സിപിഐഎമ്മിന് 12, സിപിഐക്ക് 4, കേരള കോണ്‍ഗ്രസിന് ഒന്നുതന്നെ, ഗണേഷ് കുമാര്‍ രണ്ടാം ടേമില്‍; മന്ത്രിസ്ഥാനങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിസ്ഥാനം വീതംവെപ്പ് വിശദീകരിച്ച് മുന്നണി കണ്‍വീനര്‍ എ വിജരാഘവന്‍. 12 മന്ത്രിമാരാണ് രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐഎമ്മിനുണ്ടാവുക. സിപിഐയില്‍നിന്ന് നാല് അംഗങ്ങളുണ്ടാവും. വകുപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുക്കുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫിന്റെ സംസ്ഥാനകമ്മറ്റി യോഗത്തിന് ശേഷമായിരുന്നു വിജയരാഘവന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചത്.

’21 അംഗങ്ങളുള്ള സര്‍ക്കാര്‍ രൂപീകരണത്തിനാണ് തീരുമാനമെടുത്തിട്ടുള്ളത്. സിപിഐഎമ്മിന്റെ 12 പ്രതിനിധികള്‍, സിപിഐയുടെ നാല് അംഗങ്ങള്‍, കേരള കോണ്‍ഗ്രസ് എം ഒന്ന്, ജനതാ ദള്‍ എസ് ഒന്ന്, എന്‍സിപി ഒന്ന് എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ക്കുള്ള മന്ത്രിസ്ഥാനങ്ങള്‍. മുന്നണിയിലെ ചെറിയ ഘടകകക്ഷികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടെടുക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എല്ലും ആദ്യത്തെ രണ്ടര വര്‍ഷത്തേക്ക് സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് അടുത്ത രണ്ടര വര്‍ഷക്കാലം മന്ത്രിസഭയില്‍ അംഗങ്ങളാവും’, എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കര്‍ സ്ഥാനം സിപിഐഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിനുമാണ്. മന്ത്രിമാരുടെ വകുപ്പുകളെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍ഡിഎഫ് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും വിജയരാഘവന്‍ അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങില്‍ വലിയ ആള്‍ക്കൂട്ടമുണ്ടാവില്ല. മെയ് 18 ന് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ പ്രഖ്യാപിക്കും. തുടര്‍ന്ന് പുതിയ എല്‍ഡിഎഫ് നിയമസഭാകക്ഷി നേതാവ് ഗവര്‍ണറെ കണ്ട് സത്യപ്രതിജ്ഞയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്‍ജെഡിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനങ്ങളെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.