‘സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാര്‍’; പ്രതികരിക്കാന്‍ സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കെ ധൈര്യമുള്ളൂവെന്ന് ശശി തരൂര്‍

ബിജെപി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച നടന്‍ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. സിനിമയിലെ വില്ലന്‍മാരേക്കാള്‍ സമൂഹത്തിലെ വില്ലന്‍മാര്‍ ഭീകരന്‍മാരാണെന്നും അതിനെതിരെ പ്രതികരിക്കാന്‍ സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കെ ധൈര്യമുള്ളൂവെന്നാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്.

തമിഴ്‌നാട് ബിജെപി ഐടി സെല്‍ തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയെന്നും 500ലധികം ഫോണ്‍ കോളുകളുമാണ് തനിക്ക് വന്നതെന്നും അതിലെല്ലാം വധഭീഷണിയും ബാത്സംഗ ഭീഷണിയും അസഭ്യ വര്‍ഷവുമാണെന്നാണ് സിദ്ധാര്‍ത്ഥ് ആരോപിച്ചത്.

‘എന്ത് കൊണ്ടാണ് സിനിമയില്‍ കാണുന്ന നായകന്‍മാര്‍ തീവ്രമായ പ്രചാരണങ്ങള്‍ക്കെതിരെ ശബദ്മുയര്‍ത്താത്തതെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. ഒരു കാരണം ഇതാണ്. നമ്മുടെ സമൂഹം സംരക്ഷിക്കുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന വില്ലന്‍മാര്‍ ഭീകരന്മാരാണ്. അവരെ ഈ നായകന്‍മാര്‍ക്ക് താങ്ങാനാവില്ല. സിദ്ധാര്‍ത്ഥിനെ പോലുള്ള അപൂര്‍വ്വം ചിലര്‍ക്കൊഴികെ’, ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സിദ്ധാര്‍ത്ഥ് കടുത്ത വിമര്‍ശനമാണ് നടത്താറുള്ളത്. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ടും സിദ്ധാര്‍ത്ഥ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബിജെപി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാത്രമേ രാജ്യം പൂര്‍ണ്ണമായും പ്രതിരോധ ശേഷി നേടുകയുള്ളൂ എന്ന് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരുന്നു.

നടി പാര്‍വ്വതിയും സിദ്ധാര്‍ത്ഥിന് പിന്തുണയുമായെത്തിയിരുന്നു. നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്. നിലപാടില്‍ നിന്നും ഒരിക്കലും പിന്മാറരുത്. എന്നെ പോലെ ഒരു പട തന്നെ സിദ്ധാര്‍ത്ഥിന് പിന്തുണയുമായി ഉണ്ടെന്നായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.