യുഎപിഎ ചുമത്തപ്പെട്ട് ആറ് വര്‍ഷമായി ജയിലില്‍, ക്രിമിനല്‍കുറ്റം ചെയ്തവര്‍ക്ക് പരോള്‍; കൊവിഡ് പരിഗണിച്ചെങ്കിലും ഇബ്രാഹിമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാംപെയ്ന്‍

യുഎപിഎ ചുമത്തപ്പെട്ട് ആറ് വര്‍ഷമായി വിയ്യൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ട ഇബ്രാഹിമിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ക്യാംപെയ്ന്‍. ഗുരുതര പ്രമേഹരോഗമുള്ള 67കാരനായ ഇബ്രാഹിമിന് ഉടന്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയും ഇനി ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ വിചാരണ തടസ്സപ്പെടാനും അദ്ദേഹത്തിന്റെ വിചാരണത്തടവ് നീണ്ടു പോകാനുമുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവര്‍ വരേയും ജാമ്യവും പരോളുമെല്ലാം നിര്‍ബാധം ഒപ്പിച്ചെടുക്കുന്ന നമ്മുടെ നാട്ടിലാണ് ഈ കടുത്ത അനീതി എന്ന് ഓര്‍ക്കണം.

മനുഷ്യാവകാശപ്രവര്‍ത്തകര്‍

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യുഎപിഎ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തിന് പുറത്തു വരാന്‍ സാധിച്ചില്ല. പ്രമേഹവും ഹൃദ്രോഗവുമുള്ള അദ്ദേഹത്തിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാല്‍ ആരോഗ്യ നിലയും പ്രയാധിക്യവും കണക്കിലെടുത്ത് യുഎപിഎ തടവുകാര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കേണ്ടെന്ന നയത്തില്‍ ഇളവ് നല്‍കികൊണ്ടും, മാനുഷിക പരിഗണന നല്‍കി സഖാവ് ഇബ്രാഹിമിനെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ക്യാംപെയ്ന്‍ ആവശ്യപ്പെടുന്നു. ഇബ്രാഹിമിനെ മോചിപ്പിക്കണമെന്ന പ്രമേയം നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

സഖാവ് ഇബ്രാഹിമിന് അടിയന്തിര ജാമ്യം അനുവദിക്കുക സഖാവ് ഇബ്രാഹിമിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക

യുഎപിഎ എന്ന ഭീകര നിയമം ചുമത്തി, കഴിഞ്ഞ ആറ് വര്‍ഷമായി തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ തടവിലാണ് സഖാവ് ഇബ്രാഹിം. ജാമ്യം നിഷേധിക്കപ്പെട്ട് വിചാരണ കൂടാതെയുള്ള ഈ നീണ്ട തടവുകാലം അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കിയിരിക്കുന്നു. എന്‍ഐഎ ചുമത്തിയ എസ് സി 3/2016 കേസിന്റെ പേരിലാണ് ഇങ്ങനെ അദ്ദേഹം ജയിലില്‍ കിടക്കുന്നത്. കടുത്ത പ്രമേഹ രോഗിയായ സഖാവ് ഇബ്രാഹിമിന് ഹൃദ്രോഗവുമുണ്ട്. തടവിലാക്കപ്പെടുന്നതിനു മുമ്പ് തന്നെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ചികിത്സാര്‍ത്ഥം അദ്ദേഹം ദിവസം തോറും 22 ഗുളികകള്‍ വീതം കഴിക്കുന്നുണ്ട്. എന്നിട്ടും പ്രമേഹത്തിന്റെ തോത് നിയന്ത്രണ വിധേയമായിട്ടില്ല. ഇതിനാല്‍ പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞു പോകുകയും ബാക്കിയുള്ളവ കേടു വരികയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ എല്ലാ പല്ലുകളും എടുത്തു കളഞ്ഞു. പകരം വെപ്പു പല്ലുകള്‍ വെയ്ക്കാന്‍ താമസം നേരിടുന്നതിനാല്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പല്ലുകള്‍ എടുത്ത് പത്തു ദിവസത്തിനകം തന്നെ അദ്ദേഹത്തിന്റെ തൂക്കം ഏഴ് കിലോ കുറഞ്ഞു.

