സെര്‍ജിയോ റാമോസ്: മാഡ്രിഡിന്റെ ഹൃദയം കാത്ത, വാഴ്ത്തുകവിതകളില്‍ ഇടം കിട്ടാതെ പോയ നിര്‍ദ്ദയനായ ഡിഫന്‍ഡര്‍

അത്‌ലറ്റിക്കോ മാഡ്രിഡ് ക്യാമ്പില്‍ ആഘോഷം തുടങ്ങി കഴിഞ്ഞു. ആദ്യപകുതിയിലെ ഗോഡിന്റെ ഗോളില്‍ മുന്നിട്ടു നില്‍ക്കുന്ന അവരെ മറികടക്കാന്‍ റയല്‍ കളിക്കാരുടെ ഓരോ ശ്രമങ്ങളും കരുത്തുറ്റ പ്രതിരോധത്തില്‍ തട്ടി തകരുകയാണ്. അത്‌ലറ്റിക്കോ പ്രതിരോധനിരയുടെ ഓരോ ക്ലിയറന്‍സും ബ്ലോക്കും തകര്‍ക്കുന്നത് ടെലിവിഷന് മുന്നിലും ഗാലറിയിലും അക്ഷമരായി കാത്തിരിക്കുന്ന ഒരുപാടു ഹൃദയങ്ങളെ കൂടിയാണ്. റയലിന്റെ ഓരോ നീക്കത്തിലുമുണരുന്ന പ്രതീക്ഷകള്‍ക്കൊപ്പം ഉണരുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടിരുന്ന ഓരോ മാഡ്രിഡിസ്റ്റയും ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിലേക്ക് കടക്കുമ്പോള്‍ ഏതാണ്ട് പൂര്‍ണമായും ഹതാശരായി കഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ അത്‌ലറ്റിക്കോക്ക് ഒരേയൊരു മിനുട്ട് കടന്നു കിട്ടിയാല്‍ മതിയെന്ന അവസ്ഥയില്‍ അവസാന മിനുട്ടിന്റെ അവസാന പാദത്തില്‍ ലുക്കാ മോഡ്രിച്ചിന്റെ കോര്‍ണര്‍. മോഡ്രിച്ച് സിംപ്ലി കേള്‍സ് ഇറ്റ്..പെര്‍ഫക്ട് ഡെലിവറി. രണ്ടു ടീമിന്റെയും ഏകദേശം മുഴുവന്‍ കളിക്കാരും ആ ബോക്‌സിലുണ്ട്. റൊണാള്‍ഡോയും ബെയിലും ബെന്‍സേമയും അടങ്ങിയ പൊട്ടന്‍ഷ്യല്‍ ഗോള്‍ ത്രെട്ടുകള്‍ ബോക്‌സില്‍ അത്‌ലറ്റിക്കോ കളിക്കാരില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സമയത്ത് റയലിന്റെ നാലാം നമ്പര്‍ ഡിഫന്‍ഡറാണ് വായുവിലുയര്‍ന്നു മോഡ്രിച്ചിന്റെ ഡെലിവറി കൃത്യമായി മീറ്റ് ചെയ്യുന്നത്. കുര്‍ട്ടോയുടെ അപാരമായ റീച്ചിന് അപ്പുറത്തേക്ക് മനോഹരമായി പ്ലേസ് ചെയ്ത തകര്‍പ്പന്‍ ഹെഡ്ഡര്‍. വല കുലുങ്ങുമ്പോള്‍ കുനിഞ്ഞിരുന്ന ഒരുപാട് ശിരസ്സുകള്‍ ഉയരുന്നുണ്ട്. എക്‌സ്ട്രാ ടൈമില്‍ മാനസികമായി തളര്‍ന്ന അത്‌ലറ്റിക്കോയെ അനായാസം വീഴ്ത്തി റയല്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയപ്പോള്‍ റയലിന്റെ പത്തു കൊല്ലത്തിലധികം നീണ്ട കാത്തിരിപ്പിന് വിരാമമിടുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ച പൈവട്ടല്‍ മോമെന്റ് പിറന്നത് സെര്‍ജിയോ റാമോസിന്റെ തലയില്‍ നിന്നായിരുന്നു. പിന്നീടൊരുപാട് തവണ ആവര്‍ത്തിച്ച ദൃശ്യം.

