‘സര്‍ അലക്‌സ്, ഇത് അങ്ങേയ്ക്കുള്ളതാണ്’; വീണ്ടും ചരിത്രം സൃഷ്ടിക്കുമെന്ന് ക്രിസ്റ്റ്യാനോയുടെ വാക്ക്

ഓള്‍ഡ് ട്രാഫോഡില്‍ തിരിച്ചെത്തുന്നതിനേക്കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്നെ അറിയാവുന്ന എല്ലാവര്‍ക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള തന്റെ ഒരിക്കലും തീരാത്ത പ്രണയം അറിയാമെന്ന് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഞാന്‍ ഈ ക്ലബ്ബില്‍ ചെലവഴിച്ച വര്‍ഷങ്ങള്‍ തികച്ചും അമ്പരപ്പിക്കുന്നതായിരുന്നു. യുണൈറ്റഡിനൊപ്പം നടന്ന വഴികള്‍ ചരിത്രത്തിന്റെ തങ്കലിപികളാലാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും സിആര്‍ സെവന്‍ പറഞ്ഞു.

എനിക്കെന്റെ വികാരങ്ങള്‍ വിവരിക്കാന്‍ പോലും കഴിയുന്നില്ല. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതുപോലെയാണിത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിക്കാന്‍ ഒട്ടേറെ തവണ തിരിച്ചുപോയിട്ടുപോലും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

എതിരാളിയായി എത്തിയപ്പോള്‍ പോലും ആരാധകരില്‍ നിന്ന് അത്രയേറെ സ്‌നേഹവും ആദരവും അനുഭവിക്കാനായി. സ്വപ്‌നങ്ങള്‍ നൂറ് ശതമാനവും നിര്‍മ്മിച്ചിരിക്കുന്നത് ഇതൊക്കെ കൊണ്ടാണ്. എന്റെ ആദ്യ ഡൊമെസ്റ്റിക് ലീഗ്, എന്റെ ആദ്യത്തെ കപ്പ്, പോര്‍ച്ചുഗീസ് ദേശീയ ടീമിലേക്കുള്ള ആദ്യവിളി, എന്റെ ആദ്യ ചാംപ്യന്‍സ് ലീഗ്, എന്റെ ആദ്യ ഗോള്‍ഡന്‍ ബൂട്ട്, എന്റെ ആദ്യ ബാലന്‍ ഡിയോര്‍ ഇവയെല്ലാം ഞാനും റെഡ് ഡെവിള്‍സും തമ്മിലുള്ള പ്രത്യേകബന്ധത്തില്‍ നിന്ന് ജനിച്ചതാണ്. മുന്‍പ് ചരിത്രമെഴുതിയതാണ്. ഒരിക്കല്‍കൂടി അത് എഴുതപ്പെടും. നിങ്ങള്‍ക്ക് ഞാന്‍ വാക്കു നല്‍കുകയാണെന്നും ക്രിസ്റ്റ്യാനോ എഴുതി.

ഞാനിവിടെത്തന്നെയുണ്ട്. എന്നെ സ്വന്തമായിടത്ത് തിരിച്ചെത്തിയിരിക്കുന്നു. ഒരിക്കല്‍ കൂടി അത് നിറവേറ്റാം. സര്‍ അലക്‌സ് ഇത് അങ്ങേയ്ക്ക് വേണ്ടിയാണ്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വേണ്ടിയുള്ള പരിശീലനത്തില്‍

ഫേസ്ബുക്കില്‍ ഒരു മണിക്കൂര്‍ മാത്രം പിന്നിടവെ പത്ത് ലക്ഷത്തിലധികം ലൈക്കുകളാണ് ക്രിസ്റ്റ്യാനോയുടെ പോസ്റ്റിന് ലഭിച്ചത്. ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ കമന്റുകള്‍ ഒന്നേകാല്‍ ലക്ഷം പിന്നിട്ടു. ഒരു ലക്ഷത്തോളം പേര്‍ റൊണാള്‍ഡോ യുണൈറ്റഡ് ജേഴ്‌സിയില്‍ നില്‍ക്കുന്ന ചിത്രമുള്‍പ്പെടുന്ന കുറിപ്പ് ഇതിനോടകം ഷെയര്‍ ചെയ്തുകഴിഞ്ഞു. രണ്ട് വര്‍ഷത്തേക്കാണ് യുണൈറ്റഡ് 36കാരനായ സ്‌ട്രൈക്കറുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കോണ്‍ട്രാക്ട് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനുള്ള ഉപാധിയോടെയാണിത്. 2003 മുതല്‍ 2009 വരെയുള്ള ആദ്യ യുണൈറ്റഡ് കാലത്ത് റോണോ 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ സീരി എ ടോപ് സ്‌കോറര്‍ ആയിരുന്ന ക്രിസ്റ്റ്യാനോയുടെ പ്രീമിയര്‍ ലീഗിലേക്കുള്ള മടങ്ങിവരവ് നീക്കങ്ങള്‍ പെട്ടെന്നായിരുന്നു.