സ്പ്രിംഗ്‌ളറില്‍ ശിവശങ്കറിന് ക്ലീന്‍ചിറ്റ്; വീഴ്ചയുണ്ടായെങ്കിലും ഉദ്ദേശം നല്ലതായിരുന്നെന്ന് രണ്ടാം സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മുന്‍ ഐടി പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കര്‍ കുറ്റക്കാരനല്ലെന്ന് റിപ്പോര്‍ട്ട്. ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്പ്രിംഗ്‌ളര്‍ കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടേതാണ് ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കിയുള്ള റിപ്പോര്‍ട്ട്.

മുന്‍ നിയമ സെക്രട്ടറി കെ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതി ഏപ്രില്‍ 24 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. പ്രതിപക്ഷ എം.എല്‍.എമാരായ പി.ടി തോമസ്, പി.സി വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമായിരുന്നു സര്‍ക്കാര്‍ ശശിധരന്‍ നായര്‍ സമിതിയെ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്.

കരാറില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും ശിവശങ്കറിന്റെ ഉദ്ദേശം മോശമല്ലായിരുന്നെന്നാണ് ശശിധരന്‍ നായര്‍ റിപ്പോര്‍ട്ട് പറയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തില്‍ അതിവേഗം തീരുമാനമെടുക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. അത് സര്‍ക്കാരിനെ കളങ്കപ്പെടുത്താനോ അഴിമതി നടത്താനോ ഉദ്ദേശിച്ചല്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് ഒന്നാം തരംഗത്തിന്റെ തുടക്കത്തിലായിരുന്നു വിവര വിശകലനത്തിനായി സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടതും പിന്നീട് വിവാദങ്ങളുണ്ടായതും. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയായിരുന്നു വിദേശ കമ്പനിക്ക് സംസ്ഥാനത്തെ ജനങ്ങളുടെ ഡാറ്റ കൈമാറുന്നെന്ന ആരോപണമുന്നയിച്ച് ആദ്യം രംഗത്തെത്തിയത്. കരാറുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ പങ്ക് പിന്നീട് ചോദ്യം ചെയ്യപ്പെടുകയായിരുന്നു. കൂടിയാലോചനകളില്ലാതെ ശിവശങ്കര്‍ സ്വയം തീരുമാനമെടുക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം. വിവാദം ശക്തമായതിന് പിന്നാലെ കരാറില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ചെയ്തു.

ശിവശങ്കറിനെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെ ശിവശങ്കര്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ തീരുമാനമെടുത്തത് ഗുരുതര വീഴ്ചയാണെന്നായിരുന്നു കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കിയത്. ഇക്കാര്യം ശരിവെച്ചാണ് ശശിധരന്‍ നായര്‍ സമിതിയുടെ റിപ്പോര്‍ട്ടെങ്കിലും ശിവശങ്കറിന് ദുരുദ്ദേശമില്ലായിരുന്നു എന്നതിലേക്കാണ് പുതിയ റിപ്പോര്‍ട്ടിലെ പ്രധാന ഊന്നല്‍.