‘ഇന്നത്തെ പല മികച്ച സിനിമകളും സംവിധായകന്റെയല്ല, എഡിറ്ററുടേത്’; ആദ്യം വളയത്തിലൂടെ ചാടിയിട്ട് പോരേ വളയമില്ലാതെയെന്ന് പ്രിയദര്‍ശന്‍

ഇന്നത്തെ മികച്ച സിനിമകള്‍ പലതും മികച്ച സംവിധായകന്റെ അല്ല, മികച്ച എഡിറ്ററുടെ സിനിമയാണെന്ന് പ്രിയദര്‍ശന്‍. ഒരുപാട് ഷോട്ടുകള്‍ എടുത്ത് വ്യക്തമായ കാഴ്ചപ്പാടില്ലാതെ എഡിറ്റര്‍ ടേബിളില്‍ കൊണ്ടിട്ടു കൊടുക്കുന്ന സംവിധായകര്‍ ഇന്നുണ്ടെന്ന് മുതിര്‍ന്ന സംവിധായകന്‍ പറഞ്ഞു. ഡയറക്ടര്‍മാരല്ല എഡിറ്റര്‍മാരാണ് ഇന്ന് പടം എഡിറ്റ് ചെയ്യുന്നത്. സംവിധായകന് വ്യക്തതയുണ്ടെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആര്‍ടിസ്റ്റിനും ആ വ്യക്തതയുണ്ടാകും. ആവര്‍ത്തിച്ച് ടേക്കുകള്‍ എടുക്കുമ്പോള്‍ ആര്‍ടിസ്റ്റ് ക്ഷീണിതനാകും. എല്ലാ നടന്‍മാരുടേയും ഏറ്റവും നല്ല പ്രകടനം വരുന്നത് ആദ്യത്തെ ഷോട്ടിലാണ്. എന്താണ് വേണ്ടതെന്ന കാര്യത്തില്‍ സംവിധായകര്‍ക്ക് വ്യക്തതയുണ്ടാകണം. മലയാള സിനിമയിലെ മിടുക്കന്മാരായ ഓരോ സംവിധായകരോടും ബഹുമാനത്തോടെയാണ് ഞാനിത് പറയുന്നതെന്നും പ്രിദര്‍ശന്‍ പറഞ്ഞു. ‘പൂച്ചക്കൊരു മൂക്കുത്തി, റീയൂണിയന്‍’ എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് മുതിര്‍ന്ന സംവിധായകന്റെ പ്രതികരണം.

എത്ര നന്നായി ആലോചിച്ച് ഷൂട്ട് ചെയ്തിട്ടുള്ളതാണെന്ന് ഒരു സിനിമ കണ്ടാല്‍ അറിയാം. ചില സിനിമകള്‍ തല്ലിക്കൂട്ടിയതാണെന്ന് നമുക്ക് എളുപ്പത്തില്‍ മനസിലാകും. നടന്റെ പെര്‍ഫോമന്‍സിന്റെ കണ്ടിന്യൂയിറ്റി എത്രയുണ്ടെന്ന് വ്യക്തമായി മനസിലാകും.

പ്രിയദര്‍ശന്‍

ഇതൊന്നും ഇപ്പോള്‍ അത്ര വലിയ കാര്യങ്ങള്‍ അല്ലായിരിക്കാം. ഞാനൊക്കെ റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ഡയറക്ടറാണ്. പണ്ടത്തെ സംവിധായകര്‍ക്ക് മുന്‍പരിചയമുണ്ടായിരുന്നതുകൊണ്ട് സിനിമകള്‍ക്ക് ഒരു ഗ്രാമറുണ്ടായിരുന്നു. ആ ഗ്രാമര്‍ ഇപ്പോള്‍ ഇല്ലാതായി. ദിലീഷ് പോത്തന്‍, മഹേഷ് നാരായണന്‍ തുടങ്ങിയവര്‍ ‘ബ്രില്യന്റ്’ സംവിധായകരാണ്. സിനിമകള്‍ കണ്ട ശേഷം സംവിധായകരെ ഫോണിലും മെസ്സേജായും ‘നന്നായിരുന്നു കെട്ടോ’ എന്ന് പറയാറുണ്ട്. പുതിയ സംവിധായകരോടും നടന്‍മാരോടും ഒരുപാട് സ്‌നേഹവും ആദരവുമുണ്ടെന്നും പ്രിയദര്‍ശന്‍ ചാറ്റ് റൂമില്‍ പറഞ്ഞു.

