എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്!; ദ്വീപ് നിവാസികളോടൊപ്പം നില്‍ക്കണമെന്ന് ഷഹബാസ് അമന്‍

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നയങ്ങളില്‍ പ്രതിഷേധം ശക്തമാകവേ ദ്വീപ് നിവാസികളോടൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ച് ഗായകന്‍ ഷഹബാസ് അമന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷഹബാസ് അമന്‍ പറഞ്ഞത്

എല്ലാവരും ഒറ്റക്കെട്ടായി ലക്ഷദ്വീപ് നിവാസികള്‍ക്കൊപ്പം നില്‍ക്കേണ്ട സമയമാണിത്! പ്രിയ പ്രിഥ്വിരാജും ഗീതു മോഹന്‍ ദാസും മറ്റനേകം പേരും വ്യക്തി തലത്തില്‍ത്തന്നെ ഐക്യദാര്‍ഡ്യവുമായി മുന്നോട്ട് വന്നത് വളരെ വലിയൊരു കാര്യമാണു! ഇപ്പോള്‍ കൂടെ നിന്നില്ലെങ്കില്‍, ഈ പ്രതിസന്ധി ഘട്ടത്തിന്റെ തുടക്കത്തില്‍ത്തന്നെ തക്കവിധം ആരും അവരെ സഹായിച്ചില്ലെങ്കില്‍, ഒരു പക്ഷേ എത്ര ശാന്തരാണെങ്കിലും നാളെമറ്റന്നാള്‍ അവര്‍ക്കും ശത്രുക്കള്‍ക്കെതിരില്‍ നിവൃത്തിയില്ലാതെ പ്രത്യാക്രമണപരമായി ചിന്തിക്കേണ്ടി വന്നേക്കാം! അപ്പോള്‍ തുല്യദുഖിതരായ ആരെങ്കിലും (അനുഭവിച്ചനുഭവിച്ച് ക്ഷമയുടെ നെല്ലിപ്പടി കണ്ട അക്കൂട്ടരെല്ലാം ഇന്ന് തീവ്ര വാദികള്‍ എന്നാണറിയപ്പെടുന്നത്) അവരെ അതില്‍ സഹായിച്ചെന്നുമിരിക്കും! അന്ന് ‘നിസ്പക്ഷരായി’ പുറത്ത് നിന്ന് കൊണ്ട് ദ്വീപിലേക്ക് നോക്കി കളിയാക്കി വിളിച്ച്പറയരുത് ‘ചാന്തരുടെ തനിക്കൊണം കണ്ടേ’ എന്ന്!
എല്ലാവരും ഒന്നിച്ച് അണിനിരക്കുന്ന ‘സേവ് ലക്ഷദ്വീപ്’ എന്ന ഒരു ഹാഷ് ടാഗ് മതിയാകുമായിരിക്കാം ഒരുപക്ഷേ ഇന്ന് അവരെ രക്ഷിക്കാന്‍! അറിയില്ല! നാളത്തെക്കാര്യം തീരെ ഉറപ്പില്ല! കാരണം ഇത് വല്യ കച്ചവടമാണു! ബിഗ് ഡീലാണു! ഒറ്റ നോട്ടത്തില്‍ ‘സുഖലോലുപത’ എന്ന ആരും കൊതിക്കുന്ന പ്ലാനാണു പശ്ചാത്തലത്തില്‍! എന്തിനെതിര്‍ക്കണം എന്ന് ഒരു നിമിഷം ആരും ചിന്തിച്ച് പോകും! ശരിയല്ലേ? വൈന്‍ പോലും കിട്ടാതെ മണ്ടന്‍ കുണാപ്പികളുടെ കയ്യിലെന്തിനിങ്ങനെയൊരു മനോഹരദ്വീപെന്ന്! പ്രദേശത്ത് 99 ശതമാനവും മുസ്ലിംകളാണെന്ന് കൂടി അറിയുകയാല്‍ സ്വാഭാവികമായും വേറെയുമുണ്ടാകാം ചില ദുഷ്ട ആലോചനകള്‍! വെറുതെ ഇവിടെ ഊഹിക്കുന്നില്ല! അങ്ങനെ ചിന്തിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയാണു സയണിസ്റ്റുകളുടെയും ഫാഷിസ്റ്റുകളുടെയുമൊക്കെ എക്കാലത്തെയും കറകളഞ്ഞ ഇന്‍വസ്റ്റ്മെന്റും ഇന്ധനവും എന്നറിയാമല്ലൊ!
നോക്കൂ! ലോകമുതലാളിത്വവും (വിരലിലെണ്ണാവുന്നവര്‍) അവരുടെ രാഷ്ട്രീയ ഇടനിലക്കാരുമാണു ഒരു വശത്ത്! സുഖ വിഹിതം പറ്റാന്‍ വേറെ ആരൊക്കെയുണ്ടാകും ചുറ്റിനും എന്നൂഹിക്കുവാന്‍ പോലും കഴിയില്ല! ഇതിനോടൊക്കെ വേണം ഒരു പാവം ജനതക്ക് പിടിച്ച് നില്‍ക്കാന്‍! എളുപ്പമല്ല.ഹൃദയമുള്ള മനുഷ്യരുടെ വിഭാഗീയതയില്ലാത്ത പിന്തുണകൊണ്ട് മാത്രമേ അവര്‍ക്ക് എന്തെങ്കിലും ചെയ്യാനാവുന്നുണ്ടാവുകയുള്ളു! തല്‍സ്ഥാനത്ത് നാളെ ആരുമാവാം!
പ്രിയരേ..ഓരോ ജനതയും അവരവരായിരിക്കട്ടെ! സമാധാനവും സന്തോഷവും എല്ലാവരും അര്‍ഹിക്കുന്നു! പരസ്പരം സ്‌നേഹിക്കാം നമുക്ക്.പരസ്പരം വെറുക്കാതിരിക്കാം! ആരെയും നശിപ്പിക്കാതിരിക്കാം! അല്‍പ്പം കൂടി കരുണയുള്ളവരായിരിക്കാം.സമയം വല്ലാതെ വൈകിയിരിക്കുന്നു..??????

