‘റോഡിലെ പരിശോധന ഒഴിവാക്കാന്‍ കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തി’; ബിജെപി സംസ്ഥാനാധ്യക്ഷനെതിരെ പരാതി

തിരുവനന്തപുരം: ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹെലികോപ്ടറില്‍ പണം കടത്തിയെന്ന് ആരോപണം. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി ബിജെപി അനുവദിച്ച ഹെലികോപ്ടറില്‍ സുരേന്ദ്രന്‍ പണം കടത്തിയെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമണ്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാനാധ്യക്ഷന്‍ ഐസക് വര്‍ഗീസ് ആണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. റോഡിലെ പരിശോധന ഒഴിവാക്കാനായി സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

റോഡിലെ പരിശോധന ഒഴിവാക്കി കള്ളപ്പണം കൊണ്ടുപോകാന്‍ സുരേന്ദ്രന്‍ ഹെലികോപ്ടര്‍ ഉപയോഗിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ ദേശീയ നേതാക്കള്‍ വഴി പണമെത്തിയോ എന്ന് പരിശോധിക്കണം. കര്‍ണാടകയില്‍നിന്നും പണം ചെക്ക്‌പോസ്റ്റ് വഴി കൊണ്ടുവന്നാല്‍ ഇടത് സര്‍ക്കാരിന്റെ പൊലീസ് പിടികൂടും. മറ്റ് സംസ്ഥാനങ്ങളില്‍ ബിജെപി പ്രതിപ ക്ഷ എംഎല്‍എമാരെയും എംപിമാരെയും വിലക്കെടുക്കുന്ന പ്രവണതയാണുള്ളത്. കേരളത്തില്‍ അത് സാധ്യമാകാത്ത സ്ഥിതിക്ക് വോട്ടര്‍മാരെ വിലയ്‌ക്കെടുക്കുന്നതിന് വേണ്ടി ബിജെപി പണം ഉപയോഗിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി സംസ്ഥാനത്ത് കള്ളപ്പണമൊഴുക്കിയെന്നും അനധികൃത പണമിടപാട് സംബന്ധിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റേതായി പുറത്തു വന്ന ശബ്ദ സന്ദേശത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക സംബന്ധിച്ചുള്ള ഓഡിയോ ക്ലിപ്പില്‍ ഐസക് വര്‍ഗീസ് നേരത്തെ പരാതി നല്‍കിയിരുന്നു. ‘മാഷുടെ കൈയ്യില്‍ കുറച്ചു പണം വന്നിട്ടുണ്ട്. അതില്‍ നിന്ന് എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യപ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം,’ എന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞത്. കൊടകര കള്ളപ്പണക്കേസുമായി ഈ ശബ്ദ സന്ദേശത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം.

Also Read: ‘ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ പറ്റും’; ലക്ഷദ്വീപ് യുവമോര്‍ച്ചയില്‍നിന്നും രാജിവെച്ച സംസ്ഥാന നേതാവ്

തന്റെ പരാതിയില്‍ സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നാണ് ഐസക് വര്‍ഗീസ് വ്യക്തമാക്കുന്നത്. ബിജെപി നേതാക്കളടക്കം പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊടകര കുഴല്‍പണക്കേസ് അന്വേഷണം പുരോഗമിക്കവെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്.

Also Read: ‘പ്രതികരണം മാന്യമായിരിക്കണം, ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മലയാളം അത്ര ശോഷിച്ചതല്ല’, ജനം ടിവിയെ വിമര്‍ശിച്ച് സുരേഷ് ഗോപി