എക്സിറ്റ് പോളുകള്‍ക്കും പിടി കൊടുക്കാതെ തലസ്ഥാന ജില്ല; ഫോട്ടോഫിനിഷ് സാധ്യത ആറ് മണ്ഡലങ്ങളില്‍

കേരളത്തിന്റെ 15-ാം നിയമസഭ ആര് ഭരിക്കുമെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏതാണ്ട് എല്ലാ എക്സിറ്റ് പോള്‍ സര്‍വ്വേകളും എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നീ ചാനലുകള്‍ പുറത്തുവിട്ട പോസ്റ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ ചില മണ്ഡലങ്ങളിലെത്തുമ്പോള്‍ ഘടകവിരുദ്ധമായ സൂചനകള്‍ നല്‍കുന്നുണ്ട്. അപ്രവചനീയമാംവിധം കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങള്‍ ഏറ്റവും കൂടുതലുളളത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ്.

നേമം

കെ മുരളീധരന്‍ ബിജെപിയുടെ നേമം അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നാണ് ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. നേരിയ വ്യത്യാസത്തില്‍ ബിജെപിയുടെ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും സിപിഐഎം സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സര്‍വ്വേ പറയുന്നു.

വി ശിവന്‍കുട്ടി

എല്‍ഡിഎഫ് 7.60 ശതമാനം അധിക വോട്ടോടുകൂടി നേമം തിരിച്ചുപിടിക്കുമെന്നാണ് മനോരമ ന്യൂസ്-വിഎംആര്‍ എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 33.10 ശതമാനം വോട്ടോടെ രണ്ടാമതും കെ മുരളീധരന്‍ 24.40 ശതമാനം വോട്ടുവിഹിതവുമായി മൂന്നാമതുമാണ് ഈ സര്‍വ്വേ ഫലത്തില്‍. ശിവന്‍കുട്ടി നേമത്ത് ജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് ആക്സിസ് മൈ ഇന്ത്യ സര്‍വ്വേയും പറയുന്നത്.

കഴക്കൂട്ടം

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സീറ്റ് നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി ന്യൂസ് സര്‍വ്വേയില്‍. എന്നാല്‍ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ചരിത്രം കുറിക്കുമെന്നാണ് മനോരമ ന്യൂസിന്റെ പ്രവചനം. 2.80 വോട്ടിന്റെ മാര്‍ജിന്‍ ശോഭയ്ക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാല്‍ മൂന്നാമതാകുമെന്നും മനോരമ പറയുന്നു. കടുത്ത വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ശോഭ സുരേന്ദ്രനേക്കാള്‍ സാധ്യത ഏഷ്യാനെറ്റ് പ്രവചിക്കുന്നത് കടകംപള്ളിക്കാണ്.

അരുവിക്കര

കെ എസ് ശബരീനാഥനെ അട്ടിമറിച്ച് എല്‍ഡിഎഫിന്റെ ജി സ്റ്റീഫന്‍ വിജയിക്കുമെന്ന് മാതൃഭൂമി ന്യസ് സര്‍വ്വേ പറയുന്നു. 2016ല്‍ 21,314 വോട്ടിന് ശബരീനാഥന്‍ ജയിച്ച മണ്ഡലമാണ് അരുവിക്കര. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ശബരീനാഥന് നേരിയ മേല്‍ക്കൈ നല്‍കിയിട്ടുണ്ട്. കടുത്ത മത്സരത്തില്‍ ശബരീനാഥന്‍ 1.70 ശതമാനം അധികം വോട്ടോടെ എംഎല്‍എയായി തുടരുമെന്നാണ് മനോരമ സര്‍വ്വേ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം സെന്‍ട്രല്‍

