ആയുർദെെർഘ്യത്തിലും അസമത്വം: ദളിതുകള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇന്ത്യയില്‍ ആയുസ് കുറവ്

ദാ ഈ നിമിഷം ഇന്ത്യയില്‍ പിറന്നുവീണ ഒരു ശിശുവിന് ശരാശരി 69 വയസാണ് ആയുസ് കണക്കാക്കപ്പെടുന്നത്. ലോക ശരാശരിയായ 72 വയസില്‍ നിന്ന് മൂന്ന് വര്‍ഷത്തിന്റെ മാത്രം വ്യത്യാസം. വൈദ്യശാസ്ത്രം, ശുചിത്വം, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ രാജ്യം കൈവരിച്ച മുന്നേറ്റമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം. അരനൂറ്റാണ്ട് മുമ്പ്, ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് അന്‍പതുകള്‍ പിന്നിടുന്നത് വലിയ കാര്യമായിരുന്നെങ്കില്‍ ഇന്ന് 70 കളിലേക്ക് കൈപിടിച്ചകയറുകയാണ് ആയുസ്. ഏകദേശം 20 വര്‍ഷം അധികമായി ചേര്‍ക്കപ്പെട്ടിരിക്കുന്നു.

എന്നാല്‍ രാജ്യത്തെ എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഈ മാറ്റം സ്വാധീനിച്ചിരിക്കുന്നത് ഒരുപോലെയല്ല എന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഗവേഷകരായ സംഗീത വ്യാസ്, പായല്‍ ഹാദി, ആശിഷ് ഗുപ്ത, നിഖില്‍ സുദര്‍ശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വണ്‍ പേപ്പര്‍ റിപ്പോര്‍ട്ടുപ്രകാരം, രാജ്യത്തെ ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളായ ആദിവാസി-ഗോത്ര വിഭാഗങ്ങളുടെയും, ദളിത്, മുസ്ലീം വിഭാഗങ്ങളുടെയും ശരാശരി ആയുര്‍ദൈര്‍ഘ്യം മേല്‍ജാതി ഹിന്ദുവിഭാഗങ്ങളുടേതിനേക്കാള്‍ താഴെയാണ്.

അതായത്, രാജ്യത്തെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ആയുര്‍ ദൈര്‍ഘ്യത്തില്‍ അസമത്വം നിലനില്‍ക്കുന്നതായാണ് കണക്കുകള്‍. ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 ദശലക്ഷത്തിലധികം ആളുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളടങ്ങുന്ന ഔദ്യോഗിക ആരോഗ്യ സര്‍വ്വേയാണ് ഈ കണക്കുകള്‍ക്ക് അടിസ്ഥാനം.

രാജ്യത്തെ ഉയർന്ന ജാതി ഹിന്ദുക്കളില്‍ നിന്ന് ആദിവാസി, ദളിത് വിഭാഗങ്ങളുടെ ശരാശരി ആയുസിലേക്ക് എത്തുമ്പോള്‍ നാല് വര്‍ഷം വരെ കുറവ് കാണുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു.

ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുമ്പോള്‍ രാജ്യത്തെ അവശ വിഭാഗത്തിലെ സ്ത്രീകളില്‍ ആദിവാസി- 62.8 വയസ്, ദളിത്- 63.3 വയസ്, മുസ്ലിം-65.7 വയസ് എന്നിങ്ങനെയാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. അതേസമയം, മേല്‍ജാതി ഹിന്ദു വിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 66.5 വയസാണ്.

60 വയസാണ് ആദിവാസി വിഭാഗത്തിലെ പുരുഷന്മാരുടെ ശരാശരി ആയുസ്. ദളിത് വിഭാഗത്തില്‍ ഇത് 61.3 ഉം, മുസ്ലിം വിഭാഗത്തില്‍ 63.8 വയസുമാണ്. അതേസമയം, മേല്‍ജാതി ഹിന്ദുവിഭാഗത്തിലുള്‍പ്പെടുന്ന ഒരു പുരുഷന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64.9 ആണ്.

പഠനമനുസരിച്ച്, എല്ലാ സാമൂഹിക വിഭാഗങ്ങളുടെയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, അതിന് അനുപാതമായി അസമത്വവും വര്‍ദ്ധിച്ചുവരികയാണ്. 1990-കളുടെ അവസാനത്തിലും 2010-കളുടെ മധ്യത്തിലും ദളിത് വിഭാഗങ്ങളും മേല്‍ജാതി ഹിന്ദുവിഭാഗങ്ങളും തമ്മിലെ ആയുര്‍ദൈര്‍ഘ്യത്തിലെ വിടവ് വര്‍ദ്ധിച്ചു. 1997 – 2000 കാലം മുതല്‍ക്കെ തന്നെ മേല്‍ജാതി ഹിന്ദു – മുസ്ലിം വിഭാഗങ്ങള്‍ തമ്മിലെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടെ ഈ വിടവ് ഗണ്യമായി വര്‍ദ്ധിച്ചു.

ലോകത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ ഏറ്റവും വലിയ ജനസംഖ്യ ഉള്‍പ്പെടുന്ന രാജ്യമാണ് ഇന്ത്യ. 120 ദശലക്ഷം ആദിവാസികളാണ് രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിയുന്നത്. രാഷ്ട്രീയ സാമൂഹിക ശാക്തീകരണത്തിന്റെ ചവിട്ടുപടികള്‍ പലത് കടന്നിട്ടും 230 ദശലക്ഷം ദളിതർ ഇന്നും വിവേചനം നേരിടുന്നു. ലോകത്തുതന്നെ മൂന്നാമത് വലിയ മുസ്ലിം ജനസംഖ്യയുള്ള ഇന്ത്യയില്‍ 200 മില്ല്യണ്‍ വരുന്ന മുസ്ലിം ജനത സാമൂഹികഘടയുടെ അടിത്തട്ടില്‍ വിദ്വേഷ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു.

