തനിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ.സി വേണുഗോപാലോ?, അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ശശി തരൂര്‍; ‘ബിജെപിയിലേക്കില്ല’

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ ഏറ്റവുമധികം നീക്കങ്ങള്‍ നടത്തുന്നത് കേരളത്തില്‍നിന്നുള്ള നേതാക്കളെന്ന് ശശി തരൂര്‍. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തരൂരിനെതിരെ നീക്കങ്ങള്‍ നടത്തുന്നത് കെ.സി വേണുഗോപാലാണോ എന്ന ചോദ്യത്തിന് അത്തരമൊരു അറിവ് മാധ്യമങ്ങളിലൂടെ മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തന്നോട് ആരും ഇക്കാര്യം പറഞ്ഞിട്ടില്ല. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം കെ.സി വേണുഗോപാലിനെ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘പാര്‍ട്ടില്‍ ആരെയും ഞാന്‍ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. എനിക്കെതിരെ സംസാരിച്ച പലരും ഉണ്ടെന്ന് എനിക്കറിയാം. കാരണം, മാധ്യമങ്ങളില്‍ അതൊക്കെ കാണുന്നുണ്ടല്ലോ. ആര്‍ക്കെതിരെയും സംസാരിക്കുന്നത് പക്ഷേ എന്റെ രീതിയല്ല’, തരൂര്‍ പറഞ്ഞു.

എതിരെ സംസാരിക്കുന്നത് കേരളത്തിലെ നേതാക്കളാണോ എന്ന ചോദ്യം അദ്ദേഹം നിഷേധിച്ചില്ല. തനിക്കെതിരെ സംസാരിക്കുന്നതില്‍ കൂടുതല്‍ കേരളത്തിലെ നേതാക്കളാണ് എന്നതാണ് സത്യം. ഇത്രയധികം വിരോധം വേറെയെവിടെനിന്നും കേട്ടിട്ടില്ല. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും തരൂര്‍ പറഞ്ഞു.

തനിക്ക് വോട്ട് ചെയ്യുന്നവരെ തിരിച്ചറിയാന്‍ ബാലറ്റില്‍ പ്രത്യേക അടയാളമുണ്ടെന്ന പ്രചാരണം ശരിയല്ല. ചില പി.സി.സികളുടെ ഖാര്‍ഗെ പിന്തുണ മധുസൂദന്‍ മിസ്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വോട്ടര്‍പട്ടികയിലെ എല്ലാവരും വോട്ടുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍.

മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ ഭാഗമാണ്. അതുകൊണ്ട് നിലവിലത്തെ രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രസിഡന്റ് ആകാന്‍ രാഹുല്‍ ഗാന്ധി വളഞ്ഞ വഴി സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ മാറ്റം ഉണ്ടായാലേ ജനം കോണ്‍ഗ്രസിലേക്ക് വരികയുള്ളൂ. ബിജെപിയെ നേരിടാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. പാര്‍ട്ടിയില്‍ വേണ്ടത് വികേന്ദ്രീകരണമാണ്. എല്ലാ തീരുമാനങ്ങളും ഡല്‍ഹിയില്‍നിന്ന് എടുക്കേണ്ടതില്ല. താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോവില്ല. കോണ്‍ഗ്രസ് വിടണമെങ്കില്‍ നേരത്തെ ആകാമായിരുന്നെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.