‘ഒറ്റ വെട്ടിന് തീര്‍ത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്’ ; വിനീത വേണുവിന്റെ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്ന് ഷാഫി പറമ്പില്‍

മാധ്യമപ്രവര്‍ത്തക വിനീത വേണുവിന്റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. അഭിമാനത്തോടെ തല ഉയര്‍ത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളുമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെതിരെ നടക്കുന്ന തൊഴില്‍ പീഡനങ്ങളും സൈബര്‍ ആക്രമണവും രണ്ടു കൊച്ചു കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബം നേരിടുന്ന മാനസികസമ്മര്‍ദവും ചൂണ്ടിക്കാട്ടി വിനീത വേണു ഫേസ്ബുക്കില്‍ എഴുതിയിരുന്നു.

ഷാഫി പറമ്പിലിന്റെ വാക്കുകളിങ്ങനെ

‘സദാചാര പോലീസിംഗ് മുതൽ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുടെ ഭീഷണി വരെ,

ഇടത് അനുകൂല പോലീസ് ഉദ്ദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലെ വധഭീഷണി തൊട്ട് നിയമവിരുദ്ധ ട്രാൻസ്ഫറുകളുടെ ഘോഷായാത്ര, എടുക്കുന്ന തൊഴിലിനെ സംബന്ധിച്ചും നവമാധ്യമങ്ങളില്‍ ആക്ഷേപവർഷവും പരിഹാസവും സ്വഭാവഹത്യയും.

രാഷ്ട്രീയ പ്രേരിതമായി വാദിയെ പ്രതിയാക്കുന്ന അന്വേഷണ പ്രഹസനങ്ങള്‍, അപമാനിക്കല്‍, വേട്ടയാടലുകള്‍..

മാധ്യമ പ്രവർത്തക വിനീത വേണുവും ഭര്‍ത്താവും അനുഭവിക്കേണ്ടി വന്നതൊന്നും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല .ഒറ്റ വെട്ടിന് തീർത്തോളു എന്ന് പറയേണ്ട ഗതികേടിലേക്ക് നിങ്ങളെ തള്ളി വിട്ടവരുടെ ശിരസ്സാണ് കുനിയേണ്ടത്.

അഭിമാനത്തോടെ തല ഉയർത്തി അദ്ധ്വാനിച്ച് ആരേയും ഭയപ്പെടാതെ ജീവിക്കാനുള്ള ഈ കുടുംബത്തിന്റെ അവകാശത്തിന് വേണ്ടി നിലകൊള്ളും’.