ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കുമെതിരെ നില്ക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ചൊവ്വാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.
രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി തിങ്കളാഴ്ച നടന്ന യോഗത്തിന് ശേഷമാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം ശരദ് പവാര്‍ വിളിച്ചത്. മുന്‍ ബിജെപി നേതാവും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹയുമായും ശരദ് പവാര്‍ കൂടിക്കാഴ്ച നടന്നിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷം യശ്വന്ത് സിന്‍ഹയുടെ കൂടെ പേരിലാണ് യോഗത്തിന് പാര്‍ട്ടികളെ ക്ഷണിച്ചിരിക്കുന്നത്.
ആര്‍ജെഡി നേതാവ് മനോജ് ഥാ, ആപ് നേതാവ് സജ്ഞയ് സിങ്, കോണ്‍ഗ്രസ് നേതാവ് വിവേക് തന്‍ഹ എന്നിവരടക്കം നിരവധി കക്ഷി നേതാക്കളെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. അതേ സമയം തങ്ങള്‍ക്ക് അങ്ങനെ ഒരു ക്ഷണം ലഭിച്ചിട്ടില്ലെന്നും യോഗത്തെ കുറിച്ച് അറിയില്ലെന്നും ഡിഎംകെ പറഞ്ഞു.
രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രശാന്ത് കിഷോറും ശരദ് പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ബിജെപിയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുന്നതിന് വേണ്ടി ‘മിഷന് 2024ട നടപ്പാക്കുന്നതിന് വേണ്ടിയാണ് ഇരുവരുടെയും കൂടിക്കാഴചകള്‍ എന്നാണ് നിരീക്ഷകരുടെ പക്ഷം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെ തുടങ്ങാനാണ് ഈ കക്ഷികള്‍ ആലോചിക്കുന്നതെന്നാണ് വിവരം. യോഗി ആദിത്യനാഥിനെതിരെ ബിജെപിക്ക് അകത്ത് തന്നെ എതിര്‍പ്പുണ്ടെന്നും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്താന്‍ കഴിയും എന്നാണ് ഈ കക്ഷികളുടെ വിലയിരുത്തല്‍.