ബാങ്കോക്ക്: മ്യാന്മറിൽ അട്ടിമറിയിലൂടെ അധികാരം കൈക്കലാക്കിയ പട്ടാള ഭരണകൂടത്തിനെതിരെ ‘പ്രതിരോധ യുദ്ധം’ പ്രഖ്യാപിച്ച് രാജ്യത്തെ അനൗദ്യോഗിക നിഴൽ സർക്കാരായ നാഷണൽ യൂണിറ്റി ഗവൺമെന്റ്. എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേ സമയം പട്ടാളത്തിനെതിരെ അണിനിരക്കാൻ അവർ ജനങ്ങളോട് ആഹ്വനം ചെയ്തു. രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതായും പ്രതിരോധ ഗ്രൂപ്പ് പ്രസിഡണ്ട് ദുവ ലാഷി ലാ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ പറയുന്നു.
അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് യൂണിറ്റി ഗവണ്മെന്റ്. ഇവരെ അധികാരമേറ്റെടുക്കുന്നതിൽ നിന്നും തടഞ്ഞ് ജനറൽ മിൻ ഓങ് ലായിങ്ങിന്റെ നേതൃത്വത്തിലുള്ള പട്ടാളം ഫെബ്രുവരി ഒന്നിന് അട്ടിമറിയിലൂടെ രാജ്യം കയ്യടക്കുകയും ഓങ് സാങ് സൂചിയെ തടവിലാക്കുകയും ചെയ്തു. പട്ടാളം ഒരു വര്ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ രാജ്യത്തിൻറെ വിവിധ പട്ടണങ്ങളിൽ ജനങ്ങൾ പട്ടാളത്തിനെതിരെ പ്രതിഷേധം നയിച്ചുവരികയാണ്. ആയിരത്തിലധികം ആളുകൾ ഈ കാലയളവിൽ പട്ടാള നടപടികളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ.
‘മനുഷ്യത്വ രഹിതമായ യുദ്ധക്കുറ്റങ്ങളാണ് പട്ടാളം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ലോകത്തിനാകെ അറിയാം. അതിനാൽ പട്ടാളത്തിനെതിരെ ഞങ്ങൾ ജനങ്ങളുടെ പ്രതിരോധ യുദ്ധം പ്രഖ്യാപിക്കുകയാണ്. രാജ്യമൊട്ടാകെ എല്ലാ ഗ്രാമങ്ങളിലും, പട്ടണങ്ങളിലും, നഗരങ്ങളിലും ഒരേ സമയം പ്രക്ഷോഭം ആരംഭിക്കേണ്ടതുണ്ട്,’ എന്നാണ് ‘ജനകീയ വിപ്ലവത്തിന്’ ആഹ്വാനം ചെയ്തുകൊണ്ട് ലാഷി ലാ പ്രഖ്യാപിച്ചത്.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഷാഡോ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ ‘ജനകീയ പ്രതിരോധ സേനകൾ’ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. ചെറിയ അളവിലുള്ള ഗറില്ലാ ആക്രമണങ്ങൾ ഈ കൂട്ടർ പട്ടാളത്തിനെതിരെ നടത്തുകയും ചെയ്യുന്നുണ്ട്. സ്വയം ഭരണാധികാരത്തിനായി നേരത്തെ സായുധ ആക്രമണങ്ങൾ നടത്തിവന്നിരുന്ന ചില എത്നിക് സംഘങ്ങളും പ്രതിരോധ സേനക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥരോട് തങ്ങളുടെ ജോലി ഉപേക്ഷിക്കാനും പൊലീസുകാരോടും പൊതുജനങ്ങളോടും പ്രതിരോധ സേനയിൽ അണിചേരാനും ലാഷി ലാ വീഡിയോ സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. പട്ടാള ഗവണ്മെന്റിനെതിരെ എത്രയും വേഗം സായുധ ആക്രമണങ്ങൾ സംഘടിപ്പിക്കാനും തങ്ങളുടെ രാജ്യത്തിൻറെ നിയന്ത്രണം കൈക്കലാക്കാനും ആവശ്യപ്പെട്ട ലാഷി ലാ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.
യുദ്ധപ്രഖ്യാപനം മ്യാൻമറിലെ സ്ഥിതിഗതികൾ കൂടുതൽ വലിഞ്ഞുമുറുകുന്ന സ്ഥിതിയുണ്ടാക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങൾ അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി സൂപ്പർ മാർക്കറ്റുകളിൽ തിങ്ങിക്കൂടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പട്ടാള ഭരണകൂടം കൂടുതൽ സൈനികരെ വിവിധയിടങ്ങളിലായി വിന്യസിക്കുകയും ചെയ്തു. മ്യാന്മറിന്റെ അതിർത്തി പ്രദേശങ്ങളിൽ സംഘർഷങ്ങൾ കനക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലി അടുത്തയാഴ്ച ന്യൂയോർക്കിൽ കൂടാനിരിക്കെ അന്താരാഷ്ട്ര ശ്രദ്ധപിടിക്കാനുള്ള പ്രതിരോധ നേതാക്കളുടെ ശ്രമമാണ് ഇതെന്നാണ് പട്ടാളം ആരോപിക്കുന്നത്.
ചൈനയും റഷ്യയും പട്ടാള ഭരണകൂടവുമായി നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ തയാറെടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിരോധ നേതാക്കളുടെ പ്രഖ്യാപനം. എന്നാൽ പട്ടാളത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയ അമേരിക്ക തങ്ങൾ പ്രക്ഷോഭകരോടൊപ്പമാണ് എന്നാണ് അഭിപ്രായപ്പെടുന്നത്. രാജ്യത്തെ അക്രമം അവസാനിപ്പിക്കുന്നതിനായി ആസിയാനും ശ്രമങ്ങൾ ആരംഭിച്ചിരുന്നു.