‘രജനീകാന്ത് വാശിപിടിച്ചില്ല, ​ഗാന്ധിയുള്ള ടൈറ്റിൽ മാറ്റി’; ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ മതങ്ങളെ പരിഹസിക്കരുതെന്ന് ആലപ്പി അഷ്റഫ്

ജയസൂര്യയെ നായകനാക്കി നാദിർഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’യുടെ ടൈറ്റിലിനെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്റഫ്. അവിഷ്ക്കാര സ്വാതന്ത്ര്യമെന്ന പേരിൽ ഒരു മതത്തിനേയും പരിഹസിക്കാൻ പാടില്ലെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ സഹോദര്യം നമ്മുടെ സുന്ദരമായ ജീവിതചര്യയാണ്. എല്ലാ മതസ്ഥർക്കും അവരവരുടെ വിശ്വാസ പ്രമാണങ്ങൾ ശുദ്ധമായ ജീവവായു പോലെയാണ്, അവരുടെ സന്തോഷവും സംതൃപ്തിയും ആ വിശ്വാസവുമായ് ബന്ധപ്പെട്ടിരിക്കുന്നതാണെന്നും ആലപ്പി അഷ്റഫ് പ്രതികരിച്ചു.

മത വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടങ്കിൽ ആ പേരുകൾ മാറ്റപ്പെടുത്തി മാതൃക കാട്ടേണ്ടത് ഒരു കലാകാരൻ്റെ കടമ കൂടിയാണ്.

ആലപ്പി അഷ്റഫ്

1984ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ ‘നാൻ മഹാനല്ലൈ’ എന്നെ സിനിമയേക്കുറിച്ചുണ്ടായ വിവാദം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്റെ പ്രതികരണം. സിനിമക്ക് ആദ്യം നല്കിയിരുന്ന പേര് “നാൻ ഗാന്ധിയല്ലൈ” എന്നായിരുന്നു. ഗാന്ധിയൻ ആദർശങ്ങളിൽ വിശ്വസിക്കുന്നവർ ആ പേരിനെ എതിർത്തു. ഒരു കച്ചവട സിനിമക്ക് വേണ്ടി ഗാന്ധിജിയുടെ പേര് ഉപയോഗിച്ചത് മനസ്സിനെ വേദനിപ്പിക്കുന്നതാണന്ന് അവർ മാധ്യമങ്ങളിലൂടെ പ്രതികരിച്ചു. സമൂഹത്തിൽ അത് ചർച്ചയായി. പേര് മാറ്റില്ലെന്ന് രജനീകാന്ത് വാശി പിടിച്ചില്ല. ആരേയും വേദനിപ്പിക്കാൻ പറ്റില്ലെന്നായിരുന്നു രജനികാന്തിന്റെ നിലപാട്. പരസ്യം ചെയ്ത ചിത്രത്തിൻ്റെ പേര് മാറ്റാൻ രജനീകാന്ത് നിർദ്ദേശിച്ചു. ഉടൻ പേര് മാറ്റി ‘നാൻ മഹാനല്ലൈ’എന്നാക്കി. “പേര് മാറ്റണ്ട ആവശ്യമില്ല സിനിമ കണ്ടിട്ട് നിങ്ങൾ പറയൂ , ഞാൻ ഗാന്ധിജിയെ ഈ സിനിമയിൽ മോശമായ് ഒന്നും പറയുന്നില്ല”എന്ന് സിനിമയുടെ സംവിധായകൻ എസ് പി മുത്തുരാമൻ അന്ന് പറഞ്ഞില്ലെന്നും ആലപ്പി അഷ്റഫ് കൂട്ടിച്ചേർത്തു.

Also Read: ‘പ്രശ്നം മറ്റ് ചില പേരുകളിലായിരിക്കാം’; വിവാദം സൃഷ്ടിക്കുന്നവരുടെ യഥാർത്ഥ ഉദ്ദേശം ചിന്തിക്കണമെന്ന് ‘ഈശോ’യുടെ തിരക്കഥാകൃത്ത്

ഈശോ എന്ന ചിത്രത്തിന്റെ ടൈറ്റിലും ‘നോട്ട് ഫ്രം ബൈബിൾ’ എന്ന ടാ​ഗ് ലൈനും ക്രിസ്തീയ സമൂഹത്തിലെ മതയാഥാസ്ഥികരായ ഒരു വിഭാ​ഗമാളുകളാണ് വിവാദമാക്കിയിരിക്കുന്നത്. കൂടുതൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് പ്രേരിപ്പിച്ച് മറ്റൊരു വിഭാ​ഗമാളുകളും രം​ഗത്തെത്തി. മതയാഥാസ്ഥികരുടെ സമ്മർദ്ദത്തേത്തുടർന്ന് ചിത്രത്തിന്റെ ടാ​ഗ് ലൈൻ മാറ്റേണ്ടി വന്നു. ഈശോയുടെ ടാ​ഗ് ലൈൻ നീക്കുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലും നാദിർഷായ്ക്കെതിരെ അധിക്ഷേപ കമന്റുകളെത്തുന്നുണ്ട്. സംവിധായന്റെ മതത്തെ ചൊല്ലിയുള്ള വിദ്വേഷപ്രതികരണങ്ങളും ഈ കൂട്ടത്തിലുണ്ട്.

ഈശോയുടെ ആദ്യ മോഷൻ പോസ്റ്റർ മമ്മൂട്ടിയാണ് റിലീസ് ചെയ്തത്. തലയിൽ ഹുഡ് ഇട്ട, താടി നീട്ടിയ ജയസൂര്യ കഥാപാത്രത്തിന്റെ ചിത്രമാണ് മെയ് മാസത്തിൽ പുറത്തിറങ്ങിയ പോസ്റ്ററിലുണ്ടായിരുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിൽ നായിക. സലിംകുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അമർ അക്ബർ അന്തോണി സിനിമയിലെ സാങ്കേതിക സംഘം തന്നെയാണ് അണിയറയിൽ. തിരക്കഥ സുരേഷ് വാര്യനാട്, ഛായാ​ഗ്രഹണം സുജിത് വാസുദേവ്, നടൻ അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൗസാണ് ഈശോ നിർമ്മിക്കുന്നത്.

​ദിലീപിനെ നായകനാക്കി ഒരുക്കുന്ന നാദിർഷാ ചിത്രത്തിന് ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന പേരാണിട്ടിരിക്കുന്നത്. ക്രിസ്ത്യൻ വീടുകളിൽ ബോർഡായും സ്റ്റിക്കറായും വെയ്ക്കാറുള്ള ‘യേശു ഈ വീടിന്റെ നാഥൻ’ എന്ന വാക്യത്തിൽ ചെറിയ മാറ്റം വരുത്തി കേശു എന്നാക്കിയതിലൂടെ യേശുവിനേയും വിശ്വാസികളേയും അധിക്ഷേപിക്കുകയാണെന്ന വാദവുമുയർന്നു. രണ്ട് ടൈറ്റിലുകളും മാറ്റില്ലെന്നാണ് നാദിർഷായുടേയും അണിയറ പ്രവർത്തകരുടേയും നിലപാട്.