സ്‌കങ്ക് അല്ലെങ്കില്‍ ഖറാറ സ്‌പ്രേ; വിസര്‍ജ്ജ്യത്തിന്റെയും അഴുകിയ ശവത്തിന്റെയും ഗന്ധമുള്ള ഇസ്രയേലി ആയുധം

ജറുസലേം/ഗാസ: സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗാസയിലും ജറുസലേമിലുമായി മരിച്ചവരുടെ എണ്ണം നൂറ് കടന്നെന്നാണ് അന്താരഷ്ട്ര മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. റബ്ബര്‍ ബുള്ളറ്റുകള്‍, ടിയര്‍ ഗ്യാസ്, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയവയില്‍ പരിക്കേറ്റവരുടെ എണ്ണവും കൂടിവരികയാണ്. ഇവയ്ക്ക് പുറമേ, ലോക മാധ്യമങ്ങള്‍ക്ക് അത്രപരിജയമില്ലാത്ത സ്‌കങ്ക് വാട്ടര്‍ എന്ന ഒരു ആയുധം കൂടി ഇസ്രയേല്‍ പ്രയോഗിക്കുന്നുണ്ട്. പലരും ഇതിനെ മലിന ജല പ്രയോഗമെന്നോ ജല പീരങ്കിയെന്നോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. അസഹനീയ ഗന്ധമുള്ള ഒരു ദ്രാവക പ്രയോഗമാണിത്.

ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനും ഓടിക്കാനും എന്ന പേരില്‍ പ്രയോഗിക്കുന്ന അമിതമായ ദുര്‍ഗന്ധമുള്ള ഒരു ദ്രാവക സംയുക്തമാണ് സ്‌കങ്ക് വാട്ടര്‍. ഇതിന് അഴുകിയ ശവങ്ങളുമായി കലര്‍ന്ന മലിനജലത്തിന്റെ ഗന്ധമാണെന്ന് അനുഭവിച്ചവര്‍ വിവരിക്കുന്നു. ചില രാസവസ്തുക്കളുടെ സംയോജനമാണ് ഈ ദുര്‍ഗന്ധത്തിന് കാരണം. ഇസ്രയേലി കമ്പനിയായ ഒഡോര്‍ട്ടെക് ആണ് ഇതിനെ ഒരു ‘ക്രൗഡ് കണ്‍ട്രോള്‍’ ആയുധമായി വികസിപ്പിച്ചെടുത്തത്.

ദ്രാവകം ശ്വസിക്കുന്നവര്‍ക്ക് ആ നിമിഷം തന്നെ ഛര്‍ദ്ദി, ശ്വസന തടസം, അതിരൂക്ഷമായ ശ്വാസംമുട്ടലും തലകറക്കവും തുടങ്ങിയവ അനുഭവപ്പെടും. ശരീരത്തില്‍ അസഹനീയമായ ചൊറിച്ചില്‍, കണ്ണിനും വയറിനും വേദന എന്നിവയ്ക്ക് ഈ ദ്രാവകം കാരണമാകുമെന്ന് ദ്രാവകം നിര്‍മ്മിക്കുന്ന കമ്പനി സുരക്ഷാ മുന്നറിയിപ്പില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചിലിന് കാരണമാകുന്നെന്ന് പലസ്തീനികളും റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കങ്ക് വാട്ടര്‍ മാരകമല്ലെന്നും വിഷരഹിതമാണെന്നുമാണ് ഇസ്രയേല്‍ സുരക്ഷാ സേന അവകാശപ്പെടുന്നത്. എന്നാല്‍, ദ്രാവകത്തിന്റെ അമിതോപയോഗവും ഉയര്‍ന്ന അളവ് മര്‍ദ്ദത്തില്‍ ജലപീരങ്കിയില്‍നിന്നും പുറന്തള്ളപ്പെടുന്നതും പ്രത്യക്ഷത്തില്‍ ഗുരുതര പരിക്കുകള്‍ക്ക് കാരണമാവുന്നു. കൂടാതെ, ദിവസങ്ങളോളം മാറാതെ ശരീരത്തില്‍ നില്‍ക്കുന്ന ദുര്‍ഗന്ധമുണ്ടാക്കുന്ന സമ്മര്‍ദ്ദവും ചെറുതല്ല.

സ്‌കങ്ക് വാട്ടര്‍ വളരെ നേരിയ തോതില്‍ പ്രയോഗിച്ചാല്‍ പോലും അതിന്റെ ഈ രൂക്ഷ ദുര്‍ഗന്ധം ത്വക്കില്‍ ദിവസങ്ങളോളം പോകാതെ നില്‍ക്കും. വസ്ത്രങ്ങളിലും കെട്ടിടങ്ങളിലും പതിക്കുന്ന ഈ ദ്രാവകത്തിന്റെ മണം അതിലും കൂടുതല്‍ ദിവസം അന്തരീക്ഷത്തിലുണ്ടാവും.

പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ മാത്രമല്ല, ഇസ്രായേല്‍ അധിനിവേശത്തിനും വംശവിവേചനത്തിനും എതിരെ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്ന പലസ്തീന്‍ സമൂഹത്തിനെതിരെ ഒന്നാകെ പ്രയോഗിക്കാനും സ്‌കങ്ക് വാട്ടര്‍ ഉപയോഗിക്കുന്നു. പലസ്തീന്‍കാര്‍ കൂട്ടമായി താമസിക്കുന്ന ഇടങ്ങളില്‍ സ്‌കങ്ക് വാട്ടര്‍ ടാങ്കറുകള്‍ നിരന്തരം റോന്തുചുറ്റുന്നുണ്ട്. കെട്ടിടങ്ങിലേക്ക് ടാങ്കറുകളില്‍നിന്നും പതിക്കുന്ന ഈ അഴുകിയ ശവത്തിന്റെ ഗന്ധം കാരണം, ഇവര്‍ക്ക് ദിവസങ്ങളോളം കടകള്‍ തുറക്കാന്‍ കഴിയാതാവുകയും ഈ അസഹനീയമായ ദുര്‍ഗന്ധം മാറുന്നതുവരെ ആളുകള്‍ തങ്ങളുടെ വീട് വിട്ടൊഴിയേണ്ടി വരികയും ചെയ്യുന്നു. ഇതാണ് ഇസ്രയേല്‍ ചെയ്യുന്ന ക്രൂരവും സംഘടിതവുമായ ശിക്ഷാരീതി.

പലസ്തീനികള്‍ക്കുനേരെ പ്രയോഗിക്കാനുള്ള ഫലപ്രദമായ ആയുധം മാത്രമല്ല ഇസ്രയേല്‍ ഭരണകൂടത്തിന് സ്‌കങ്ക് വാട്ടര്‍. ഒഡോര്‍ട്ടെക് കമ്പനി സ്‌കങ്ക് വാട്ടര്‍ രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ടെന്ന്് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയാണ് ഇസ്രയേലിനോട് സ്‌കങ്ക് വാട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്ന ഒരു രാജ്യം. അതിര്‍ത്തി കടക്കല്‍, തടവ് കേന്ദ്രങ്ങള്‍, പ്രതിഷേധങ്ങള്‍, ധര്‍ണകള്‍ എന്നിവയെ പ്രതിരോധിക്കാനായി മിസ്ട്രല്‍ സെക്യൂരിറ്റീസ് എന്ന അമേരിക്കന്‍ കമ്പനിയാണ് ഇത് രാജ്യത്തെത്തിക്കുന്നത്. 2015ലെ മിസൗറിയിലെ വംശീയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ പൊലീസ് സ്റ്റേഷനടക്കം നിരവധി സേനാ വകുപ്പുകള്‍ ഇതിനോടകം തന്നെ ഈ സ്‌കങ്ക് വാട്ടര്‍ വാങ്ങിക്കഴിഞ്ഞു.

രാജ്യത്തിന് പുറത്ത് ഈ ദ്രാവക ആയുധത്തിന് കിട്ടിയ പ്രചാരം യഥാര്‍ത്ഥത്തില്‍ ഇത് നിര്‍മ്മിച്ച ഇസ്രയേല്‍ കമ്പനിയെ സംബന്ധിച്ച് അവരെ അമ്പരപ്പിക്കുന്നതാണ്. ലോകത്തിലെ ആയുധ കയറ്റുമതിയില്‍ ഒന്നാമതുള്ള രാജ്യമാണ് ഇസ്രയേല്‍.

PHOTO: AFP

തങ്ങളുടെ ആയുധങ്ങളുടെ ഫലക്ഷമതയും മാരകത്വവും പരിശോധിക്കാനുള്ള ഗിനിപ്പന്നികളായിട്ടാണ് അവര്‍ പലസ്തീനെ കാണുന്നത്. ഓഡോര്‍ടെക്കിനും മറ്റ് ഇസ്രായേലി ആയുധ നിര്‍മ്മാതാക്കള്‍ക്കും തങ്ങളുടെ ആയുധങ്ങളുടെ പരസ്യത്തിന് പണം ചെലവഴിക്കേണ്ടി വരുന്നില്ല. ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരമായ ആക്രമണത്തിന്റെ ഫൂട്ടേജുകള്‍ കാണിക്കുന്ന ചാനലുകള്‍ ആ പണി ചെയ്യുന്നെന്ന് പലസ്തീനിലെ സന്നദ്ധ സംഘടനയായ അല്‍ ഷബാക്കയുടെ പ്രതിനിധി യാറ ഹവാരി പറയുന്നു.