മരിക്കാനും തയാറായിട്ടാണ് ഞങ്ങൾ നിൽക്കുന്നത്, നീതി കിട്ടുംവരെ പോരാട്ടം തുടരും: കുറവിലങ്ങാട്ടെ കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് കോൺവെന്റിലെ സമരം ചെയ്‌ത കന്യാസ്ത്രീകൾ. പണവും സ്വാധീനവും ഉപയോഗിച്ച് കേസ് അട്ടിമറിച്ചതാണെന്നും അപ്പീൽ പോകുമെന്നും നിയമ പോരാട്ടത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ പറഞ്ഞു. വികാരാധീനരായിട്ടാണ് സിസ്റ്റർ അനുപമയുൾപ്പടെയുള്ളവർ മാധ്യമങ്ങളെ കണ്ടത്.

“ഇത് അവിശ്വസനീയമായ വിധിയാണ്. പോലീസും പ്രോസിക്യൂട്ടറും എല്ലാ തെളിവുകളും നൽകിയിരുന്നു. പിന്നീട് എന്തുസംഭവിച്ചു എവിടെ അട്ടിമറിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. പണവും സ്വാധീനവുമാണ് കേസ് അട്ടിമറിക്കാൻ കാരണം” എന്ന് സിസ്റ്റർ അനുപമ പറഞ്ഞു. തങ്ങൾ മഠത്തിൽ സുരക്ഷിതരല്ലെന്നും അവർ വ്യക്തമാക്കി.

“ജീവിക്കാനും മരിക്കാനും തയാറായിട്ടാണ് ഞങ്ങൾ നിൽക്കുന്നത്,” സിസ്റ്റർ അനുപമ കൂട്ടിച്ചേർത്തു.

കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ജലന്ധർ രൂപതാ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീയുടെ പരാതി. കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തിരുന്നതിനെ തുടർന്ന് കുറവിലങ്ങാട് മഠത്തിലെ സ്ത്രീകൾ ഹൈക്കോടതിക്ക് സമീപം സമരം ചെയ്‌തു. പിന്നീടാണ് അറസ്റ്റ് നടന്നത്.

വിധി വൻ വിജയമായി ആരും കാണേണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയും പ്രതികരിച്ചു. അഭയാ കേസ് തെളിയാൻ 28 കൊല്ലമാണ് എടുത്തത്. കോടതി മുറിക്കുള്ളിൽ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമാണ് ഇന്നെന്നും സംസ്ഥാന സർക്കാർ എത്രയും വേഗം അപ്പീലിന് പോകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിയപോരാട്ടത്തിൽ മുൻപന്തിയിലുള്ള ആളാണ് സിസ്റ്റർ ലൂസി.

‘നീതിക്കായി പോരാടിയ എല്ലാവരോടും ചേർന്നുനിന്നുകൊണ്ട് ഖേദം പ്രകടിപ്പിക്കുന്നു. നമുക്കൊക്കെ അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഈ വിധിയിലൂടെ കൂടുതൽ ഭീഷണിയിലാകുകയാണ്,’ എന്നാണ് സിസ്റ്റർ ലൂസി പ്രതികരിച്ചത്.

തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടി കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള നിർണായക വിധി പുറപ്പെടുവിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കില്ല എന്നാണ് ജഡ്ജി ജി ഗോപകുമാറിന്റെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. ഒറ്റ വാചകത്തിലായിരുന്നു വിധി പ്രസ്‌താവം.

അംഗീകരിക്കാനാകാത്ത വിധിയാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ ഐപിഎസ് പ്രതികരിച്ചു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി മുഖവിലക്കെടുത്തില്ല എന്നും ഞെട്ടലോടെ ഈ വിധിയെ നോക്കികാണുന്നുവെന്നും കോട്ടയം മുൻ എസ്‌പി കൂടിയായ അദ്ദേഹം പറഞ്ഞു.

അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും അറിയിച്ചു.