ശാരീരികമായി അങ്ങേയറ്റം അവശനിലയിലായ അദ്ദേഹത്തിന്റെ പേരില്‍ രണ്ടു കേസുകളാണ് നിലവില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നത്. മേല്‍പ്പറഞ്ഞ എന്‍ഐഎ കേസ്സു കൂടാതെ കോഴിക്കോട് സെഷന്‍സ് കോടതി മുന്‍പാകെ ഉണ്ടായിരുന്ന എസ് സി 548/2016 എന്ന കേസിലും അദ്ദേഹം പ്രതിയായിരുന്നു. എന്നാല്‍ കോഴിക്കോട് സെഷന്‍സ് കോടതി 2020 ഒക്ടോബര്‍ 21ലെ ഉത്തരവ് പ്രകാരം അദ്ദേഹ മുള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളുടെയും കേസ് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇപ്പോള്‍ എന്‍ഐഎ കേസ്സു മാത്രമേ നില നില്‍ക്കുന്നുള്ളൂ. ആ കേസില്‍ ജാമ്യം ലഭിക്കാത്തതിനാലാണ് ഇത്രയും നീണ്ട കാലം തടവില്‍ കഴിയുന്നത് എന്ന് ചുരുക്കം. കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുകയും ഇനി ഒരു മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ ആശങ്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ കേസിന്റെ വിചാരണ തടസ്സപ്പെടാനും അദ്ദേഹത്തിന്റെ വിചാരണ ത്തടവ് നീണ്ടു പോകാനുമുള്ള എല്ലാ സാധ്യതയുമുണ്ട്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നത് അദ്ദേഹത്തിന്റെ ജീവനെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരും ശിക്ഷിക്കപ്പെട്ടവര്‍ വരേയും ജാമ്യവും പരോളുമെല്ലാം നിര്‍ബാധം ഒപ്പിച്ചെടുക്കുന്ന നമ്മുടെ നാട്ടിലാണ് ഈ കടുത്ത അനീതി എന്ന് ഓര്‍ക്കണം.

67 വയസ്സു പിന്നിട്ട സഖാവ് ഇബ്രാഹിം തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉടനീളം. ഏതാണ്ട് 70 കള്‍ മുതല്‍ തന്നെ വിപ്ലവ ഇടതു രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിന്റെ ഒരു സഹചാരിയും സഹായിയും ആയി രാഷ്ട്രീയ ജീവിതത്തില്‍ നിറഞ്ഞു നിന്ന സഖാവിന്റെ സ്വദേശം വയനാട്ടിലെ മേപ്പാടിക്കടുത്തുള്ള നെടുങ്കരണയാണ്. തോട്ടം തൊഴിലാളി കൂടിയായ അദ്ദേഹം ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികളെ കുടിയൊഴിക്കലിനെതിരെ വയനാട്ടില്‍ 90കളുടെ അവസാനം നടന്ന ഉജ്ജ്വലമായ സമരത്തിന്റെ നേതാവുകൂടി ആയിരുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനും അവരുടെ നിത്യജീവിത പ്രയാസങ്ങളില്‍ പോലും സജീവ താങ്ങുമായ അദ്ദേഹം തന്റെ സാമൂഹ്യ പ്രതിബദ്ധതയുടേയും വര്‍ഗ്ഗ ബോധത്തിന്റേയും പേരിലാണ് ഇന്നീ വിധം വേട്ടയാടപ്പെടുന്നത്. പതിറ്റാണ്ടുകളായി വയനാട്ടിലെ ഏറ്റവും ദരിദ്രരായ തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി അവരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന ഏവര്‍ക്കും മാതൃകയായ ഒരു പൊതുപ്രവര്‍ത്തകനെ ഇത്തരത്തില്‍ ക്രൂരവും ജനാധിപത്യവിരുദ്ധവുമായി കൈകാര്യം ചെയ്യുന്നതിനെ ചോദ്യം ചെയ്യേണ്ടത് ഓരോ ജനാധിപത്യവാദിയുടേയും ബാധ്യതയാണ്.

കൊറോണയുടെ ആദ്യ തരംഗത്തില്‍ ചെയ്തതു പോലെ ഈ തരംഗത്തിലും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ തടവുകാര്‍ക്ക് പരോളും ഇടക്കാല ജാമ്യവുമനുവദിക്കുകയുണ്ടായി. എന്നാല്‍ യുഎപിഎ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള തടവുകാരെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കിയതിനാല്‍ അദ്ദേഹത്തിന് പുറത്തു വരാന്‍ സാധിച്ചില്ല. പ്രമേഹവും ഹൃദ്രോഗവുമുള്ള അദ്ദേഹത്തിന് ഒരു കൊറോണ ബാധയെ അതിജീവിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ആയതിനാല്‍ ആരോഗ്യ നിലയും പ്രയാധിക്യവും കണക്കിലെടുത്ത് യുഎപിഎ തടവുകാര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇടക്കാല ജാമ്യം അനുവദിക്കേണ്ടെന്ന നയത്തില്‍ ഇളവ് നല്‍കികൊണ്ടും, മാനുഷിക പരിഗണന നല്‍കി സഖാവ് ഇബ്രാഹിമിനെ തടവില്‍ നിന്ന് മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.