ഗോളടിയന്ത്രങ്ങള്‍, മിഡ് ഫീല്‍ഡ് മാന്ത്രികര്‍, കാണികളെ അഭിരമിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ ഒരുപാടുണ്ട് ഫുട്‌ബോളില്‍. ഒരു ഡിഫന്‍ഡറെന്നത് പൊതുവെ ആവേശം പകരുന്നൊരു ദൃശ്യമേയല്ല എന്നത് കൊണ്ടാകണം കാലാകാലങ്ങളായി ഇവിടത്തെ സ്‌പോര്‍ട്‌സ് ലേഖകര്‍ മുഖ്യധാരാ പത്രങ്ങളിലൂടെ വരച്ചിടുന്ന വാഴ്ത്തുപാട്ടുകളിലോ കവിതകളിലോ നിര്‍ദ്ദയനായ ഒരു ഡിഫന്‍ഡര്‍ക്ക് ഇടമേയുണ്ടായിരുന്നില്ല. വണ്‍ ഓഫ് ദ ഗ്രെറ്റസ്റ്റ് എന്ന വിശേഷണത്തേക്കാള്‍ വണ്‍ ഓഫ് ദ ഫിയെഴ്‌സസ്റ്റ് കോമ്പറ്റിറ്റര്‍ എന്ന വിശേഷണമാണ് റാമോസിന് യോജിക്കുക. ഏരിയല്‍ ബോളുകളില്‍ മികവ് കാട്ടുന്ന ഡിഫന്‍ഡര്‍മാര്‍ കുറേയേറെയുണ്ട്.

ഇതേ കഴിവ് ഉപയോഗിച്ച് എതിര്‍ ഗോള്‍മുഖത്തൊരു ത്രെട്ട് ആയി മാറുന്നതിലൂടെയാണ് റാമോസ് വ്യത്യസ്തനായത്. സെറ്റ് പീസ് സാഹചര്യങ്ങളില്‍ ഒരു ഗോള്‍ ഭീഷണിയായി റാമോസ് കൂടെ കടന്നുവരുന്നത് എതിര്‍ പ്രതിരോധനിരകളുടെ മാര്‍ക്കിങ് എന്ന ജോലിയെ അത്യന്തം ദുഷ്‌കരമാക്കിയിരുന്നു. റൈറ്റ് ബാക്ക് പൊസിഷനില്‍ നിന്നും ജോസ് മൗറിഞ്ഞോ റയലിന്റെ സെന്‍ട്രല്‍ ഡിഫന്‍സിലേക്ക് റാമോസിനെ സ്ഥിരമായി പറിച്ചു നടുന്നത് തളരാത്ത പോരാട്ട വീര്യത്തിന്റെയൊപ്പം ടെക്‌നിക്കല്‍ ക്വാളിറ്റി കൂടെ കണ്ടിട്ടായിരുന്നു. സെര്‍ജിയോ റാമോസ് എന്ന എല്‍ കപ്പിറ്റാനോ സത്യത്തില്‍ റയലിന്റെ ഹൃദയഭാഗം കാക്കാന്‍ പിറന്നവന്‍ തന്നെയായിരുന്നു. 16 സീസണ്‍ നീണ്ട റയല്‍ മാഡ്രിഡ് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ബാക്കിയാവുന്നത് ത്രസിപ്പിക്കുന്ന ഒരുപാട് ഓര്‍മകളാണ്. തിളക്കം കുറഞ്ഞ മറുഭാഗത്ത് റാമോസിന്റെ കരിയറിലെ റെഡ് കാര്‍ഡുകളുടെ എണ്ണം അയാളുടെ റെക് ലസായ, നിര്‍ദ്ദയത്വം നിറഞ്ഞുനിന്ന ടാക്കിളുകളുടെ കൂടെ പ്രതീകമാണെന്നത് വിസ്മരിക്കുന്നില്ല.

