കോഴിക്കോട്: സംസ്ഥാനത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് ആരോപണമുന്നയിച്ച പാല രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട് തെളിവുകള്‍ പുറത്തുവിടണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടു. അതിന് കഴിയില്ലെങ്കില്‍ അദ്ദേഹം നാര്‍ക്കോട്ടിക് അടിച്ചത് എവിടെ നിന്നെന്ന് തുറന്നുപറയണം, രണ്ടും നടക്കില്ലെങ്കില്‍ ഈ വിഷസര്‍പ്പത്തെ കൂട്ടിലടക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്കാട്ട് വചന സന്ദേശം നല്‍കുന്നതിനിടെ പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്, ലൗ ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും അതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് പള്ളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ബിഷപ്പിന്റെ പ്രസംഗം പുറത്തുവന്നത്.
ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരക്കാര്‍ക്ക് നിഷിപ്ത താല്പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസ്സിലാകുമെന്ന് ബിഷപ്പ് പറഞ്ഞു.
വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
ജിഹാദിന് സഹായം നല്കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതും ബിഷപ്പ് ആരോപിച്ചിരുന്നു.