പൂച്ചക്കൊരു മൂക്കുത്തി റീയൂണിയന്‍; പ്രസക്ത ഭാഗങ്ങള്‍

പ്രിയദര്‍ശന്‍: ആക്ടറോട് ഇത്രയും മതിയെന്ന് പറയണം. സിനിമക്ക് അത്രയേ ആവശ്യമുള്ളൂ. സംവിധായകന് വ്യക്തതയുണ്ടെങ്കില്‍ കൂടെ ജോലി ചെയ്യുന്ന ആര്‍ടിസ്റ്റിനും ആ വ്യക്തതയുണ്ടാകും. അല്ലെങ്കില്‍ ആര്‍ടിസ്റ്റ് ക്ഷീണിതനാകും. എല്ലാ നടന്‍മാരുടേയും ഏറ്റവും നല്ല പ്രകടനം വരുന്നത് ആദ്യത്തെ ഷോട്ടിലാണ്. അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം ഇതാണ് സംഗതിയെന്ന്. അത് ചെയ്യുമ്പോഴാണ് സിനിമയുണ്ടാകുന്നത്. എഡിറ്റ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാകുന്നത്. നാടകമല്ല സിനിമ. നാടകത്തില്‍ ഒരുമിച്ച് നിന്ന് പറയണം. പണ്ടത്തെ സംവിധായകര്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക് ചെയ്തിട്ടുള്ളതുകൊണ്ട് സിനിമക്ക് ഒരു ഗ്രാമര്‍ ഉണ്ടായിരുന്നു. ആ ഗ്രാമര്‍ ഇല്ലാതായി. സംവിധായകരല്ല എഡിറ്റര്‍മാരാണ് ഇന്ന് പടം എഡിറ്റ് ചെയ്യുന്നത്. മലയാള സിനിമയിലെ മിടുക്കന്മാരായ ഓരോ സംവിധായകരോടും ബഹുമാനത്തോടെയാണ് ഞാനിത് പറയുന്നത്.

ഞാന്‍ സിനിമ ചെയ്യുന്ന വഴി ശരിയാണോയെന്ന് എനിക്കറിയില്ല. പക്ഷെ ആ വ്യക്തതയുള്ളതുകൊണ്ട് എനിക്ക് ഒരുപാട് ഗുണമുണ്ടായി.

ആ വ്യക്തതയില്ലെങ്കില്‍ ഒരു അഭിനേതാവിന്റെ ‘കണ്ടിന്യൂയിറ്റി ഓഫ് ആക്ടിങ്ങ്’ ഡിസ്റ്റേര്‍ബ് ചെയ്യപ്പെടും. മിടുക്കന്മാരായ നടന്മാരെല്ലാം മനോധര്‍മം അനുസരിച്ച് ചെയ്യുന്നവരാണ്. അടുത്ത ഷോട്ട് എടുക്കുമ്പോള്‍ അവര്‍ ചിലപ്പോള്‍ അത് മറന്നുപോകും. കണ്ടിന്യൂയിറ്റി ഇതായിരുന്നു എന്ന പറഞ്ഞുകൊടുത്താല്‍ അവര്‍ക്ക് നല്ല വ്യക്തതയുണ്ടാകും. അത് സംവിധായകരുടെ ഉത്തരവാദിത്തമാണ്.

