‘പത്ത് ദിവസം, അതിനുള്ളില്‍ ചികിത്സാ എയര്‍ഷിഫ്റ്റ് മാര്‍ഗരേഖ വ്യക്തമാക്കണം’; ലക്ഷദ്വീപ് അഡ്മിനോട് ഹൈക്കോടതി

ദ്വീപ് നിവാസികളെ അടിയന്തര ചികിത്സയ്ക്ക് വേണ്ടി കൊച്ചിയിലെത്തിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലക്ഷദ്വീപ് അഡ്മിന്‍ വ്യക്തമാക്കണമെന്ന് ഹൈക്കോടതി. ദ്വീപ് അഡ്മിന്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ചികിത്സാ എയര്‍ഷിഫ്റ്റ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് വിവാദമായിരിക്കേയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പത്ത് ദിവസത്തിനുള്ളില്‍ മാര്‍ഗരേഖ തയ്യാറാക്കി അറിയിക്കണമെന്ന് ദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മറ്റ് ദ്വീപുകളില്‍ നിന്ന് കവരത്തിയിലേക്ക് രോഗികളെ എത്തിക്കുന്നതിനുള്ള നടപടിക്രമം വ്യക്തമാക്കാനും നിര്‍ദ്ദേശമുണ്ട്.

ചികിത്സാര്‍ത്ഥമുള്ള എയര്‍ഷിഫ്റ്റിന് എന്താണ് മാര്‍ഗരേഖ? അതില്ലെങ്കില്‍ തയ്യാറാക്കണം. ആ മാര്‍ഗരേഖ എന്താണെന്ന് വ്യക്തമാക്കണം.

ഹൈക്കോടതി

ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്ന കാര്യത്തില്‍ ദ്വീപ് അഡ്മിന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഒരാള്‍ക്ക് രോഗം ഗുരുതരമായാല്‍ ഡോക്ടറുടെ സാക്ഷ്യത്തോടെ അധികാരികളെ ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് കൊച്ചിയിലോ മറ്റ് ആശുപത്രികളിലോ എത്തിച്ച് ചികിത്സ തേടാവുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാല്‍ മറ്റ് പരിഷ്‌കാരങ്ങള്‍ക്കൊപ്പം അഡ്മിന്‍ എയര്‍ഷിഫ്റ്റ് മാനദണ്ഡത്തിലും മാറ്റം വരുത്താന്‍ ശ്രമിച്ചു. രോഗിയെ ദ്വീപിന് പുറത്തെത്തിക്കാന്‍ മെഡിക്കല്‍ ഓഫീസറുടേയും സമിതിയുടേയും അനുമതി വേണമെന്നാണ് അഡ്മിന്‍ കൊണ്ടു വരുന്ന ഭേദഗതി.

എയര്‍ ഷിഫ്റ്റ് പരിഷ്‌കാരങ്ങളിലെ വ്യവസ്ഥകള്‍ അടിയന്തരചികിത്സ വൈകിപ്പിച്ചേക്കുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് നിവാസി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. പത്ത് ദിവസത്തിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. കോടതി ഇടപെടലിനേത്തുടര്‍ന്ന് മാര്‍ഗരേഖയില്‍ തിരുത്തല്‍ വേണ്ടി വന്നേക്കുമെന്നാണ് സൂചനകള്‍. ദ്വീപിലെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ ഇന്നും പ്രതിഷേധം നടന്നു. ദ്വീപ് അഡ്മിന്റെ കോലത്തില്‍ ചാണകമൊഴിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.