ശരദ് പവാറും പ്രശാന്ത് കിഷോറും തമ്മില്‍ കൂടിക്കാഴ്ച; ലോക്‌സഭ തെരഞ്ഞെടുപ്പിനൊരുങ്ങാനോ ചര്‍ച്ച?

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും തമ്മില്‍ കൂടിക്കാഴ്ച നടന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണോ ഇരുവരുടെയും ചര്‍ച്ച എന്ന ചോദ്യം കൂടിക്കാഴ്ചയെ തുടര്‍ന്നുണ്ടായി.

ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പുകളില്‍ പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ച പാര്‍ട്ടികള്‍ വിജയിച്ചതിന്റെ സന്തോഷം രേഖപ്പെടുത്തുന്നതിന് വേണ്ടിയുള്ള യാത്രയുടെ ഭാഗമായാണ് മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിശദീകരണം. എന്നാല്‍ അതിനുമപ്പുറത്താണ് കാര്യങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വിശാല പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനാണ് യാത്രയെന്നവര്‍ പറയുന്നു.

ചര്‍ച്ചയില്‍ ദേശീയ രാഷ്ട്രീയമുള്‍പ്പെടെ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിശാല പ്രതിപക്ഷ സ്ഥാനാര്‍ത്ഥി നിര്‍ത്തുന്നതും ചര്‍ച്ചയായി.

ബിജെപിക്കെതിരെ മികച്ച വിജയം നേടിയ മമത ബാനര്‍ജിയെ മുന്നില്‍ നിര്‍ത്തി മോദിക്കെതിരെ പ്രചരണം നയിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനാണ് പ്രശാന്തിന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിശ്വസ്ഥരെ ഉള്‍പ്പെടുത്തി പാര്‍ട്ടി പുന:സംഘടന തെരഞ്ഞെടുപ്പിന് ശേഷം നടത്തിയത് ബംഗാളിന് പുറത്തേക്ക് ഇറങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.