ചെമ്പന്‍ വിനോദ്: സാര്‍ ഈ പറഞ്ഞ വ്യക്തത പുതിയ സംവിധായകരില്‍ 80 ശതമാനം പേര്‍ക്കും ഇല്ല. എന്റെ വ്യക്തിപരമായ അനുഭവമാണ് ഞാന്‍ പറയുന്നത്. അതിന് അവര്‍ ഉപയോഗിക്കുന്ന ടേം ഇതാണ് ‘ഇല്ല ചെമ്പാ, നമുക്ക് സേഫ്റ്റി സൈഡ് ഈ ആംഗിളില്‍ നിന്ന് മുഴുവനായി പറഞ്ഞ് അങ്ങ് എടുത്തേക്കാം’. ‘ഈ ക്യാരക്ടര്‍ സംസാരിക്കുന്നത് എനിക്ക് ഈ ആംഗിളില്‍ നിന്ന് മതി’ എന്ന വ്യക്തത ഭൂരിഭാഗം സംവിധായകര്‍ക്കും ഇല്ല. ഒരു സീന്‍ മനസില്‍ ആവിഷ്‌കരിച്ചിട്ടല്ല അവര്‍ വരുന്നത്.

പ്രിയദര്‍ശന്‍: വിനോദിനേ പോലുള്ള ഇന്നത്തെ ആക്ടേഴ്‌സ് അത് മനസിലാക്കുന്നു എന്നതില്‍ സന്തോഷമുണ്ട്.

ജോജു ജോര്‍ജ്: സെയിം ഷോട്ടും സീനും അഞ്ച് പ്രാവശ്യമൊക്കെ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ എഡിറ്റിന്റെ ഓപ്ഷന് വേണ്ടിയിട്ടാണെന്ന് പറഞ്ഞു. ഒരേ ഡയലോഗ് അഞ്ച് പ്രാവശ്യം പറയേണ്ടി വന്നു. ആ ഒരൊറ്റ കാരണം കൊണ്ട് സംവിധായകന്‍ പിന്നീട് വിളിച്ചപ്പോള്‍ പോയിട്ടില്ല. കാരണം പേടിച്ചിട്ടാണ്. കാരണം അഞ്ച് പ്രാവശ്യമൊക്കെ ആവര്‍ത്തിക്കുമ്പോഴേക്കും നമ്മള്‍ ചതഞ്ഞുപോകും. ജോഷി സാറിന്റെ കൂടെ വര്‍ക് ചെയ്യാന്‍ സാധിച്ചു. പ്രിയന്‍സാറിന്റെ കൂടെ വര്‍ക് ചെയ്യാന്‍ ഭാഗ്യം കിട്ടിയിട്ടില്ല. അത് കിട്ടുമെന്ന് വിചാരിക്കുന്നു.

ചെമ്പന്‍ വിനോദ്: അതിന്റെ ഇടയില്‍ കൂടി നീ..അല്ലെ?

ജോജു: അല്ല ചെമ്പാ അത് വേണ്ടേടാ, നമുക്ക് ജീവിച്ച് പോകണ്ടേ.

ചെമ്പന്‍ വിനോദ്: പ്രിയന്‍ സാറിനോടും അങ്ങനത്തെ ആള്‍ക്കാരോടും ചോദിച്ചില്ലെങ്കില്‍ പിന്നെ ആരോട് ചോദിക്കൂടാ.

ജോജു: അതെ. ജോഷി സാറിന്റെയൊപ്പം വര്‍ക് ചെയ്തപ്പോ പ്രിയന്‍ സാര്‍ പറഞ്ഞതുപോലെയായിരുന്നു. ആവശ്യമുള്ളത് ഷൂട്ട് ചെയ്യും. ഒരു റിപ്പീറ്റേഷനുമില്ല. എന്തൊരു കംഫര്‍ട്ട് ആയിരുന്നു അത്. ചെമ്പന്‍ പറഞ്ഞതുപോലെ പേടിച്ചിട്ടാണ് വര്‍ക് ചെയ്യാന്‍ പോകുന്നത്. ജോഷി സാറിന്റെ സെറ്റിലാണ് ഏറ്റവും അനായാസമായി ജോലി ചെയ്യാന്‍ പറ്റിയത്.

