‘ഷോപ്പിങ്ങ് മാളുകള്‍ക്ക് പാര്‍ക്കിങ്ങ് ഫീസ് വാങ്ങാന്‍ വ്യവസ്ഥയില്ല’; അനധികൃത ഫീസ് ഈടാക്കലിനേക്കുറിച്ച് അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടങ്ങളുടെ പാര്‍ക്കിങ്ങ് ഏരിയകളില്‍ വാഹനമിടുന്നതിന് ഫീസ് ഈടാക്കാനുള്ള വ്യവസ്ഥയില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ ഉയിച്ച ചോദ്യത്തിനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ രേഖാമൂലമുള്ള മറുപടി. കൊച്ചി ലുലുമാളിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ അനധികൃതമായി പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നുവെന്ന പരാതി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മുസ്ലീം ലീഗ്‌ എംഎല്‍എയുടെ നിയമസഭാ ചോദ്യം.

എന്‍ ഷംസുദ്ദീന്റെ ചോദ്യം

“199ലെ കേരള മുനിസിപ്പിലാറ്റി ബില്‍ഡിങ്ങ് റൂള്‍സ്, 2011ലെ കേരള പഞ്ചായത്ത് ബില്‍ഡിങ്ങ് റൂള്‍സ് എന്നിവയിലെ വ്യവസ്ഥ പ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കു കെട്ടിടങ്ങള്‍ക്ക് വാഹന പാര്‍ക്കിങ്ങ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ടോ? ഇപ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടങ്ങളിലെ പാര്‍ക്കിങ്ങ് ഏരിയകളില്‍ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുവാന്‍ ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ? എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ?

ഇപ്രകാരം വാഹന പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്ന വന്‍കിട വ്യാപാര സ്ഥാപനങ്ങളും മാളുകളും സംബന്ധിച്ച് സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടോ? എങ്കില്‍ അവ ഏതെല്ലാം? വിശദാംശം നല്‍കുമോ?”

മാളില്‍ പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നു

മന്ത്രിയുടെ മറുപടി

“2019ലെ കേരളാ പഞ്ചായത്ത് ബില്‍ഡിങ്ങ് റൂള്‍സില്‍, റൂള്‍ 29ല്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരം വാണിജ്യാവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കു കെട്ടിടങ്ങള്‍ക്ക് വാഹന പാര്‍ക്കിങ്ങ് സംവിധാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇപ്രകാരം നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, മേല്‍ ചട്ടങ്ങളില്‍ ഒന്നും തന്നെ പാര്‍ക്കിങ്ങ് ഏരിയകളില്‍ വാഹനങ്ങളില്‍ നിന്നും പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുവാന്‍ വ്യവസ്ഥ ചെയ്തിട്ടില്ല.”

വന്‍കിട വ്യാപാര സ്ഥാപനങ്ങളും മാളുകളും അനധികൃതമായി പാര്‍ക്കിങ്ങ് ഫീസ് ഈടാക്കുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് “സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല” എന്നാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് മാളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കുന്നതായി പരാതികളുണ്ട്. കൊച്ചിയിലെ ലുലുമാളില്‍ പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാന്‍ ശ്രമിക്കുന്നത് ഉപഭോക്താവ് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിയമങ്ങളും ചട്ടങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ഉപഭോക്താവിന്റെ വിശദീകരണം.