റയലിന്റെ ഭൂരിഭാഗം റൈവല്‍ കളിക്കാര്‍ക്കും ഫാന്‍സിനും ഒരിക്കലും അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയാത്തൊരു എതിരാളിയാണ് റാമോസ്. പക്ഷേ റാമോസ് ചിന്തിയ വിയര്‍പ്പ് റയലിന്റെ നേട്ടങ്ങള്‍ക്ക് വേണ്ടിയായിരുന്നു. എതിരാളികളുടെ അംഗീകാരമില്ലായ്മയോ വെറുപ്പോ അദ്ദേഹത്തിനൊരു പ്രശ്‌നമായിരുന്നുമില്ല. തന്റെ ഈഗോ പ്രദര്‍ശിപ്പിക്കാന്‍ സെര്‍ജിയോ റാമോസ് ഒരിക്കലും മടിച്ചു നിന്നിട്ടില്ല. ബട്ട് ദെന്‍ അത്തരമൊരു ഈഗോയെ ന്യായീകരിക്കുന്ന ക്വാളിറ്റിയും റാമോസിലുണ്ടായിരുന്നു. 22 കിരീടങ്ങളാണ് തെളിവ്.

സെര്‍ജിയോ റാമോസ് 2018ലെ ചാംപ്യന്‍സ് ലീഗ് കിരീടവുമായി

റയലില്‍ നിന്നും വിടപറഞ്ഞിട്ടുള്ള ഇതിഹാസങ്ങളുടെ കൂടെ സെര്‍ജിയോ റാമോസിന്റെ മുഖം കൂടെ ചേര്‍ത്ത് വെക്കപ്പെടുമ്പോള്‍ അവിടെ ആധുനിക ഫുട്‌ബോളിലെ റയല്‍ മാഡ്രിഡ് ചരിത്രം തന്നെയാണ് ആലേഖനം ചെയ്യപ്പെടുന്നത്. നെവര്‍ സേ ഡൈ അറ്റിറ്റിയുഡുമായി നിറഞ്ഞു നിന്ന നായകന്‍ അര്‍ഹിച്ചിരുന്ന ഒരു വിടപറച്ചിലിന്റെ പിന്തുണയില്ലാതെയാണ് മടങ്ങുന്നതെങ്കിലും എ മോഡേണ്‍ ഡേ ലെജന്‍ഡ് എന്ന വിശേഷണം പിടിച്ചു വാങ്ങുന്നതില്‍ നിന്നയാളെ തടയാന്‍ കഴിയില്ല. നേട്ടങ്ങളുടെ ലിസ്റ്റ് എത്ര നീണ്ടതായാലും ഒരു ദിവസം ഏതൊരാള്‍ക്കും വിടപറയാതെ കഴിയില്ല എന്നിരിക്കെ റാമോസ് പടിയിറങ്ങുന്നത് റയലിന്റെ ചരിത്രത്തിലെ അനശ്വരരായ ഗോള്‍ വേട്ടക്കാര്‍ക്കും മധ്യനിരയിലെ മാന്ത്രികര്‍ക്കും ഒരിഞ്ച് പോലും പുറകിലല്ലാത്തൊരു സ്ഥാനവുമായിട്ടാണ്.

16 വര്‍ഷങ്ങള്‍, 671 മത്സരങ്ങള്‍, 101 ഗോളുകള്‍, 5 ലാലിഗ കിരീടങ്ങള്‍, 4 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍.. ദേ വില്‍ ഷുവര്‍ലി മിസ്സ് ഹിം.. സെര്‍ജിയോ റാമോസ്, വണ്‍ ഓഫ് ദ ഗ്രെറ്റസ്റ്റ് സെന്റര്‍ ബാക്ക്‌സ് ഓഫ് മോഡേണ്‍ ഇറ..

സെര്‍ജിയോ റാമോസ്