ചെമ്പന്‍ വിനോദ്: ചാറ്റ് റൂമില്‍ വന്നതുകൊണ്ട് വെറുതെ ലഡുവും ജിലേബിയും കൊടുക്കാമെന്ന് കരുതി പറയുന്നതല്ല പ്രിയന്‍ സാര്‍, ആത്മാര്‍ത്ഥമായി പറയുന്നതാണ്. ചില അടുത്ത സുഹൃത്തുക്കളുടെ സെറ്റില്‍ മാത്രമാണ് സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യുന്നത്. പ്രിയന്‍ സാറിന്റെയോ ജോഷി സാറിന്റെയോ സെറ്റുകളിലെ അത്ര ആസ്വദിച്ച് മറ്റ് സെറ്റുകളില്‍ ജോലി ചെയ്തിട്ടില്ല.

നന്ദു: ഇന്ത്യന്‍ സിനിമയില്‍ തന്നെ ചിലപ്പോള്‍ സ്‌പോട്ട് എഡിറ്ററില്ലതെ ചെയ്യുന്ന ഒരേയൊരു സംവിധായകന്‍ ചിലപ്പോള്‍ പ്രിയന്‍ ചേട്ടന്‍ മാത്രമായിരിക്കും. ‘അപ്പോള്‍ സ്‌പോട്ട് എഡിറ്റിങ്ങ് ഇല്ലേ?’ എന്ന് ഞാന്‍ പ്രിയന്‍ ചേട്ടനോട് ചോദിച്ചു. ‘അവനെ ഇവിടെയെങ്ങാനും കണ്ടാല്‍ ഞാന്‍ എടുത്ത് ദൂരെ കളയും, എന്റെ സിനിമ ഞാനാണ് എഡിറ്റ് ചെയ്യുന്നത് അല്ലാതെ ഇവിടെയിരിക്കുന്നവന്‍ അല്ല.’

ജോജു: ഒരേ ഷോട്ട് പല ആംഗിളില്‍ വേണ്ട എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷെ, ഒരേ ഷോട്ട് പത്ത് തവണ ചെയ്യുമ്പോള്‍ മടുത്തുപോകും. പ്രധാനപ്പെട്ട ഒരു സീന്‍ ആണെങ്കില്‍ തീര്‍ച്ചയായും ഏതൊരു ആക്ടറേയും ബാധിക്കുമെന്നാണ് തോന്നുന്നത്.

സുരേഷ് കുമാര്‍: മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രിയദര്‍ശന്‍ ഒരു ക്യാമറ വെച്ചാണ് വര്‍ക്ക് ചെയ്തത്. കംപ്യൂട്ടര്‍ ഗ്രാഫിക്‌സ് ഷോട്ടുകള്‍ വല്ലതുമുണ്ടെങ്കില്‍ മാത്രമാണ് രണ്ടാമത്തെ ക്യാമറ കൊണ്ടുവരികയുള്ളൂ. ഇത്രയും വലിയൊരു സിനിമ നൂറ് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീര്‍ത്തു. സാധാരണ 40-50 ദിവസം കൊണ്ട് ഒരു സിനിമ പ്രിയന്‍ ഷൂട്ട് ചെയ്ത് തീര്‍ക്കും. അന്നൊന്നും മള്‍ട്ടി ക്യാം ഷൂട്ട് ഇല്ല. പുതിയ സംവിധായകരെ കുറ്റം പറയുന്നതല്ല. അവരുടെ അനുഭവ പരിചയം കുറവായതു കൊണ്ടാണ് എഡിറ്റ് ചെയ്യാന്‍ മള്‍ട്ടിക്യാമിനെ ഇങ്ങനെ ആശ്രയിക്കുന്നത്. പക്ഷെ, നിര്‍മ്മാതാവിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. അതാരും പറയുന്നില്ല.

ജോജു: പുതിയ സംവിധായകര്‍ ഒരു പരിധിവരെ ഷൂട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. എഡിറ്റിങ്ങിനേക്കുറിച്ച് സംവിധായകന് ധാരണയില്ലാതെ വരുമ്പോള്‍ 360 ഡിഗ്രിയില്‍ ഒരേ സീന്‍ അഭിനയിച്ചുകൊടുക്കേണ്ടി വരും. കണ്ട്യൂനീയിറ്റി നഷ്ടമാകും.

