും ഒട്ടേറെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പുലിമുട്ട് അടക്കമുള്ള സ്ഥിരം സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കേണ്ടതെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്ത് തീര പ്രദേശങ്ങളിലും കടലാക്രമണം വലിയ നാശം വിതച്ചിട്ടുണ്ട്. ജഗതി, തമ്പാനൂർ  കിഴക്കേകോട്ട, കരിമഠം കോളനി, തമ്പുരാൻമുക്ക്‌, പുത്തൻപാലം, ബണ്ടുകോളനി,  ചാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ  വെള്ളം കയറി. കരമന, കിള്ളിയാറുകൾ നിറഞ്ഞു.

എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍കയറ്റമാണ് പ്രദേശവാസികള്‍ നേരിടുന്നത്. കടല്‍ കയറ്റത്തേത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ വീണ് ചെല്ലാനത്ത് കഴിഞ്ഞദിവസം ഒരാള്‍ മരിച്ചു. 50ലേറെ വീടുകളില്‍ വെള്ളം കയറി. പലരും ദുരിതാശ്വാസ ക്യാംപിലേക്ക് താമസം മാറ്റി. ചെല്ലാനം പ്രദേശത്ത് നാല് ദുരിതാശ്വാസക്യാംപുകള്‍ തുറന്നിട്ടുണ്ടെങ്കിലും കൊവിഡ് ഭീതിയില്‍ ചിലര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. വ്യാഴാഴ്ച്ച മുതലാണ് ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമായത്. കടല്‍ഭിത്തി തകര്‍ന്നുകിടക്കുകയായിരുന്ന ചെല്ലാനം ബസാര്‍, കമ്പനിപ്പടി, മാലാഖപ്പടി, കണ്ണമാലി തുടങ്ങിയ സ്ഥലങ്ങളെയാണ് കടലാക്രമണം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഗേറ്റുകളും മതിലുകളും തകര്‍ന്നു. പല വീടുകളിലേയും ഗൃഹോപകരണങ്ങള്‍ നഷ്ടമായി. റോഡുകളില്‍ വെള്ളം കയറിയത് ദുരിത്വാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നുണ്ട്. കടല്‍കയറ്റത്തിന് പരിഹാരമായി ജിയോ ട്യൂബ് സ്ഥാപിക്കണമെന്ന ആവശ്യവുമായി ചെല്ലാനം തീരദേശവാസികള്‍ സമരം ആരംഭിച്ചിട്ട് 564 ദിവസമായി.

Also Read: ‘പുതിയ തീരം സൃഷ്ടിക്കുകയാണ് വഴി’; ചെല്ലാനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കണമെന്ന് ഹൈബി ഈഡന്‍ എംപി

മുഖ്യമന്ത്രി പറഞ്ഞത്

“രൂക്ഷമായ കടല്‍ക്ഷോഭം വലിയ പ്രതിസന്ധിയാണ് തീരദേശ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒമ്പത് ജില്ലകളെ കടലാക്രമണം ബാധിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കേരളത്തിന്റെ തീരം സുരക്ഷിതമല്ലാതായിക്കൊണ്ടിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതാണ്. കടല്‍ ഭിത്തികള്‍ നിര്‍മ്മിച്ചതുകൊണ്ട് മാത്രം എല്ലായിടത്തും ശാശ്വതമായ പരിഹാരമാകുന്നില്ല എന്നുകൂടി നാം കാണേണ്ടതുണ്ട്. അപകടാവസ്ഥയില്‍ കഴിയുന്ന തീരദേശവാസികളുടെ സുരക്ഷയ്ക്കായുള്ള ഒരു ശാശ്വത പരിഹാരമെന്ന നിലയ്ക്കാണ് ‘പുനര്‍ഗേഹം’ എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. 50 മീറ്റര്‍ വേലിയേറ്റ പരിധിയില്‍ അപകടസാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്ന വീടുകളില്‍ താമസിക്കുന്നവര്‍ക്ക് അവിടെ നിന്ന് മാറി സുരക്ഷിതമായ സ്ഥലത്ത് ഭൂമി വാങ്ങാനും വീട് വെയ്ക്കാനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. നാമിപ്പോള്‍ ഒരു അടിയന്തര സാഹചര്യത്തിലാണ്. ചുഴലിക്കാറ്റ് മൂലമുള്ള കടല്‍ക്ഷോഭം കുറച്ചുദിവസം കൂടി തുടര്‍ന്നേക്കാമെന്നാണ് ലഭിക്കുന്ന മുന്നറിയിപ്പ്. അതുകൊണ്ട് ഈ ഘട്ടത്തില്‍ താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറി ആരുടേയും ജീവന്‍ അപകടത്തില്‍ പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം.”