‘കരാര്‍ പൊളിയില്ല, ഇവിടത്തന്നെ കാണും’; റാമോസ് പിഎസ്ജി വിടില്ലെന്ന് ഏജന്റ്

സെര്‍ജിയോ റാമോസ് പിഎസ്ജി വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഏജന്റും സഹോരനുമായ റെനെ. പിഎസ്ജിയുമാള്ള കരാര്‍ ഉപേക്ഷിക്കുന്നതിനേക്കുറിച്ച് റാമോസ് ആലോചിക്കുന്നില്ലെന്നും പരുക്ക് മാത്രമാണ് തടസമായി മുന്നിലുള്ളതെന്നും സ്പാനിഷ് ഡിഫന്‍ഡറുടെ ഏജന്റ് വ്യക്തമാക്കി. ശാരീരികമായ ഒരു പ്രശ്‌നം മാത്രമാണുള്ളത്. കളിക്കാന്‍ കഴിയുന്ന അവസ്ഥയെത്തുമ്പോള്‍ റാമോസ് പിഎസ്ജിക്ക് വേണ്ടി മൈതാനത്തിറങ്ങുമെന്നും റെനെ പറഞ്ഞു.

സെര്‍ജിയോ റാമോസ് വിരമിക്കാനോ കരാര്‍ റദ്ദാക്കുന്നതിനേക്കുറിച്ചോ ആലോചിക്കുന്നില്ല. റാമോസിനേക്കുറിച്ച് ഒരു സംശയവും വേണ്ട.

റെനെ

അടുത്തയാഴ്ച്ച റാമോസ് പരിശീലനം ആരംഭിക്കുമെന്ന് പിഎസ്ജിയും സ്ഥിരീകരിച്ചിട്ടുണ്ട്. പരുക്കുകളില്ലാതെ ട്രെയിനിങ്ങ് തുടരാനായാല്‍ നവംബര്‍ 20ന് നാന്റെസുമായുള്ള മത്സരത്തില്‍ റാമോസ് അരങ്ങേറ്റം നടത്തും.

35കാരനായ റാമോസിന് ഈ വര്‍ഷം അഞ്ച് മത്സരങ്ങളില്‍ മാത്രമാണ് ഇറങ്ങാനായത്. പിഎസ്ജിയിലെത്തിയതിന് ശേഷവും കാലിലെ പേശിക്കുണ്ടായ പരുക്ക് വില്ലനായി. വന്‍ തുകയ്ക്ക് ക്ലബ്ബിലെത്തിച്ചിട്ടും കളിപ്പിക്കാന്‍ കഴിയാത്തതിനാല്‍ പിഎസ്ജി റാമോസുമായുള്ള കരാര്‍ റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്‍ ക്ലാസിക്കോകളില്‍ ഒരു പതിറ്റാണ്ടിലധികം മെസ്സിയെ പ്രതിരോധിച്ച സൂപ്പര്‍ ഡിഫന്‍ഡര്‍ ലിയോക്കൊപ്പം കളിക്കുന്നത് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.

നിലവില്‍ ലീഗ് വണ്ണില്‍ 13 കളികളില്‍ നിന്നും 11 വിജയവുമായി ഒന്നാം സ്ഥാനത്താണ് പിഎസ്ജി. ഫ്രഞ്ച് ലീഗ് പട്ടികയില്‍ പാരീസ് ക്ലബ്ബിന് 10 പോയിന്റിന്റെ ലീഡുണ്ട്. ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് സ്‌റ്റേജില്‍ പ്രവേശിച്ച പിഎസ്ജി ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.