സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് വാക്സിന് നിര്‍മ്മിക്കാന്‍ പറ്റിയില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നവര്‍ തൂങ്ങിമരിക്കണോയെന്ന് കേന്ദ്രമന്ത്രി. വാക്സിന് ക്ഷാമത്തേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ രാസവസ്തു-വളം വകുപ്പ് മന്ത്രിയും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി നേതാവുമായ ഡി വി സദാനന്ദഗൗഢയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തെ എല്ലാവര്ക്കും വാക്സിനേഷന് നടത്തണമെന്ന് കോടതി പറഞ്ഞത് നല്ല ഉദ്ദേശത്തോടെയാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി തൊട്ടടുത്ത വാചകത്തില്‍ പറഞ്ഞതിങ്ങനെ.
നാളെത്തന്നെ ഇത്ര വാക്സിന് കൊടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞാല്‍, അത് ഇനിയും നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, ഞങ്ങള്‍ തൂങ്ങിച്ചാകണോ?
ഡി വി സദാനന്ദ ഗൗഡ
വാക്സിന് ക്ഷാമം പരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ആസൂത്രിതമായ പദ്ധതിയുണ്ടെന്നും തീരുമാനങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിനോ മറ്റ് കാരണങ്ങള്‍ മൂലമോ നടപ്പിലാക്കുന്നതല്ലെന്നും ഗൗഡ പറഞ്ഞു. ആത്മാര്‍ത്ഥതയോടെയും സത്യസന്ധയോടെയും സര്‍ക്കാര്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നുണ്ട്. എന്നിരിക്കിലും ചില പോരായ്മകള്‍ സംഭവിച്ചു. പ്രായോഗികമായി ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമാണ്. ഞങ്ങള്‍ക്ക് അവ കൈകാര്യം ചെയ്യാന്‍ കഴിയുമോയെന്നും ഗൗഡ ചോദിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4120 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 3,62,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ത്യയിലാകെ 37,04,099 പേരാണ് നിലവില്‍ രോഗബാധിതരായി കഴിയുന്നത്. 18,64,594 സാമ്പിളുകളാണ് ഇന്നലെ പരിശോധന നടത്തിയത്.