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും സിറ്റിങ്ങ് എംഎല്‍എ വി എസ് ശിവകുമാര്‍ പരാജയപ്പെടുമെന്നും മാതൃഭൂമി ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നു. കഴിഞ്ഞ തവണ 10,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി എസ് ശിവകുമാര്‍ ജയിച്ചത്. ആന്റണി രാജു ജയിക്കുമെന്നാണ് മനോരമ സര്‍വ്വേയുടെ കണക്കുകൂട്ടല്‍. യുഡിഎഫിനേക്കാള്‍ 2.40 ശതമാനം വോട്ടുകള്‍ ആന്റണി രാജു നേടുമെന്നാണ് പ്രവചനം. ജി കൃഷ്ണകുമാറിനെ വെച്ചുള്ള പരീക്ഷണത്തില്‍ ബിജെപി വോട്ട് കുറഞ്ഞ് 20.20 ശതമാനത്തിലെത്തുമെന്നും സര്‍വ്വേ ഫലത്തിലുണ്ട്. എന്നാല്‍ തിരുവനന്തപുരം വി എസ് ശിവകുമാര്‍ നിലനിര്‍ത്തുമെന്നാണ് ഏഷ്യാനെറ്റ് സര്‍വ്വേയില്‍. ആന്റണി രാജു രണ്ടാമതാകുമെന്നും സീ ഫോര്‍ നടത്തിയ എക്‌സിറ്റ് പോള്‍ പറയുന്നു.

കോവളം

കടുത്ത പോരാട്ടം നടക്കുന്ന കോവളത്ത് യുഡിഎഫ് സിറ്റിങ്ങ് എംഎല്‍എയായ എം വിന്‍സെന്റിന് നേരിയ മുന്‍തൂക്കം മാത്രമാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രവചിക്കുന്നത്. മനോരമ സാധ്യത പറയുന്നതും യുഡിഎഫിനാണ്. അഞ്ച് തവണ കോവളത്തെ പ്രതിനിധീകരിച്ച നീല ലോഹിതദാസന്‍ നാടാരിലൂടെ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നാണ് മാതൃഭൂമി ന്യൂസ് പ്രവചനം.

വര്‍ക്കല

വര്‍ക്കലയില്‍ അട്ടിമറി സാധ്യതയാണ് മനോരമ ന്യൂസ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് സിറ്റിങ്ങ് എംഎല്‍എ വി ജോയിയെ ബിആര്‍എം ഷഫീര്‍ 9.20 ശതമാനം വോട്ട് മാര്‍ജിനില്‍ തോല്‍പിക്കുമെന്നാണ് മനോരമ ന്യസ് – വിഎംആര്‍ എക്‌സിറ്റ് പോള്‍ കണക്ക് കൂട്ടല്‍. എന്നാല്‍ വര്‍ക്കല എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നാണ് മാതൃഭൂമി സര്‍വ്വേ പറയുന്നത്. എല്‍ഡിഎഫ് വര്‍ക്കല നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ പ്രവചനം.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 77 മുതല്‍ 86 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 52 മുതല്‍ 61 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയുടെ വോട്ട് വിഹിതം 17 ശതമാനം ആയിരിക്കുമെന്നും ഏഷ്യാനെറ്റ് നടത്തിയ സര്‍വ്വേ സൂചിപ്പിക്കുന്നു.

മനോരമ ന്യൂസ് – വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേയും ഭരണത്തുടര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 73 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരം നിലനിര്‍ത്തും. യുഡിഎഫിന് 64 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ട് മണ്ഡലങ്ങളിലും പി സി ജോര്‍ജിന്റെ കേരള ജനപക്ഷം ഒരിടത്തും ജയിക്കുമെന്ന് മനോരമയുടെ സര്‍വ്വേ പറയുന്നു.

സംസ്ഥാനത്ത് 104 മുതല്‍ 120 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകള്‍ എന്ന അവസ്ഥയിലേക്ക് ചുരുങ്ങും. എന്‍ഡിഎയും മറ്റുള്ളവരും രണ്ട് സീറ്റുകള്‍ വരെ നേടും. 47 ശതമാനം വോട്ടുവിഹിതമായിരിക്കും എല്‍ഡിഎഫിനുണ്ടാകുക. യുഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 12 ശതമാനവും വോട്ടുകള്‍ ലഭിച്ചേക്കുമെന്ന് മാതൃഭൂമി നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു.