ആറ് വിമത ബിഎസ്പി എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍; ചാടാനൊരുങ്ങി ബിജെപി സഖ്യകക്ഷി അപ്ദാന ദള്‍ എസിന്റെ എംഎല്‍എയും

ലഖ്‌നൗ: യുപി നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബിഎസ്പിയുടെ ആറ് വിമത എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയിലേക്ക്. എസ്പി ദേശീയ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തില്‍ ലഖ്‌നൗവിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് വെച്ചാണ് ബിഎസ്പി നേതാക്കള്‍ അംഗത്വം സ്വീകരിച്ചത്. ഹര്‍ഗോവിന്ദ് ഭാര്‍ഗവ്, ഹാജി മുജ്തബ സിദ്ദിഖി, ഹക്കീം ലാല്‍ ബിന്ദ്, അസ്ലം റെയ്‌നി, സുഷ്മ പട്ടേല്‍, അസ്ലം ചൗധരി എന്നീ എംഎല്‍എമാരാണ് അഖിലേഷിനൊപ്പം ചേര്‍ന്നത്.

എസ്പിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കൊപ്പം അഖിലേഷ് യാദവ്

കഴിഞ്ഞ വര്‍ഷത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എസ്പിയെ പിന്തുണച്ചതിനേത്തുടര്‍ന്ന് മായാവതി സസ്‌പെന്‍ഡ് ചെയ്തവരാണ് ഈ ആറ് പേരും. ഇക്കഴിഞ്ഞ ജൂണില്‍ ബിഎസ്പിയിലെ റിബല്‍ എംഎല്‍എമാരുമായി അഖിലേഷ് യാദവ് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് എംഎല്‍എ സ്ഥാനം സംരക്ഷിക്കാനായി ആറ് എംഎല്‍എമാരും ഔദ്യോഗിക അംഗത്വമെടുക്കല്‍ വൈകിപ്പിക്കുകയായിരുന്നു. അഖിലേഷ് മാധ്യമ ശ്രദ്ധ കിട്ടാന്‍ വേണ്ടി കളിക്കുന്ന നാടകം മാത്രമാണതെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചത്. നിലവില്‍ 18 എംഎല്‍എമാരാണ് ബിഎസ്പിക്ക് യുപി നിയമസഭയിലുള്ളത്. ഇതില്‍ 11 പേരെ മായാവതി പുറത്താക്കുകയോ സസ്‌പെന്‍ഡ് ചെയ്യുകയോ ചെയ്തു.

മുന്‍ ബിഎസ്പി നേതാക്കളായ ലാല്‍ജി വെര്‍മയും രമാചല്‍ രാജ്ഭര്‍ എസ്പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ഏഴിന് അംബേദ്കര്‍ നഗര്‍ ജില്ലയില്‍ വെച്ച് നടക്കുന്ന റാലിയില്‍ എസ്പി അംഗത്വമെടുക്കുമെന്നാണ് ഇരുവരും പറഞ്ഞിരിക്കുന്നത്. മായാവതിയുടെ വിശ്വസ്തരായിരുന്ന ഇരുവരും ബിഎസ്പി ഭരണകാലത്ത് മന്ത്രിമാരായിരുന്നിട്ടുണ്ട്. പുറത്താക്കുന്നതിന് മുന്‍പ് വെര്‍മ ബിഎസ്പിയുടെ സംസ്ഥാന അദ്ധ്യക്ഷനായിരുന്നു. രാജ്ഭര്‍ ബിഎസ്പിയുടെ നിയമസഭാകക്ഷി നേതാവായിരിക്കെയാണ് പുറത്തായത്.

ബിജെപി സഖ്യകക്ഷിയായ അപ്‌നാ ദള്‍ എസില്‍ നിന്നും ഒരു എംഎല്‍എ കൂടി സമാജ്‌വാദി പാര്‍ട്ടിയിലേക്ക് എത്തുമെന്ന് വാര്‍ത്തകളുണ്ട്. പ്രതാപ്ഗഡിലെ വിശ്വനാഥ്ഗഞ്ച് എംഎല്‍എ ഡോ. ആര്‍. കെ വെര്‍മയാകും അഖിലേഷിനൊപ്പം ചേരുകയെന്നാണ് അഭ്യൂഹം. ഈയിടെ നടന്ന യുപി നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ചുവന്ന തൊപ്പി ധരിച്ചാണ് ആര്‍. കെ വെര്‍മ എത്തിയത്. എസ്പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ബിജെപി സഖ്യകക്ഷി എംഎല്‍എ വോട്ട് ചെയ്തത് വിവാദമായിരുന്നു. അഖിലേഷിന്റെ നേതൃത്വത്തില്‍ പ്രതാപ്ഗഡില്‍ വെച്ച് നടക്കുന്ന റാലിയില്‍ വെച്ചാകും വെര്‍മയുടെ എസ്പി പ്രവേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുപിയിലെ രണ്ട് മുന്‍നിര കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലെത്തിച്ച് ഒരു ദിവസം കഴിയുന്നതിന് മുന്നേയാണ് യുപി മുന്‍ മുഖ്യമന്ത്രിയുടെ നീക്കം. പടിഞ്ഞാറന്‍ യുപിയിലെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ ഹരേന്ദ്ര മാലിക്, മകനും മുന്‍ എംഎല്‍എയുമായ പങ്കജ് മാലിക് എന്നിവര്‍ കഴിഞ്ഞ ദിവസം അഖിലേഷിനൊപ്പം ചേര്‍ന്നിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളേയും അണികളേയും ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ് അഖിലേഷ് ക്യാംപ്. പ്രധാനമായും ബിഎസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നാണ് എസ്പിയുടെ ആളെ ഇറക്കല്‍. ‘എസ്പിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ഏത് നേതാവിനും സ്വാഗതം’ എന്ന് അഖിലേഷ് ആവര്‍ത്തിക്കുന്നുണ്ട്. ‘സമാജ്‌വാദി പാര്‍ട്ടി ഏതെങ്കിലും വലിയ രാഷ്ട്രീയകക്ഷിയുമായി സഖ്യമുണ്ടാക്കില്ല. പകരം ചെറിയ പ്രാദേശിക പാര്‍ട്ടികളുമായുള്ള തന്ത്രപരമായ സഖ്യമാണ് തെരഞ്ഞെടുക്കുക,’ എന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച ബിജെപി മുന്‍ സഖ്യകക്ഷിയായ എസ്ബിഎസ്പിയെ (സുഭേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി) എസ്പി ഒപ്പം ചേര്‍ക്കുകയുണ്ടായി.