ഇത്തരം വിവേചനങ്ങള്‍ ആയുര്‍ദൈര്‍ഘ്യത്തിലെ അസമത്വത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന് പഠനം നിരീക്ഷിക്കുന്നു.

ജീവിത നിലവാരം, സമ്പത്ത്, ചുറ്റുപാടുമായുള്ള സമ്പര്‍ക്കം എന്നീ ഘടകങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. ആദിവാസി, ദളിത് വിഭാഗങ്ങളെ അപേക്ഷിച്ച് ഈ ഘടകങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഉയർന്ന ജാതിയിലുള്ള ഹിന്ദുവിഭാഗത്തിന്റെ ആയുര്‍ദൈര്‍ഘ്യവും കൂടുതലാണ്. മറ്റൊരു താരതമ്യത്തില്‍, മുസ്ലിം ജനവിഭാഗത്തിന് ആദിവാസി, ദളിത് വിഭാഗങ്ങളേക്കാള്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. കുട്ടികള്‍ക്കിടയില്‍ തുറസ്സായ മലമൂത്ര വിസര്‍ജനം, സ്ത്രീകളിലെ ഗര്‍ഭാശയ അര്‍ബുദം, മദ്യപാനം, ആത്മഹത്യാനിരക്ക് എന്നിവ ഈ വ്യത്യാസത്തെ സ്വാധീനിക്കുന്നതിന് തെളിവുകളുണ്ട്.

ശുചീകരണ തൊഴിലുകള്‍ പോലുള്ള മേഖലയില്‍ പരമ്പരാഗതമായി ഏര്‍പ്പെടുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ രോഗങ്ങള്‍ക്കും മരണത്തിനും സാധ്യത കൂടുതലുള്ള തൊഴില്‍ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെ സാമ്പത്തിക വിവേചനത്തിന് അപ്പുറം സാമൂഹിക സാഹചര്യങ്ങള്‍ മൂലം ആരോഗ്യ പരിപാലനത്തിനുണ്ടാകുന്ന വെല്ലുവിളികള്‍കൂടി ചര്‍ച്ചയാവുന്നു.

സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ നിന്ന് നേരിടേണ്ടി നേരിടുന്ന വിവേചനം ശാരീരിക മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിന് തെളിവുകളുണ്ട്. അത്തരം അനുഭവങ്ങള്‍ മാനസിക പിരിമുറുക്കത്തിലേക്കും അതുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കും തള്ളിവിടുന്നതാണ്. ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷയുടെയും വിദ്യാഭ്യാസത്തിന്റെയും അപര്യാപ്തയ്ക്ക് പുറമെയാണ് ഒരു വിഭാഗം ഇത്തരം സമ്മര്‍ദ്ദങ്ങളെ നേരിടുന്നത്.

ഇത് ഇന്ത്യയിലെ മാത്രം സാഹചര്യമല്ല, ഓസ്‌ട്രേലിയയിലും, യുകെയിലും സമാനമായ വ്യത്യാസം കാണാം. അമേരിക്കയില്‍ കറുത്ത വംശജരും വെെറ്റ്‌സുമായി ആയുര്‍ദൈര്‍ഘ്യത്തില്‍ അസമത്വം നിലനില്‍ക്കുന്നു. എന്നാല്‍ യുഎസിലേതിനേക്കാള്‍ നാല് മുതല്‍ അഞ്ച് വര്‍ഷങ്ങള്‍ വരെ കുറവാണ് ഇന്ത്യയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. അതിനാല്‍ തന്നെ ഇന്ത്യയുടെ വിഭാഗങ്ങള്‍ക്കിടയിലെ ആയുര്‍ദൈര്‍ഘ്യത്തിലെ കുറവ് കൂടുതല്‍ പ്രധാന്യമര്‍ഹിക്കുന്നതാണ്. നിലവില്‍ രാജ്യത്തുണ്ടാകുന്ന മരണങ്ങളില്‍ പത്തു ദശലക്ഷം മരണങ്ങളെടുത്താല്‍ അതില്‍ ഏഴ് ദശലക്ഷം മരണങ്ങളും വ്യക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്ലാത്തവയാണ്. മൂന്ന് ദശലക്ഷം മരണങ്ങള്‍ റെക്കോർഡുചെയ്യപ്പെടാതെ തന്നെ പോകുന്നു, ഈ കണക്കുകളും നിര്‍ണ്ണായകമാണ്.

ഈ സാഹചര്യത്തില്‍ സാമൂഹിക വിവേചനം ആരോഗ്യത്തെ, അതുവഴി ആയുര്‍ദൈര്‍ഘ്യത്തെ എങ്ങനെ ബാധിക്കുന്നു എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായി വരും. ആരോഗ്യ സംവിധാനത്തിനകത്ത് ഉള്‍പ്പടെ നിലനില്‍ക്കുന്ന വേര്‍തിരിവുകള്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. പാര്‍ശ്വവത്കൃത വിഭാഗത്തിന് നിഷേധിക്കപ്പെട്ട സേവനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്.

ബിബിസി ന്യൂസ് റിപ്പോർട്ടിന്റെ സ്വതന്ത്ര പരിഭാഷ.