ഒഴിവാക്കാനുള്ള തീരുമാനം രണ്ടാഴ്ച മുമ്പെടുത്തു; ശൈലജ ടീച്ചര്‍ അറിഞ്ഞത് സെക്രട്ടേറിയറ്റ് യോഗത്തില്‍ മാത്രം, പാര്‍ട്ടി തീരുമാനം വന്നതിങ്ങനെ

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈജയുണ്ടാവില്ലെന്ന നിര്‍ണായക തീരുമാനം ശൈലജയും മറ്റ് നേതാക്കളും ആദ്യമായി അറിഞ്ഞത് ഇന്നലെ നടന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തില്‍. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും എസ് രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ രൂപപ്പെടുത്തിയ ഈ ധാരണ മറ്റാരെയും അറിയിച്ചിരുന്നില്ല. ദിവസങ്ങള്‍ക്കമുമ്പ് ഇവരെടുത്ത തീരുമാനത്തിന്റെ പ്രഖ്യാപനം മാത്രമാണ് ഇന്നലെയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാം ദിവസം ചേര്‍ന്ന അവൈലബിള്‍ പിബി യോഗത്തില്‍ കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി മുഴുവന്‍ പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്ന്് അന്നുതന്നെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏഷ്യാനെറ്റും മറ്റ് മാധ്യമങ്ങളും നല്‍കുന്ന വിവരമനുസരിച്ച് ശൈലജയെ ഒഴിവാക്കാനുള്ള തീരുമാനം രൂപപ്പെട്ടതും നടപ്പിലായതും ഇങ്ങനെയാണ്,

മെയ് നാലിന് രാവിലെ കേരളത്തില്‍നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗം ചേര്‍ന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എസ് രാമചന്ദ്രന്‍ പിള്ളയും എംഎ ബേബിയും മാത്രമുള്ള അവൈലബിള്‍ പിബി യോഗമായിരുന്നു അത്. യോഗത്തില്‍ മന്ത്രിസഭയിലെ എല്ലാവരും പുതുമുഖങ്ങള്‍ എന്ന ആശയം പിണറായി വിജയന്‍ ആദ്യമായി അവതരിപ്പിച്ചു. കോടിയേരി ബാലകൃഷ്ണനുമായി പിണറായി ഇക്കാര്യം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പുതുമുഖങ്ങള്‍ എന്ന ആശയത്തിന് യോഗത്തിലുണ്ടായിരുന്ന നാലുപേരും തത്വത്തില്‍ അംഗീകാരം നല്‍കി.

തുടര്‍ന്ന് ഇക്കാര്യം സീതാറാം യെച്ചൂരി അടക്കമുള്ള കേന്ദ്രനേതാക്കളുമായി ചര്‍ച്ച നടത്തി. എന്നാല്‍, ആദ്യ യോഗം ചേര്‍ന്നതുമുതല്‍ ചൊവ്വാഴ്ച നടത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വരെ ഇക്കാര്യം സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ഒരാളോടുപോലും ഇക്കാര്യം പറയാതെ രഹസ്യമായി സൂക്ഷിച്ചു. ഇതിനിടയില്‍ സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നെങ്കില്‍പ്പോലും മറ്റ് വിഷയങ്ങള്‍ മാത്രമായിരുന്നു ചര്‍ച്ച. കേന്ദ്രകമ്മറ്റി അംഗം എന്നനിലയിലും മട്ടന്നൂരില്‍ ലഭിച്ച റെക്കോര്‍ഡ് ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തിലും കെകെ ശൈലജയെ മാറ്റുന്നതില്‍ സെക്രട്ടേറിയറ്റില്‍നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നേക്കും എന്ന സാധ്യത പരിഗണിച്ചാണ് ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുമുഖങ്ങള്‍ എന്ന ആശയത്തെ വലിയ പ്രാധാന്യത്തോടെ ചര്‍ച്ചയാക്കിയ സാഹചര്യത്തില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന തോന്നല്‍ ശൈലജ ടീച്ചര്‍ക്കുണ്ടായിരുന്നെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. മാധ്യമങ്ങളില്‍നിന്നും അവര്‍ പതിയെ മാറിനില്‍ക്കാനുള്ള പ്രവണത സ്വീകരിച്ചിരുന്നു. കോടിയേരി ബാലകൃഷ്ണനുമായി ഇക്കാര്യം കെകെ ശൈലജ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ സമയത്തുപോലും കോടിയേരി ഒന്നും വിട്ടുപറഞ്ഞില്ലെന്ന് മാത്രമല്ല, അത്തരമൊരു നീക്കം ഇല്ലെന്ന ഉറപ്പും നല്‍കിയിരുന്നു.

ഇതോടെ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെത്തന്നെയായിരുന്നു കെകെ ശൈലജ ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയത്. സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മറ്റ് അംഗങ്ങളെപ്പോലെ കെകെ ശൈലജയും തന്നെ ഒഴിവാക്കിയെന്നുള്ള തീരുമാനം ആദ്യമായി കേള്‍ക്കുന്നത്.

Also Read: ‘വീണയ്ക്കും വേദനകള്‍ ഉണ്ടാകാറുണ്ട്’; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി കടിച്ചു തിന്നുന്നതിനേക്കാള്‍ വേദനിപ്പിക്കുന്ന പ്രചരണങ്ങളുണ്ടായെന്ന് മുഹമ്മദ് റിയാസ്

പുതുമുഖങ്ങളെന്ന ആശയം അംഗീകരിച്ചുകൊണ്ടുതന്നെ കെകെ ശൈലജയെ ഉള്‍പ്പെടുത്തണമെന്ന കാര്യം പിന്നീട് ചേര്‍ന്നസംസ്ഥാന സമിതിയില്‍ പി ജയരാജന്‍, എംവി ജയരാജന്‍, സിഎസ് സുജാത, പി രാജേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ ഭൂരിപക്ഷം കോടിയേരി അവതരിപ്പിച്ച നിര്‍ദ്ദേശത്തിന് പിന്തുണ നല്‍കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തും മാനദണ്ഡങ്ങള്‍ തീരുമാനിച്ചത് പിണറായിയും കോടിയേരിയും എംഎ ബേബിയും എസ് രാമചന്ദ്രന്‍ പിള്ളിയും ചേര്‍ന്നായിരുന്നു. രണ്ടുടേം ജയിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കേണ്ടെന്നും അഞ്ചുമന്ത്രിമാരടക്കം 33 സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നുമുള്ള തീരുമാനം ഈ പിബി അംഗങ്ങള്‍ എടുക്കുകയും അത് സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ രണ്ട് അവസരങ്ങളിലും വിയോജിപ്പുകളും ചര്‍ച്ചകളും ഒഴിവാക്കാന്‍ ഉപകരിച്ചു.

Also Read: കെകെ ശൈലജക്ക് വേണ്ടിയുള്ള ക്യാമ്പയിനെക്കുറിച്ച് അറിയില്ലെന്ന് എ വിജയരാഘവന്‍; ‘പാര്‍ട്ടിയെടുത്ത ഗുണപരമായ തീരുമാനത്തില്‍ മാറ്റമില്ല’