എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു; ‘ഭാവി നിലപാട് ആലോചിച്ച് തീരുമാനിക്കും’

പാലക്കാട്: മുന്‍ എംഎല്‍എയും പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എവി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിലെ സ്വന്തം വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.

പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രക്ക് താനൊരു തടസ്സമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് എവി ഗോപിനാഥ് പറഞ്ഞു. താന്‍ എവിടേക്ക് പോകുന്നുവെന്നതില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രസ്ഥാനം ഹൃദയത്തില്‍ നിന്നും ഇറക്കിവെയ്ക്കാന്‍ സമയമെടുക്കും. സാഹചര്യങ്ങള്‍ പഠിച്ച ശേഷം ഭാവിനടപടികള്‍ തീരുമാനിക്കും. ആരുടെയും അടുക്കളയില്‍ എച്ചില്‍ നക്കാന്‍ പോകാന്‍ താനില്ലെന്നും എവി ഗോപിനാഥ് പറഞ്ഞു.

പ്രതീക്ഷക്കനുസരിച്ച് നേതാക്കള്‍ക്ക് ഉയരാന്‍ കഴിയുന്നില്ല എന്ന ചിന്ത ദീര്‍ഘനാളായി തന്നെ അലട്ടുന്നു. പ്രതീക്ഷ ഇല്ലാത്ത യാത്ര അവസാനിപ്പിക്കാന്‍ മനസ്സ് പറയുന്നുണ്ടായിരുന്നു. പുനസംഘടനയുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം ശരിയാണ് അതിനെ താന്‍ അംഗീകരിക്കുന്നു. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയില്‍ താന്‍ തടസ്സക്കാരനാണോ എന്ന സംശയമുണ്ടായിരുന്നു. ആ സംശയത്തിന് തീര്‍പ്പുണ്ടാക്കുകയാണ്. നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനത്തിലേക്ക് എത്തിയത്. ഇതാണ് തന്റെ അന്തിമ തീരുമാനം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും താന്‍ രാജിവെച്ചതായി പ്രഖ്യാപിക്കുന്നുവെന്നും ഗോപിനാഥ് പറഞ്ഞു.

ഈ നിമിഷം മുതല്‍ താന്‍ കോണ്‍ഗ്രസുകാരനല്ലാതായിരിക്കുന്നു. ഒരു പാര്‍ട്ടിയിലേക്കും താന്‍ ഇപ്പോള്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കും. വിശദമായ വിശകലനങ്ങള്‍ക്കും ആലോചനകള്‍ക്കും ശേഷം തന്റെ ഭാവി രാഷ്ട്രീയ നടപടി പ്രഖ്യാപിക്കും. ആരുടെയും അടുക്കളയില്‍ എച്ചില്‍ നക്കാന്‍ താന്‍ പോയിട്ടില്ല. എച്ചില്‍ നക്കിയ ശീലം ഗോപിനാഥിന്റെ നിഘണ്ടുവിലില്ല. പ്രത്യേക ജനുസ്സാണ് താനെന്ന് പലരും പറയും. പ്രത്യേക ജനുസ്സായതിനാലാണ് താന്‍ കോണ്‍ഗ്രസിനൊപ്പം നിന്നത്. ഹൃദയത്തില്‍ ഈശ്വരനായി പ്രതിഷ്ഠിച്ച കരുണാകരനോട് നന്ദി പറയുന്നു. എല്ലാവര്‍ക്കും നന്ദി പറയുന്നു. സിപിഐഎം ഉള്‍പ്പെടെ ഉള്ള പാര്‍ട്ടികളുമായി അയിത്തമില്ല. തനിക്കൊപ്പമുള്ള ഒരാളെയും കോണ്‍ഗ്രസ് മാറാന്‍ പ്രേരിപ്പിക്കുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.

മുന്‍ ആലത്തൂര്‍ എംഎല്‍എയാണ് എവി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡണ്ടായി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വവുമായി ഗോപിനാഥ് ഇടഞ്ഞിരുന്നു.

നിയമസഭ സീറ്റ് ലഭിക്കാതിരുന്ന ഗോപിനാഥിന് ഡി.സി.സി അധ്യക്ഷ സ്ഥാനം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ അതിലിടം കണ്ടെത്താന് കഴിയാത്തതിനെ തുടര്‍ന്നാണ് ഗോപിനാഥിന്റെ പടിയിറക്കം.