‘അച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ സന്തോഷം’; ശ്രുതി ഹാസന്‍

മാതാപിതാക്കളായ സരികയും കമല്‍ഹാസനും വിവാഹബന്ധം വേര്‍പെടുത്തിയതില്‍ തനിക്ക് സന്തോഷമാണുള്ളതെന്ന് നടി ശ്രുതി ഹാസന്‍. ഒത്തുപോകാത്ത രണ്ട് പേര്‍ ഏതെങ്കിലും ഒരു കാരണത്തിന്റെ പേരില്‍ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടതില്ലെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. രണ്ടുപേരും മികച്ച രക്ഷിതാക്കളാണ്. സരിക തന്റേയും സഹോദരി അക്ഷരയുടേയും ജീവിതത്തിന്റെ ഭാഗമാണെന്നും അമ്മയുമൊത്തുള്ള ജീവിതം നന്നായി പോകുന്നുവെന്നും ശ്രുതി പറഞ്ഞു.

ഒരുമിച്ചുള്ള ജീവിതം അവര്‍ക്ക് അത്ര സന്തോഷകരമല്ലാതായിരുന്നു. അവര്‍ പിരിയുമ്പോള്‍ ഞാന്‍ കുട്ടിയാണ്. പക്ഷെ, വേര്‍പിരിയല്‍ ലളിതമായിരുന്നു. ഒരുമിച്ചുള്ളതിനേക്കാള്‍ സന്തുഷ്ടരായിരുന്നു അവര്‍.

ശ്രുതി ഹാസന്‍

നര്‍ത്തകിയും നടിയുമായിരുന്ന വാണി ഗണപതിയാണ് കമല്‍ ഹാസന്റെ ആദ്യ ഭാര്യ. 1975ല്‍ മേല്‍നാട്ട് മരുമകള്‍ എന്ന ചിത്രത്തില്‍ വാണിയും കമലും ഒന്നിച്ച് അഭിനയിച്ചിരുന്നു. പ്രണയത്തിലായ ശേഷം 1978ല്‍ ഇരുവരും വിവാഹിതരായി. 1988ല്‍ വാണിയുമായുള്ള വിവാഹബന്ധം കമല്‍ഹാസന്‍ വേര്‍പെടുത്തി. അതിന് മുന്നേ തന്നെ കമല്‍ നടി സരികയുമൊത്ത് ജീവിതമാരംഭിച്ചിരുന്നു. 1986ലാണ് ശ്രുതി ഹാസന്റെ ജനനം, 1991ല്‍ അക്ഷരയും. 2004ല്‍ കമലും സരികയും വിവാഹമോചനം നേടി.

2009ല്‍ ബോളിവുഡ് ചിത്രം ലക്കിലൂടെയാണ് ശ്രുതി ഹാസന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ സജീവമായി. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറില്‍ പ്രധാന കഥാപാത്രമാണ്. അക്ഷര ഹാസന്‍ 2015ലാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ധനുഷ്-അമിതാഭ് ബച്ചന്‍ ചിത്രം ഷമിതാഭ് ആണ് അക്ഷരയുടെ ആദ്യ ചിത്രം.