രണ്ടാം പിണറായി മന്ത്രിസഭയില്‍ മാറ്റമില്ലാതെ പിണറായി മാത്രം? കെകെ ശൈലജ തുടര്‍ന്നാല്‍ സ്പീക്കര്‍ വീണ ജോര്‍ജ്, കാത്തിരിക്കുന്നത് സസ്‌പെന്‍സെന്ന് മാതൃഭൂമി

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് മന്ത്രിസഭാ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍, 12 മന്ത്രിസ്ഥാനങ്ങള്‍ സിപിഐഎമ്മിനുണ്ടായേക്കുമെന്ന് സൂചന. കഴിഞ്ഞ മന്ത്രിസഭയില്‍ 13 മന്ത്രിമാരായിരുന്നു സിപിഐഎമ്മിനുണ്ടായിരുന്നത്. ഇത്തവണ പിണറായി വിജയനൊഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാവാനാണ് സാധ്യത. മന്ത്രിമാരില്‍ ആരെങ്കിലും തുടരുകയാണെങ്കില്‍ നറുക്ക് കെകെ ശൈലജയ്ക്കാവും. ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വനിതാ എംഎല്‍എമാരില്‍നിന്ന് വീണ ജോര്‍ജിനെയും പരിഗണിക്കുന്നുണ്ട്. കെകെ ശൈലജയെ പുതിയ മന്ത്രിസഭയിലും ഉള്‍പ്പെടുത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പുതന്നെയാവും നല്‍കുക. പിണറായി വിജയനുള്‍പ്പെടെ മറ്റാരും തുടരേണ്ടതില്ല എന്നാണ് തീരുമാനമെങ്കില്‍ ശൈലജയ്ക്ക് സ്പീക്കര്‍ സ്ഥാനം നല്‍കിയേക്കും. ഒരു വനിതയെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ധാരണയെത്തുടര്‍ന്നാണ് ഇതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു എന്നാല്‍, കെകെ ശൈലജയ്ക്ക് ആരോഗ്യം തന്നെ നല്‍കണമെന്ന ആവശ്യവും ഉയരുന്ന പശ്ചാത്തചലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അക്കാര്യത്തില്‍ തീരുമാനമായാല്‍ വീണാ ജോര്‍ജിനെയാവും സ്പീക്കര്‍ കസേരയിലെത്തിക്കുകയെന്നാണ് സൂചന. രണ്ട് വനിതാ മന്ത്രിമാര്‍ എന്നാണ് അന്തിമ തീരുമാനമെങ്കില്‍ കാനത്തില്‍ ജമീലയ്ക്കും മന്ത്രിസ്ഥാനം നല്‍കിയേക്കും.

ഇത്തവണ മുന്നണിയില്‍ സിപിഐഎമ്മിന് കൂടുതല്‍ എംഎല്‍മാരുണ്ടെങ്കിലും ഒരു മന്ത്രിസ്ഥാനം വിട്ടുകൊടുക്കാനാണ് പാര്‍ട്ടിയില്‍ ധാരണയായത്. എസി മൊയ്തീന്‍ മന്ത്രിയാവുന്നില്ലെങ്കില്‍ മുസ്ലിം പ്രാധിനിത്യം കണക്കിലെടുത്ത് പിഎം മുഹമ്മദ് റിയാസിനെയോ എഎന്‍ ഷംസീറിനെയോ ആവും പരിഗണിക്കുക.

എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെഎന്‍ ബാലഗോപാല്‍, പി രാജീവ് എന്നിവര്‍ക്ക് മന്ത്രിസ്ഥാനമുണ്ടാവും എന്നതില്‍ ഏറക്കുറെ ധാരണയായിട്ടുള്ളതാണ്. വി ശിവന്‍കുട്ടി, എംബി രാജേഷ്, സജി ചെറിയാന്‍, സിഎച്ച് കുഞ്ഞമ്പു, വിഎന്‍ വാസവന്‍, പി നന്ദകുമാര്‍, വി അബ്ദുറഹിമാന്‍ എന്നിവരെയും വിവിധ വകുപ്പുകളിലേക്ക് പരിഗണിക്കുന്നുണ്ട്. മമ്മിക്കുട്ടിയുടെ പേരും ചര്‍ച്ചകളില്‍ ഇടംനേടിയിട്ടുണ്ടെന്നാണ് വിവരം. കെടി ജലീല്‍ ഇത്തവണ മന്ത്രിസ്ഥാനത്തുണ്ടായേക്കില്ല.

സിപിഐക്ക് നാല് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറുമാവും ഉണ്ടാവുക. മന്ത്രിസ്ഥാനം ആര്‍ക്കൊക്കെ എന്ന കാര്യത്തില്‍ സിപിഐയിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പും നല്‍കാമെന്ന കാര്യത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ രണ്ട് മന്ത്രിമാര്‍ എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പാര്‍ട്ടി. എന്‍സിപി, കേരള കോണ്‍ഗ്രസ് ബി, ജെഡിഎസ്, ജനാധിപത്യ കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നിവര്‍ക്ക് ഓരോ മന്ത്രിമാര്‍വീതമുണ്ടായേക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എല്ലും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിട്ടെടുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ജെഡിഎസില്‍ മാത്യു ടി തോമസും കെ കൃഷ്ണന്‍കുട്ടിയും മന്ത്രിപദം പങ്കിട്ടെടുക്കുമെന്ന് പാര്‍ട്ടിയില്‍ തീരുമാനമായിട്ടുണ്ട്. മാത്യു ടി തോമസിനാവും ആദ്യ ടേം എന്നാണ് സൂചന.