‘സാമൂഹിക നീതിയാണ് ഉറപ്പാക്കേണ്ടത്, സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലായിടങ്ങളിലും സംവരണം വേണം’; ഉത്സാഹം സാമ്പത്തിക നീതിയില്‍ മാത്രം പോരെന്ന് അസ്ഹരി

ഭരണത്തുടര്‍ച്ചയോടെ അധികാരത്തിലേറുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവും കാന്തപുരം എ പി അബൂക്കറുടെ മകനുമായ ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം സാമൂഹികനീതിയുടെ കാര്യത്തില്‍ ഉണ്ടായോ എന്ന് സംശയമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. സാമ്പത്തിക സംവരണത്തില്‍ കാണിച്ച ധൃതി ഈ സംശയത്തെ ബലപ്പെടുത്തുന്നതാണ്. തമിഴ്‌നാട്ടില്‍ ഇത്തരം കാര്യങ്ങളില്‍ കാണുന്ന സമീപനങ്ങളെ കുറേക്കൂടെ ഗൗരവത്തോടെ കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യേണ്ടതുണ്ടെന്നും അസ്ഹരി സിറാജ് ദിനപത്രത്തില്‍ ‘സാമൂഹിക നീതിയെന്ന ജനപ്രിയത’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

പിന്നാക്ക- ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്രിയാത്മകമായ ഊര്‍ജമാണ് സര്‍ക്കാറിന്റെ തുടര്‍ച്ച ഉറപ്പു വരുത്തിയത്. ആ ഊര്‍ജം തന്നെ ആയിരിക്കുമോ ഈ ഭരണത്തെ മുന്നോട്ടു കൊണ്ടുപോകുക എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി

അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള അധികാര-വിഭവ പങ്കാളിത്തവും സാമൂഹിക പുരോഗതിയും ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ എത്രമാത്രം ശ്രദ്ധ കേന്ദ്രീകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കഴിഞ്ഞ ഭരണത്തിന്റെ തുടര്‍ച്ച തന്നെയാണോ ഇതെന്ന് വിലയിരുത്തപ്പെടുക. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംവരണം പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്ന തുടര്‍ നടപടികള്‍ക്ക് അതില്‍ വലിയ പങ്കുണ്ടാകും.

ഒരര്‍ഥത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ഒറ്റപ്പെട്ട നിലയില്‍ കാണുന്നതിനു പകരം തമിഴ് നാടിന്റെ കൂടി ഭാഗമായി കാണുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. സാമൂഹിക നീതിയുടെ ചോദ്യത്തെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കാന്‍ പുതിയ സര്‍ക്കാറിനെ അത് പ്രേരിപ്പിക്കും. കേരളത്തിലേക്ക് മാത്രമായി ഇടതുപക്ഷ ഭരണം ചുരുങ്ങി എന്നതിനെ ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ പരീക്ഷണങ്ങളെ പ്രാദേശികമായി നവീകരിക്കാനുള്ള ഒരവസരമായി കൂടി കാണണം.

സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ മേഖലയില്‍ കുറേക്കൂടി കണിശതയോടെ പുതിയ സര്‍ക്കാര്‍ ഇടപെടേണ്ടതുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്ന തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അവസര സമത്വം ഉറപ്പുവരുത്തുകയും ചെയ്യണം. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണം.

ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിലൂടെയും മറ്റും സര്‍ക്കാര്‍ കാണിച്ച കരുതല്‍ മദ്യ നിരോധനത്തിന്റെ കാര്യത്തിലും ഉണ്ടാകണം. മദ്യ വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തിനേക്കാളും വലിയ തുകയാണ് അതുണ്ടാക്കുന്ന ആരോഗ്യ സാമൂഹിക വിപത്തുകളെ നേരിടാന്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. അങ്ങനെ കേരളത്തെ പൂര്‍ണാര്‍ഥത്തിലുള്ള ഒരു ക്ഷേമ രാഷ്ട്ര മാതൃകയാക്കി വളര്‍ത്താന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം.

ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് വ്യവസ്ഥാപിതമായ പരിഹാര നടപടികള്‍ സ്വീകരിക്കണം. ഒരു സമുദായമെന്ന നിലയില്‍ മുസ്ലിം സമൂഹത്തെ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ കാണിച്ച തുറന്ന സമീപനം കൂടുതല്‍ വിശാലമാക്കണം. ഉത്തരവാദിത്വ ബോധമുള്ള പ്രതിപക്ഷമായി നിന്നുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയും ഇത്തരം പരിശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കണമെന്നും എ പി വിഭാഗം നേതാവിന്റെ ലേഖനത്തിലുണ്ട്.