എസ് ജെ സിനു-അമിത് ചക്കാലയ്ക്കല്‍ ചിത്രം തേര് ഒരുങ്ങുന്നു; ഫാമിലി ആക്ഷന്‍ ത്രില്ലറിന് തിരക്കഥയൊരുക്കുന്നത് ഡിനില്‍ പികെ

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ നാളെ മുതല്‍ ചിത്രീകരണം ആരംഭിക്കും. ഫാമിലി ആക്ഷന്‍ ത്രില്ലറാണ് ചിത്രം. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡിനില്‍ പികെയുടേതാണ് തിരക്കഥയും സംഭാഷണങ്ങളും. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

‘ദ വണ്‍ ഇന്‍ ദ കോര്‍ണര്‍’ എന്ന ടാഗ് ലൈനാണ് തേരിന് നല്‍കിയിരിക്കുന്നത്. തേര് (റൂക്ക്), രാജാവ് (കിങ്ങ്) എന്നീ കരുക്കള്‍ മാത്രം അവശേഷിക്കുന്ന ചെസ്‌ബോര്‍ഡാണ് പോസ്റ്ററില്‍. പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, രക്തത്തുള്ളികളും പശ്ചാത്തലത്തിലുണ്ട്. വിജയരാഘവന്‍, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍. ജെ. നില്‍ജ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി സാം ആണ് തേര് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ടി ഡി ശ്രീനിവാസ്. യാക്‌സന്‍, നേഹ എന്നിവര്‍ ചേര്‍ന്നാണ് സംഗീതസംവിധാനം. സംജിത് മൊഹമ്മദ് എഡിറ്റിങ്ങ്. പ്രശാന്ത് മാധവ് ടി കലാസംവിധാനം നിര്‍വ്വഹിക്കുന്നു, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍.ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍.

സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. പാലക്കാട് കൊല്ലങ്കോടാണ് ആദ്യ ലൊക്കേഷന്‍. അമിത്തിനെ കേന്ദ്ര കഥാപാത്രമാക്കി എസ് ജെ സിനു സംവിധാനം ചെയ്ത ‘ജിബൂട്ടി’യുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മലയാളി വ്യവസായി ജോബി പി സാം തന്നെയാണ് ജിബൂട്ടിയും നിര്‍മ്മിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത്. മനുഷ്യക്കടത്താണ് റൊമാന്റിക് ആക്ഷന്‍ ത്രില്ലറായ ജിബൂട്ടിയുടെ പ്രമേയം. യൂട്യൂബില്‍ റിലീസായി ആറ് മണിക്കൂറിനുള്ളില്‍ തന്നെ ജിബൂട്ടിയുടെ ട്രെയ്‌ലര്‍ മില്യണ്‍ പ്രേക്ഷകരിലെത്തിയിട്ടുണ്ട്.