‘ഗാന്ധി സഹോദരങ്ങള്‍ക്ക് മാത്രമാണ് ബിജെപിക്കെതിരെ ദേശീയ തലത്തില്‍ ബദലാവാന്‍ സാധിക്കുക’; കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കാന്‍ ശിവസേന, നിലപാടില്‍ മാറ്റം

മുംബൈ: ലഖിംപൂരി സംഭവത്തിലെ സജീവമായ ഇടപെടലിന് ശേഷം കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനൊരുങ്ങി ശിവസേന. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചിരുന്നുവെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ പലപ്പോളും അംഗീകരിക്കാന്‍ ശിവസേന തയ്യാറായിരുന്നില്ല. ഈ സമീപനത്തില്‍ മാറ്റം വരുത്താനാണ് ശിവസേന ആലോചന.

നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്ര മന്ത്രിസഭക്കെതിരെ യോജിച്ച പ്രതിപക്ഷത്തെ അണിനിരത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെടുന്നുവെന്ന് നേരത്തെ സേന മുഖ്യ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തെയും യുപിഎയും നയിക്കുന്നതില്‍ പരാജയമാണെന്നും സേന മുഖപത്രമായ സാമ്‌നയില്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കൂടിയായ സഞ്ജയ് റാവത്ത് എഴുതിയിരുന്നു.

എന്നാല്‍ കഴിഞ്ഞയാഴ്ച സാമ്‌നയിലെ തന്റെ കോളത്തില്‍ ഗാന്ധി സഹോദരങ്ങളെ പുകഴ്ത്തുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ‘അനധികൃത തടവി’നെ അപലപിച്ച സഞ്ജയ് റാവത്ത്, ലഖിംപൂര്‍ ഖേരിയിലെ പ്രിയങ്ക ഗാന്ധിയുടെ ഇടപെടലുകള്‍ എവിടെയൊക്കെയോ ഇന്ദിരാ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചുവെന്നും എഴുതി. ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ കഴിയുന്ന നേതാക്കള്‍ ഇപ്പോള്‍ ഗാന്ധി സഹോദരങ്ങള്‍ മാത്രമാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

‘മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുമ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്, പ്രധാനമായും ഗാന്ധി കുടുംബത്തിന് ശിവസേനയുമായി ചേരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. എന്തായാലും, ലഖിംപൂര്‍ ഖേരി സംവത്തിന് ശേഷവും യുപിയില്‍ ബിജെപിക്കെതിരെ പ്രിയങ്കയുടെ ധീരമായ ഇടപെടലുകള്‍ക്ക് ശേഷവും ശിവസേന ഇപ്പോള്‍ കാണുന്നത് ബിജെപിയെ നേരിടാന്‍ കഴിയുന്ന ഏക ദേശീയ ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നാണ്’, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ ഹിന്ദുവിനോട് പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള സഹകരണം വരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാനും മഹാരാഷ്ട്രയിലെ ബിജെപിയുടെ വളര്‍ച്ചയെ തടയുന്നതിനും സഹായിക്കുമെന്നാണ് സേന ഇപ്പോള്‍ കരുതുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വിജയം ശിവസേനക്ക് ആവശ്യമാണ്. പ്രാദേശിക പാര്‍ട്ടികളെ ഇല്ലാതാക്കുക എന്ന ബിജെപി തന്ത്രത്തെയും നേരിടാന്‍ ഈ നീക്കം സഹായിക്കുമെന്നും അവര്‍ കരുതുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷനായ വിവേക് ബാവ്‌സര്‍ പറഞ്ഞു.

‘മുംബൈയിലെ ന്യൂനപക്ഷ വോട്ടുകളിലും ശിവസേനക്ക് താല്‍പര്യമുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നത് തങ്ങളെ വിശ്വാസത്തിലെടുക്കാന്‍ മുസ്‌ലിം സമുദായത്തിന് കഴിഞ്ഞേക്കുമെന്ന് ഉദ്ദവ് താക്കറേ നയിക്കുന്ന പാര്‍ട്ടി കരുതുന്നു. കുറച്ചുകൂടി പുരോഗമന പ്രവര്‍ത്തനങ്ങളിലൂടെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമുദായങ്ങളെയും തങ്ങള്‍ക്കനുകൂലമായി നിര്‍ത്താമെന്നും കടുത്ത ‘ഹിന്ദുത്വ’ പ്രതിച്ഛായ മറികടക്കാമെന്നും ശിവസേന കരുതുന്നു. അതേ സമയം തന്നെ ബൃഹണ്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ വെവ്വേറെ മത്സരിക്കുമെന്ന് കോണ്‍ഗ്രസും ശിവസേനയും പറഞ്ഞത് അവഗണിക്കാനും പറ്റില്ല’, മറ്റൊരു മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകന്‍ പറഞ്ഞു.