ശ്രീകാന്ത് മുരളി: പണ്ട് ഫിലിമിന് വിലയുണ്ടായിരുന്നു. ചെലവിനേക്കുറിച്ച് ഓരോരുത്തര്‍ക്കും ധാരണയുണ്ടായിരുന്നു. ഫിലിം തിന്നുന്ന നടന്‍മാര്‍ക്ക് അവസരം നഷ്ടമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോള്‍ കാര്‍ഡുണ്ട്. എത്ര ഷോട്ടുകള്‍ വേണമെങ്കിലുമെടുക്കാം.

ജോജു: ഒരു തമാശ സീനാണ് അഞ്ച് തവണ അഭിനയിച്ചത്. അതിന്റെ അവസാനം ഞാന്‍ കരഞ്ഞുപോയി.

പ്രിയദര്‍ശന്‍: 40 വര്‍ഷം മുന്‍പ് ഞാന്‍ മനസിലാക്കിയ ഒരു കാര്യമുണ്ട്. ഒരു സീന്‍ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഒരു തവണയെ അഭിനയിക്കാന്‍ പറ്റൂ. ബാക്കിയെല്ലാം ഒരു തരം ഛര്‍ദ്ദിക്കലായി മാറും. ഇതാണ് നമ്മള്‍ ചെയ്യേണ്ടതെന്ന് ഒരു പ്രാവശ്യം നമുക്ക് വ്യക്തമാകും. അതനുസരിച്ച് ചെയ്യുന്നെങ്കില്‍ ആ ഷോട്ടാകും ബെസ്റ്റ്. കെ ജി ജോര്‍ജ്, ഐവി ശശി, ഹരിഹരന്‍ അവരെല്ലാം അങ്ങനെയാണ് ചെയ്തിരുന്നത്. ഇതാണ് എനിക്ക് വേണ്ട ഷോട്ട് എന്നു പറയുമ്പോള്‍ അത് തരാന്‍ കഴിയുന്ന നടന്മാരെ വെച്ചേ സിനിമ ചെയ്യാന്‍ കഴിയൂ. അത് കിട്ടിക്കഴിഞ്ഞാല്‍ സന്തോഷമാകും. അപ്പുറത്ത് നിന്നും ഇപ്പുറത്തു നിന്നും എടുക്കൂ എന്ന പറയുമ്പോള്‍ ആ നടന് ഒരു മടുപ്പുണ്ടാകും.

ജോജു: നായാട്ട് ചെയ്യുമ്പോള്‍ മാട്ടിന്‍ പ്രക്കാട്ടിന്റെ ഭാഗത്ത് നിന്ന് അത്തരത്തില്‍ നല്ല അനുഭവമുണ്ടായി. ഒരു ഷോട്ട് കഴിയുമ്പോള്‍ അത് മതിയെന്ന് മാര്‍ട്ടിന്‍ തീരുമാനമെടുക്കുമ്പോള്‍ സന്തോഷം തോന്നി.

പ്രിയദര്‍ശന്‍: ആ സിനിമ കണ്ടതിന് ശേഷം നന്നായെന്ന് പറഞ്ഞ് ഞാന്‍ മാര്‍ട്ടിന് ഒരു മെസ്സേജ് അയിച്ചിരുന്നു. എത്ര നന്നായി ആലോചിച്ച് ഷൂട്ട് ചെയ്തിട്ടുള്ളതാണെന്ന് ഒരു സിനിമ കണ്ടാല്‍ അറിയാം. ചില സിനിമകള്‍ തല്ലിക്കൂട്ടിയതാണെന്ന് നമുക്ക് എളുപ്പത്തില്‍ മനസിലാകും. നടന്റെ പെര്‍ഫോമന്‍സിന്റെ കണ്ടിന്യൂയിറ്റി എത്രയുണ്ടെന്ന് വ്യക്തമായി മനസിലാകും. ഇതൊന്നും ഇപ്പോള്‍ അത്ര വലിയ കാര്യങ്ങള്‍ അല്ലായിരിക്കാം. ഞാനൊക്കെ റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ഡയറക്ടറാണ്.

