ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു; പിന്നിൽ കെഎസ്‌യു പ്രവർത്തകനെന്ന് പൊലീസ്

ഇടുക്കി പൈനാവ് എന്‍ജിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും ഏഴാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയുമായിരുന്ന ധീരജ് ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. കോളേജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിനിടയിലാണ് സംഭവം.

കെഎസ്‍യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ധീരജിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. മറ്റ് രണ്ടുപേർക്കും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അക്രമം. കോളേജില്‍ തിങ്കളാഴ്ച തെരഞ്ഞെടുപ്പായിരുന്നു. ക്യാമ്പസിൽ പൊലീസ് ഉണ്ടായിരുന്നപ്പോഴാണ് അക്രമം നടന്നതെന്ന് പ്രിൻസിപ്പൾ ജലജ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് സഹായിച്ചില്ലെന്നും വിദ്യാർഥികൾ ആക്ഷേപിക്കുന്നുണ്ട്.

സംഭവത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. കോളെജ് അനിശ്ചിത കാലത്തേക്ക് അടച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.