ചെന്നൈ: ദളിത് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എയെ തമിഴ്നാട് നിയമസഭയിലെ കക്ഷിനേതാവായി തീരുമാനിച്ച് കോണ്‍ഗ്രസ്. ശ്രീപെരുമ്പത്തൂര്‍ എംഎല്‍എ ശെല്വപെരുന്തഗൈയെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായി കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെഎസ് അഴഗിരിയാണ് പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് എംപി എസ് ജ്യോതിമണി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ശെല്വപെരുന്തഗൈയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് ആദ്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചു.
234 അംഗ നിയമസഭയില്‍ 18 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് കോണ്‍ഗ്രസ്.
കുറഞ്ഞത് നാലോളം മുതിര്‍ന്ന എംഎല്‍എമാരാണ് കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് എന്ന സ്ഥാനത്തിനുള്ള മത്സരത്തിനുണ്ടായിരുന്നത്. കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി വൈദ്യലിംഗം എംപിയും ഓരോ എംഎല്‍എമാരെയും കണ്ട് അഭിപ്രായം തേടിയിരുന്നു. അതിന് ശേഷമാണ് ശെല്വപെരുന്തഗൈയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് കൊണ്ടുള്ള പ്രഖ്യാപനം വന്നത്.