ജോജു: സര്‍ റിട്ടയര്‍ ചെയ്യണമെന്ന് സ്വയം തീരുമാനിക്കരുത് പ്ലീസ്. ഞങ്ങള്‍ക്ക് കുറച്ചുകൂടി സിനിമകള്‍ കാണണമെന്ന് ആഗ്രഹമുണ്ട്.

പ്രിയദര്‍ശന്‍: ആദ്യം വളയത്തില്‍ കൂടി ചാടണം. പിന്നെ വളയമില്ലാതെ ചാടാം. ഇപ്പോള്‍ ആദ്യമേ വളയമില്ലാത്ത ചാട്ടമാണെന്ന് എനിക്കൊരു അഭിപ്രായമുണ്ട്. ചിലപ്പോള്‍ ഞാന്‍ പറയുന്നത് തെറ്റായിരിക്കും. എത്ര പേര്‍ക്ക് അത് ദഹിക്കുമെന്ന് അറിയില്ല.

ചെമ്പന്‍ വിനോദ്: സാര്‍ പറഞ്ഞത് ശരിയാണ്. വളയമില്ലാതെയാണ് പലരും ചാടിക്കൊണ്ടിരിക്കുന്നത്. പ്രാക്ടീസ് ചെയ്യാതെ.

പ്രിയദര്‍ശന്‍: ദിലീഷ് പോത്തന്‍, മഹേഷ് നാരായണന്‍ തുടങ്ങിയ ബ്രില്യന്റ് ആയ ഡയറക്ടര്‍മാരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ സിനിമ കാണുമ്പോള്‍ അവര്‍ ഞാന്‍ ചെയ്യുന്ന രീതിയിലാണ് സിനിമ ചെയ്യുന്നതെന്ന് എനിക്ക് തോന്നുന്നു.

ജോജു: ഇവര്‍ രണ്ടുപേരും നല്ല എക്‌സ്പീരിയന്‍സുള്ളവരാണ്.

പ്രിയദര്‍ശന്‍: അത് എക്‌സ്പീരിയന്‍സല്ല, അതൊരു സെന്‍സിബിലിറ്റിയാണ്. ‘അത് അങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന സെന്‍സിബിലിറ്റി. രണ്ടു പേരുടെ പേരാണ് ഞാന്‍ പറഞ്ഞുള്ളൂ എങ്കിലും വേറെയും മിടുക്കന്‍മാരുണ്ട്. ചില സിനിമകളില്‍ ചക്ക വീണ് മുയല്‍ ചാകും. പിന്നെ അവര്‍ വലിയ ആളാകും. പേരൊന്നും ഞാന്‍ പറയുന്നില്ല. മോഹന്‍ലാല്‍ എന്നോട് എപ്പോഴും പറയും. ‘പ്രിയാ..ഒരു സിനിമയും മോശം എന്ന് നമ്മള്‍ പറയാന്‍ പാടില്ല. എല്ലാവരും സിനിമ നല്ലതാകണമെന്ന് വിചാരിച്ചാണ് എടുക്കുന്നത്.’ നമ്മള്‍ അറുത്തുമുറിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ ഡിസ്‌കസ് ചെയ്യുന്നത് അത്രേയുള്ളൂ.

ശ്രീകാന്ത് മുരളി: ജോജുവും ചെമ്പന്‍ വിനോദും ഇന്‍ഡയറക്ടലി നാലോ അഞ്ചോ പ്രാവശ്യം ചാന്‍സ് ചോദിച്ചുകഴിഞ്ഞു. ബിനു പപ്പു ഇവിടെയുണ്ട്.

ബിനു പപ്പു: ഞാന്‍ ചാന്‍സ് ചോദിച്ചിട്ടില്ല. ചാന്‍സ് ചോദിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.

ചെമ്പന്‍ വിനോദ്: എടാ..നിനക്ക് വേണ്ടി ഞങ്ങള്‍ ചോദിച്ചിരിക്കുന്നു.

