ആര്യന്‍ ഖാന് ബോഡി ഗാര്‍ഡിനെ വെയ്ക്കാനൊരുങ്ങി ഷാരൂഖും ഗൗരിയും; മാധ്യമങ്ങളോട് പ്രതികരിച്ച സഹതടവുകാരനെ വീണ്ടും പിടിച്ചകത്തിട്ട് മുംബൈ പൊലീസ്

ആര്യന്‍ ഖാന്റെ സുരക്ഷയ്ക്ക് വേണ്ടി അംഗരക്ഷകനെ ഏര്‍പ്പാടാക്കാനൊരുങ്ങി മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും. ആര്യന്റെയൊപ്പം ഒരു ബോഡി ഗാര്‍ഡിനെ വെച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമായിരുന്നില്ലെന്ന് ഷാരൂഖ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എത്രയും പെട്ടെന്ന് ഒരു ബോഡി ഗാര്‍ഡിനെ ആര്യനൊപ്പം സഞ്ചരിക്കാന്‍ നിയോഗിക്കുമെന്നും വാര്‍ത്തയുണ്ട്. രണ്ട്-മൂന്ന് മാസത്തേക്ക് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും രാത്രി വൈകി പുറത്തുപോകുന്നതില്‍ നിന്നും ആര്യന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഒരു മാസത്തോളം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആര്യന്‍ പുറത്തിറമ്പോള്‍ പൊതുസമൂഹം എങ്ങനെ പ്രതികരിക്കുമെന്നതിലും ഖാന്‍ കുടുംബത്തിന് ആശങ്കയുണ്ട്. അറസ്റ്റിലായതിന് പിന്നാലെ 23കാരനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിദ്വേഷ പ്രചരണങ്ങള്‍ നടന്നിരുന്നു. മുംബൈ ഭീകരാക്രമണം നടത്തിയ അജ്മല്‍ കസബ് തടവില്‍ കിടന്ന അതേ ജയിലിലാണ് ആര്യന്‍ കഴിയുന്നതെന്ന് ഒരു ചാനല്‍ വാര്‍ത്താ അവതാരകന്‍ പരാമര്‍ശിച്ചതും വിവാദമായി.

ഷാരൂഖിന്റെ ബോഡി ഗാര്‍ഡ് രവി സിങ്ങാണ് ആര്യനെ ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്നത്. ജാമ്യ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങുന്ന ആര്യനെ കാത്ത് വന്‍ ജനാവലിയും മാധ്യമ സംഘവും ജയിലിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. രവി സിങ്ങ് ആര്യനെ പറ്റാവുന്നത്ര വേഗത്തില്‍ ആള്‍ക്കൂട്ട തിരക്കില്‍ നിന്ന് രക്ഷിച്ച് കാറിനകത്ത് കയറ്റുകയാണുണ്ടായത്.

ആര്‍തര്‍ റോഡ് ജയിലിലേക്കെത്തുന്ന രവി സിങ്ങും ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും

അഞ്ചു പേജുകളുള്ള ജാമ്യ ഉത്തരവില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളാണ് ആര്യനോട് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍കൂര്‍ അനുമതിയില്ലാതെ രാജ്യം വിടാന്‍ പാടില്ല, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, മുംബൈയ്ക്ക് പുറത്തുപോകേണ്ടി വന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കണം, മാധ്യമങ്ങളില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തരുത്, എല്ലാ വെള്ളിയാഴ്ച്ചയും 11 മണിക്ക് എന്‍സിബി ഓഫീസില്‍ ഹാജരാകണം തുടങ്ങിയവയാണ് ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍. ആര്യന്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍സിബിക്ക് കോടതിയെ സമീപിക്കാനാകും.

അതിനിടെ ആര്‍തര്‍ റോഡ് ജയിലില്‍ ആര്യന്‍ ഖാനൊപ്പം തടവില്‍ കഴിഞ്ഞയാളെ മുംബൈ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പത്ത് ദിവസം മുന്‍പ് ജാമ്യത്തിലിറങ്ങിയ ശ്രാവണ്‍ നാടാര്‍ (44) എന്നയാളെയാണ് പൊലീസ് പിടികൂടിയത്. ആര്യന്‍ ഖാനുമായുള്ള സഹവാസത്തേക്കുറിച്ച് ശ്രാവണ്‍ നാടാര്‍ വാര്‍ത്താ ചാനലുകളോട് പ്രതികരിച്ചിരുന്നു. പത്ത് ദിവസം മുന്‍പ് പുറത്തിറങ്ങിയപ്പോള്‍ ആര്യന്‍ ഖാന്‍ ഷാരൂഖിന് ഒരു സന്ദേശം കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നെന്ന് നാടാര്‍ പറഞ്ഞു. ജയിലിലേക്ക് പണമയക്കാനായിരുന്നു അത്. താന്‍ ഷാരൂഖ് ഖാന്റെ വീടായ മന്നത്തിലെത്തിലെത്തിയപ്പോള്‍ സെക്യൂരിറ്റി അകത്ത് പ്രവേശിപ്പിച്ചില്ലെന്നും നാടാര്‍ പ്രതികരിച്ചു.

എട്ട് ലക്ഷം രൂപയുടെ ഒരു മോഷണക്കേസില്‍ നാടാറിനെ തെരയുകയായിരുന്ന തങ്ങള്‍ ഈ വാര്‍ത്താ വീഡിയോകളിലൂടെയാണ് ആളെ കണ്ടെത്തിയതെന്ന് ജൂഹു പോലീസ് പറയുന്നു. ജുഹു സ്റ്റേഷന്‍ പരിധിയില്‍ മാത്രം നാടാര്‍ക്കെതിരെ 13 കേസുകളുണ്ടെന്നും നവംബര്‍ ഒന്ന് വരെ ആളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശശികാന്ത് മാനെ പ്രതികരിച്ചു.