‘ദിലീപ് ഫോണുകൾ ഹാജരാക്കണം’; തെളിവുകൾ നൽകാൻ നടൻ ബാധ്യസ്ഥനെന്ന് ഹൈക്കോടതി

നടൻ ദിലീപിനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകൾ അന്വേഷണത്തിനായി ഹാജരാക്കണമെന്ന് ഹൈക്കോടതി. അന്വേഷത്തിനു ആവശ്യമായ തെളിവുകൾ ഹാജരാക്കാനുള്ള ബാധ്യത ദിലീപിനുണ്ടെന്നും അത് ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ചിന് ഫോൺ നൽകാനാവില്ലെന്ന് ദിലീപ് വാദിച്ചപ്പോൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കില്ലേ എന്നും ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു.

ഫോൺ ഹാജരാക്കാനാവില്ല എന്ന് ആദ്യം നിലപാടെടുത്ത ദിലീപ് പിന്നീട് കോടതിയിൽ ഹാജരാക്കാമെന്ന് സമ്മതിച്ചു. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപിലാണ് ഫോൺ ഹാജരാക്കേണ്ടത്. ഫോണുകൾ കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് പ്രോസിക്യൂഷനും അഭിപ്രായപ്പെട്ടു. ഹരജി വാദം തുടരുന്നതിനായി ശനിയാഴ്ചത്തേക്ക് മാറ്റി.

കഴിഞ്ഞ മൂന്ന് ദിവസം ക്രൈം ബ്രാഞ്ച് നടനെ ചോദ്യം ചെയ്‌തിരുന്നു. ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട ഫോണ്‍ കൈമാറാൻ ദിലീപ് തയാറായിരുന്നില്ല. ഇത് തെളിവ് നശിപ്പിക്കാനാണെന്നും അന്വേഷണവുമായി നടൻ സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ഫോൺ തന്റെ സ്വകാര്യതയാണെന്നും അത് നൽകാനാവില്ലെന്നുമാണ് ദിലീപ് വാദിച്ചത്. ആവശ്യപ്പെട്ട ഫോണുകൾ കേസിലെ കുറ്റകൃത്യം നടന്ന സമയത്തുള്ളതല്ല, സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കാൻ ഫോണുകൾ താൻ തന്നെ ഫോറൻസിക് പരിശോധനക്ക് നൽകിയിരിക്കുകയാണെന്നും നടൻ പറഞ്ഞു. ആദ്യഭാര്യയുമായുള്ള സംഭാഷണങ്ങൾ ഫോണിലുണ്ടെന്നും ഇത് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുമെന്നും നടൻ വാദിച്ചു. കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റണമെന്നും ദിലീപ് ആവശ്യപ്പെട്ടു.

നടനെതിരെ കടുത്ത പരാമർശങ്ങളാണ് കോടതി നടത്തിയത്. ഫോൺ ആര് പരിശോധിക്കണം എന്ന് തീരുമാനിക്കേണ്ടത് ദിലീപല്ല, അന്വേഷണത്തിന് ആവശ്യമെങ്കിൽ ഫോണുകൾ കൈമാറണമെന്നും തെളിവുകൾ ഹാജരാകാനുള്ള ബാധ്യത ദിലീപിനുണ്ടെന്നും അത് ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന രേഖകൾ കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.

കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രതികൾ ഫോണുകൾ ഹാരാജാക്കാത്തത് ദുരുദ്ദേശപരമാണെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. അതിനാൽ കോടതി പ്രതികൾക്ക് നൽകിയ സംരക്ഷണം പിൻവലിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ഉണ്ടായിരുന്നതിനാലാണ് ഫോണുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുക്കാഞ്ഞതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ വ്യാഴാഴ്ച സമർപ്പിക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രോസിക്യൂഷൻ തന്നെ വ്യാഴാഴ്‌ച കോടതിയോട് ആവശ്യപ്പെടുകയും അത് പരിഗണിക്കുകയും ചെയ്‌തിരുന്നു. പിന്നീട് അപ്രതീക്ഷിത നീക്കത്തിലൂടെ കേസ് അടിയന്തിരമായി പരിഗണിക്കാൻ വെള്ളിയാഴ്ച രാവിലെ പ്രോസിക്യൂഷൻ ഉപഹരജി സമർപ്പിക്കുകയായിരുന്നു. തുടർന്നാണ് ഉച്ചയോടെ കേസ് പരിഗണിച്ചത്.

വിശദമായ വാദം കേട്ട ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിക്കൊണ്ട് കോടതി ശനിയാഴ്ച്ച ഇടക്കാല ഉത്തരവിറക്കിയിരുന്നത്. അന്വേഷണത്തോട് പൂർണമായും സഹകരിക്കണമെന്നാണ് നടനോട് കോടതി പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്യലിലും തുടർന്നുള്ള ആവശ്യങ്ങളിലും നടൻ നിഷേധാത്മക നിലപാടാണ് നടൻ സ്വീകരിച്ചത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. ക്രൈം ബ്രാഞ്ച് ഫോൺ ആവശ്യപ്പെട്ടത് നിയമപരമല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടിയിൽ നടൻ പറഞ്ഞത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നാണ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞത്.

ആദ്യം ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം കൂടി അന്വേഷണ സംഘം ചുമത്തിയിരുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു ഐപിസി 120 ബി പ്രകാരമുള്ള ആദ്യ കേസ്. എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടനെതിരെ കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ദിലീപിന്റെയും അജ്ഞാതനായ ഒരു വിഐപിയുടെയും സംഭാഷണം എന്ന തരത്തിലാണ് ശബ്ദരേഖ പുറത്തുവന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ശബ്ദരേഖയിൽ സംസാരിക്കുണ്ട്. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നതും എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ശബ്‌ദരേഖയിലുണ്ട്.

ശബ്ദരേഖ ഇങ്ങനെ:

ദിലീപ്: അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്

വിഐപി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബൈജു കെ പൗലോസ് നൽകിയ പരാതിയിലിയാണ് ക്രൈം ബ്രാഞ്ച് നടനെതിരെ കേസെടുത്തത്.

തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപ് വാദിക്കുന്നത്. എന്നാൽ ഈ ശബ്ദരേഖക്ക് പുറമേ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.