savelakshadweep

എല്ലാവരോടും നിറയേ സ്‌നേഹം….

നേരത്തെ അഭിനേതാക്കളായ പൃഥിരാജും സണ്ണി വെയ്‌നും സലിം കുമാറും ഗീതു മോഹന്‍ദാസും രംഗതെത്തിയിരുന്നു. ലക്ഷദ്വീപിനെ സംരക്ഷിക്കുക, അവിടത്തെ സഹോദരി സഹോദരന്‍മാരോടൊപ്പമാണെന്ന് സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദ്വീപ് നിവാസികള്‍ക്ക് നടന്‍ പൃഥ്വിരാജും പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ദ്വീപിലുള്ളവരെ കുടിയൊഴിപ്പിക്കാനുള്ള നിയമങ്ങള്‍ നടപ്പാക്കുകയാണെന്ന വിമര്‍ശനങ്ങള്‍ ഉയരവേയാണ് നടന്റെ പ്രതികരണം. കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലുള്ളവര്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവെയ്ക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു.

പൃഥ്വിരാജ് പറഞ്ഞത്

”കുറച്ചു ദിവസങ്ങളായി ദ്വീപുകളിലെ അറിയുന്നവരും അറിയാത്തവരില്‍ നിന്നുമായി ആശങ്കാജനകമായ സന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ നടക്കുന്നത് എന്താണെന്ന് പുറംലോകത്തെ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു അത്. ഞാന്‍ ദ്വീപ് ഭരണാധികാരികള്‍ നടപ്പിലാക്കുന്ന വിചിത്രമായ പരിഷ്‌കാരങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. അതെല്ലാം ഇതിനോടകം നിങ്ങളില്‍ എത്തിയിട്ടുണ്ടെന്നറിയാം. പക്ഷെ, എനിക്കറിയാവുന്നു ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അറിയുന്ന ദ്വീപ് നിവാസികള്‍ ആരും അല്ലെങ്കില്‍ എന്നോട് സംസാരിച്ചവരില്‍ ആരും അവിടെ ഇപ്പോള്‍ സംഭവിക്കുന്നതില്‍ ഒട്ടും സന്തുഷ്ടരല്ല. ഏത് നിയമമാണെങ്കിലും പരിഷ്‌കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകും? വളരെ മൃദുലമായ ഒരു ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് സുസ്ഥിര വികസനമാകുന്നതെങ്ങനെ. എനിക്ക് വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ട്. ജനങ്ങളിലുള്ള വിശ്വാസം അതിലും ഏറെയാണ്. ജനങ്ങളുടെ ഇഷ്ടപ്രകാരമല്ലാതെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അധികാരിയുടെ തീരുമാനങ്ങളാള്‍ ഒരു സമൂഹം മുഴുവന്‍ ദുരിതത്തിലാകുമ്പോള്‍ പ്രവര്‍ത്തിക്കുക അല്ലാതെ മാര്‍ഗമില്ല. ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം കേള്‍ക്കൂ. അവരുടെ നാടിന് എന്താണ് നല്ലതെന്ന കാര്യം അവര്‍ക്കറിയാമെന്ന് തിരിച്ചറിയൂ. ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണത്. അതിനേക്കാള്‍ നല്ല മനുഷ്യരുള്ള ഇടവും.’