‘അത് മനുഷ്യത്വമാണ്…, സെന്‍ട്രല്‍ വിസ്ത കെട്ടുന്ന അഭിനവ നീറോയ്ക്ക് മനസിലാവണമെന്നില്ല’; ബിവി ശ്രീനിവാസിനെതിരെയുള്ള ക്രൈംബ്രാഞ്ച് നീക്കത്തില്‍ ഷാഫി പറമ്പില്‍

പാലക്കാട്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പിന്തുണയറിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഷാഫി പറമ്പില്‍. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസ് ചോദ്യം ചെയ്യല്‍. രക്തവും പ്ലാസ്മയും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ ഉറവിടം മനുഷ്യത്വമാണെന്ന് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാള്‍ അയാളുടെ ചുമതലകള്‍ നിറവേറ്റുകയാണ്. ബന്ധുവിന് ഓക്‌സിജന്‍ ലെവല്‍ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോര്‍വേഡ് ചെയ്തിരുന്നു ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറില്‍ ഞാന്‍ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റല്‍ ബെഡ് കിട്ടാനുള്ള ശ്രമം അയാള്‍ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു.

ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോള്‍,
കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങള്‍ കത്തിക്കേണ്ടി വരുമ്പോള്‍, ചപ്പ് ചവറ് പോലെ ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോള്‍, ഓക്‌സിജന്‍ സിലിണ്ടറുമായി ഓടിയെത്തുന്ന, ഹോസ്പിറ്റല്‍ ബെഡും വെന്റിലേറ്ററും ഏര്‍പ്പാട് ചെയ്യുന്ന, രക്തവും പ്ലാസ്മയും തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്‌സ് എന്താണെന്ന് ഞങ്ങള് പറയാം… മനുഷ്യത്വം.

ചെറു രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെന്‍ട്രല്‍ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല