സിദ്ദിഖ് കാപ്പന്റെ അമ്മ മരിച്ചു; വിടവാങ്ങല്‍ മകനെ വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കി നില്‍ക്കെ

യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ അമ്മ ഖദീജ നിര്യാതയായി. 90കാരിയായ ഖദീജ വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. മകനെ വീണ്ടും കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഖദീജയുടെ വിടവാങ്ങല്‍.

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനേത്തുടര്‍ന്ന് നാല് മാസം മുന്‍പാണ് സിദ്ദിഖ് കാപ്പന്‍ ഉമ്മയെ കാണാന്‍ വീട്ടിലെത്തിയത്. ആറംഗ യുപി പോലീസിന്റെ സംരക്ഷണത്തില്‍ അഞ്ചുദിവസത്തെ ജാമ്യത്തിന് ഉമ്മയെ കാണാന്‍ സിദ്ദീഖ് കാപ്പന് അനുമതി ലഭിച്ചിരുന്നു. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാന്‍ പാടുള്ളൂവെന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. യുപി സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്.

കരിപ്പൂര്‍ വിമാനത്തവളം വഴി ഫെബ്രുവരി 18ന് രാവിലെ 10:30 ഓടെ കനത്ത പോലീസ് സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്. മാതാവിനെ കാണാന്‍ കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി അഞ്ചുദിവസത്തെ ജാമ്യം അനുവദിച്ചിരുന്നത്. 90 വയസായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കെയുഡബ്ല്യൂജെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടിയുടെ ആരോഗ്യം ദിനംപ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകന്‍ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി മാധ്യമപ്രവര്‍ത്തകന് ഇടക്കാല ജാമ്യം അനുവദിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ഹര്‍ജിയില്‍ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്നം സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പോലീസിന്റെ വാദം. ആവശ്യമെങ്കില്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചിത്രങ്ങള്‍ ഹാജരാക്കാമെന്ന് പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി കപില്‍ സിബല്‍ മറുപടി നല്‍കി. അഞ്ചുദിവസത്തേക്ക് സിദ്ദിഖ് കാപ്പന്‍ കേരളത്തിലേക്ക് പോയതുകൊണ്ട് യുപി പോലീസിന്റെ കേസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടതിയുടെ പ്രസ്താവന. സമാന സാഹചര്യത്തില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി നല്‍കിയതും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചൂണ്ടിക്കാട്ടി.

ഹാത്രസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബര്‍ അഞ്ചിനാണ് യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഹാത്രസില്‍ സമാധാനം തകര്‍ക്കാന്‍ എത്തിയ സംഘമാണെന്നാരോപിച്ചായിരുന്നു നടപടി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനെതിരെ രാജ്യദ്രോഹവും യുഎപിഎയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. ഇതിനേത്തുടര്‍ന്ന് എട്ടരമാസമായി ജയിലില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്‍.

ഹാത്രസില്‍ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിന് സിദ്ദിഖ് കാപ്പനെതിരെ തെളിവില്ലെന്ന് മഥുര കോടതി വിധിച്ചിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ റദ്ദാക്കിയെങ്കിലും രാജ്യദ്രോഹം, യുഎപിഎ എന്നിവ ഒഴിവാക്കിയില്ല. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസ് വ്യാജമാണെന്ന് സിദ്ദിഖ് കാപ്പന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തനിക്ക് നീതി നിഷേധിക്കുകയാണ്. ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു. മഥുര കോടതിയില്‍ നിന്ന് ജയിലിലേക്ക് പോകും വഴിയാണ് മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം.