ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം, വീടുകള്‍ വെള്ളത്തില്‍; കൊവിഡ് വ്യാപനം രൂക്ഷമായതോടെ രക്ഷാപ്രവര്‍ത്തനവും പ്രതിസന്ധിയില്‍

കൊച്ചി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂക്ഷമായതോടെ കൊച്ചിയുടെ തീരപ്രദേശമായ ചെല്ലാനത്ത് കലാക്രമണം കനക്കുന്നു. പ്രദേശത്ത് നൂറ് മീറ്ററോളം കടല്‍ കയറി. നിരവധി വീടുകളിലും വെള്ളം കയറിയ അവസ്ഥയിലാണ്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവേശിപ്പിക്കുന്നതും ദുഷ്‌കരമായിരിക്കുകയാണ്.

പലവീടുകളിലും മുട്ടൊപ്പം വെള്ളവും ചെളിയും നിറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും മഴ തുടരുന്നതിനാല്‍ ആളുകള്‍ക്ക് വിതരണം ചെയ്യുന്നതും കഴിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്.

60 ശതമാനമാണ് ചെല്ലാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ടുതന്നെ വെള്ളംകയറിയ വീടുകളില്‍നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റന്നതിലെ പ്രതിസന്ധി തുടരുകയാണ്.

വീടിന്റെ വാതില്‍ക്കല്‍ മണല്‍ചാക്കുകള്‍ നിറച്ച് വെള്ളം കയറാതിരിക്കാന്‍ ആളുകള്‍ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ശക്തിയായ കടല്‍ക്ഷോഭത്തില്‍ ഈ ചാക്കുകള്‍ ഒലിച്ചുപോവുകയാണ്.

2017ല്‍ ചെല്ലാനത്ത് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശിയതുമുതല്‍ പ്രദേശവാസികള്‍ ചെല്ലാനത്ത് കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. 2019ല്‍ ജിയോട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി നിര്‍മ്മാണം ആരംഭിച്ചിരുന്നെങ്കിലും നിര്‍മ്മാണം പകുതിപോലും പൂര്‍ത്തിയായിട്ടില്ല.

പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് ചെല്ലാനം ജനകീയ വേദിയുടെ നേതൃത്വല്‍ നടത്തുന്ന സമരം 564 ദിവസം പിന്നിട്ടു. എന്നാല്‍ പ്രശ്‌ന പരിഹാരത്തിന് അനുയോജ്യമായ പരിഹാരം കാണാന്‍ ഇതുവരെ ഭരണാധികാരികള്‍ തയ്യാറായിട്ടില്ല. ചെല്ലാനത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് ചെല്ലാനം ജനകീയ വേദി തദ്ദേശ തെരഞ്ഞെടുപ്പക്കം റദ്ദ് ചെയ്തിരുന്നു.