ലഖിംപൂര്‍ കുറ്റപത്രത്തിന് 5000 പേജ്, എന്നിട്ടും കേന്ദ്രമന്ത്രിയുടെ പേരില്ല; മകൻ മുഖ്യപ്രതി

ഉത്തർ പ്രദേശിലെ ലഖിംപൂര്‍ ഖേരിയിൽ കർഷകരെ വാഹനിമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയെ മുഖ്യ പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. 5000 പേജുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച്ച വിചാരണാ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ അജയ് മിശ്രയുടെ പേര് പരാമർശിക്കാതെയാണ് ചാർജ്ജ് ഷീറ്റ്. 14 പേർക്കെതിരെയാണ് നിലവിൽ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

യു.പിയിലെ ലഖിംപൂര്‍ ഖേരി ജില്ലയിൽ ഒക്ടോബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദർശന വേളയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച കർഷകർക്കിടയിലേക്ക് എസ്.യു.വി ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും പിന്നീടുണ്ടായ സംഘർഷത്തിൽ മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ടു.

അജയ് മിശ്രയുടെ വാഹനവ്യൂഹത്തിൽ ഉപയോഗിക്കുന്നതാണ് ഈ എസ്.യു.വി എന്നാണ് ആരോപണം. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനവും കർഷകരെ ഇടിച്ച വാഹനങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നും പരാതിയിൽ രേഖാമൂലം പറയുന്നുണ്ട്. കേസിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അജയ് മിശ്രയുടെ പേരും ചാർജ്ജ് ഷീറ്റിൽ ഉൾപ്പെടുത്തണമെന്ന് വാദിഭാഗം അഭിഭാഷകരും ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെ കേസിൽ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹരജിയും ഫയൽ ചെയ്തിട്ടുണ്ട്.

ലഖിംപൂര്‍ സംഭവം അപടകമല്ല, മറിച്ച് ആളുകളെ കൊലപ്പെടുത്താൻ കൃത്യമായ ഗൂഢാലോചനയോടെ പദ്ധതിയിട്ട് നടത്തിയ കുറ്റകൃത്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ മാസം കോടതിയിൽ പ്രസ്താവിച്ചിരുന്നു.

ആശിഷ് മിശ്ര

കുറ്റപത്രത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. കേന്ദ്രമന്ത്രിയുടെ ബന്ധുവായ വിരേന്ദ്ര ശുക്ള എന്ന വ്യക്തിയെ ചാർജ്ജ് ഷീറ്റിൽ പുതുതായി കൂട്ടിച്ചേർത്തിട്ടുണ്ട്. കുറ്റകരമായ നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ, അപകടമുണ്ടാക്കൽ, വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ച് അപായപ്പെടുത്താൽ, പൊതു ഉദ്ദേശം വെച്ചുകൊണ്ടുള്ള കൂട്ടായ കുറ്റകൃത്യം, ആയുധ നിയമം തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസുകളുള്ളത്. ആശിഷ് മിശ്രയുൾപ്പടെ പതിമൂന്ന് പ്രതികൾ നിലവിൽ ജയിലിലാണ്.

തുടക്കത്തിൽ ഇഴഞ്ഞുനീങ്ങിയ കേസന്വേഷണത്തെ സുപ്രീം കോടതി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജി രാകേഷ് കുമാർ ജെയിന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല സുപ്രീം കോടതി നവംബറിൽ നൽകിയിരുന്നു. പിന്നീട് ഉത്തർ പ്രദേശ് സർക്കാർ രൂപീകരിച്ച അന്വേഷണ സംഘത്തെ സുപ്രീം കോടതി മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെക്കൂടി ചേർത്ത് വിപുലീകരിച്ചു. ചാർജ്ജ് ഷീറ്റ് കോടതി അംഗീകരിക്കുകയാണെങ്കിൽ വിചാരണാ നടപടികൾ ആരംഭിക്കും.

ബിജെപി നേതാവ് സുമിത് ജയ്‌സ്വാൾ നൽകിയ പരാതിയിന്മേൽ നേരത്തെ കർഷകർക്കെതിരെ കലാപത്തിന് കേസെടുത്തിരുന്നു. പിന്നീട് ഇത് ഒഴിവാക്കി. കൊലപാതകക്കേസിൽ കുറ്റാരോപിതരിൽ ഒരാളാണ് ജയ്‌സ്വാൾ.

തെരഞ്ഞെടുപ്പിന്റെ വക്കിൽ എത്തിനിൽക്കുന്ന ഉത്തർ പ്രദേശിൽ ലഖിംപൂര്‍ ഖേരി സംഭവം രാഷ്ട്രീയ തലവേദനയാണ് ബിജെപിക്ക്. മന്ത്രി മിശ്ര രാജിവെച്ച് സ്വതന്ത്ര അന്വേഷണം സാധ്യമാക്കണം എന്നാണ് പ്രതിപക്ഷ ആവശ്യം.