‘മയക്കുമരുന്ന് പണം ഉപയോഗിക്കുന്നുവെങ്കില്‍, ആരാണ് രാജ്യം ഭരിക്കുന്നത്?; മോഹന്‍ ഭാഗവതിനോട് ശിവസേന

മുംബൈ: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശങ്ങളില്‍ വിമര്‍ശനാത്മകായി പ്രതികരിച്ച് ശിവസേന. മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാണ് മോഹന്‍ ഭാഗവത് ആരോപിച്ചത്.

മയക്കുമരുന്ന് പണം രാജ്യത്തിനെതിരെ ഉപയോഗിക്കുന്നുവെങ്കില്‍, ആരാണ് രാജ്യം ഭരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. നോട്ട് നിരോധനത്തോടെ രാജ്യത്തെ മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനം ഇല്ലാതെയാവുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞു. പ്രാധാന്യമുള്ള ചില കാര്യങ്ങള്‍. പക്ഷെ മയക്കുമരുന്ന് പണം രാജ്യത്തിനെതിരെ ഉപയോഗിക്കുന്നുവെങ്കില്‍, ആരാണ് രാജ്യം ഭരിക്കുന്നത്?. നോട്ട് നിരോധനത്തോടെ തീവ്രവാദികള്‍ക്കും മയക്കുമരുന്ന് മാഫിയക്കും പണം ലഭിക്കുന്നത് ഇല്ലാതാവുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നത്’, സഞ്ജയ് റാവത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇന്ത്യയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു. പാകിസ്താനില്‍ തോക്കുപയോഗത്തിന് പരിശീലനം നല്‍കുന്നു. ചില അതിര്‍ത്തി രാജ്യങ്ങള്‍ അവ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത്തരം പണം ഇന്ത്യയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു.

ക്രിപ്‌റ്റോ കറസന്‍സികള്‍ക്കെതിരെയും അദ്ദേഹം പ്രസംഗത്തില്‍ വിമര്‍ശനമുന്നയിച്ചു. രഹസ്യ സ്വഭാവമുള്ള, ബിറ്റ് കോയിന്‍ പോലുള്ള അനിയന്ത്രിതമായ കറന്‍സികള്‍ക്ക് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും ഗുരുതര വെല്ലുവിളികള്‍ ഉയര്‍ത്താനും സാധിക്കും. ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത് വരെ സമൂഹം കാത്തിരിക്കേണ്ട കാര്യമില്ല. മൂല്യങ്ങള്‍ കുട്ടികള്‍ക്ക് വീടുകളില്‍ നിന്ന് തന്നെ നല്‍കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.