പ്രിയദര്‍ശന്‍: ഞാന്‍ ഒരുപാട് സിനിമകള്‍ കാണുന്നുണ്ട്. എല്ലാം കാണും. എനിക്ക് ആഷിഖ് അബു തൊട്ട് ആര് സിനിമയെടുത്താലും എനിക്ക് ഇഷ്ടപ്പെട്ടാല്‍ അവരെ വിളിച്ച് ‘നന്നായിരുന്നു കെട്ടോ’ എന്ന് പറയും. ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ല. എന്റെ ജീവിതത്തിലെ ജാതിയും രാഷ്ട്രീയവും സിനിമ തന്നെയാണ്. അതിന് മുകളില്‍ ഒന്നുമില്ല. കാരണം അതാണ് നമ്മുടെ ജീവിത മാര്‍ഗം. അത്ഭുതപ്പെടുത്തുന്ന ആക്ടേഴ്‌സുണ്ട്. ഞാന്‍ ഒപ്പത്തിലേക്ക് വിനോദിനെ വിളിച്ചു. എനിക്ക് തോന്നി. ‘ഇയാള്‍ വേണമല്ലോ ഇത് ചെയ്യാന്‍.’ അതുപോലെ ഹരീഷ് പേരടിയെ വിളിച്ചു, കുഞ്ഞാലി മരയ്ക്കാറില്‍ മങ്ങാട്ടച്ചന്റെ വേഷം ചെയ്യാന്‍. വിനോദിനെ വിളിച്ചിരുന്നു. വിനോദിന് സമയമില്ലാത്തതുകൊണ്ടാണ് ഹരീഷിനെ വിളിച്ചത്. എനിക്കിഷ്ടമുള്ള ഒരുപാട് പുതുതലമുറ നടന്‍മാരുണ്ട്. പക്ഷെ, അവരെയെല്ലാവരേയും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. അങ്ങനെയൊരു റോള്‍ വരുമ്പോളെ ചെയ്യാന്‍ പറ്റൂ. ഞാന്‍ എപ്പോഴും ഒരു കാസ്റ്റിങ് ഡയറക്ടറായിട്ട് കൂടി ചിന്തിക്കും.

ഹരീഷ് കണാരനെയൊക്കെ എനിക്ക് വളരെ ഇഷ്ടമാണ്. ‘മറിമായ’ത്തിലെ ആക്ടേഴ്‌സിനെ, മണികണ്ഠന്‍ പട്ടാമ്പിയെ ഒക്കെ. എന്റെ സിനിമയില്‍ ഒരു റോള്‍ വന്നാല്‍ അവരെയൊക്കെ ഞാന്‍ വിളിക്കും. 1986ല്‍ എട്ട് സിനിമ റിലീസ് ചെയ്തയാളാണ് ഞാന്‍. ഇതുവരെ 94 സിനിമയായി. ഇപ്പോള്‍ ഭയമാണ്. കാരണം, എവറസ്റ്റില്‍ കയറാന്‍ എളുപ്പമാണ് എവറസ്റ്റിന്റെ മുകളില്‍ നില്‍ക്കാനാണ് വിഷമം.

പൂച്ചക്കൊരു മൂക്കുത്തിയില്‍ നിന്ന് ഇവിടെ വരെ വരുമ്പോള്‍ പുതിയ സംവിധായകരോടും നടന്മാരോടും ഒരുപാട് സ്‌നേഹവും അഭിനന്ദനവുമൊക്കെയുണ്ട്. അവരെ വിളിക്കാറുണ്ട്. അഭിനന്ദിക്കാറുണ്ട്. പടത്തില്‍ ജോജുവിനെ വേണമെന്ന് തോന്നിയാല്‍ ഉറപ്പായും വിളിക്കും.

ജോജു: ചെമ്പാ. സാര്‍ നമ്മളെ നൈസായി പറഞ്ഞ് ഒഴിവാക്കിയെടാ..

ചെമ്പന്‍ വിനോദ്: ഏയ് അങ്ങനൊന്നൂല്ല. ഒപ്പം കഴിഞ്ഞ് ഞാനൊരു ഹിന്ദിപ്പടത്തിലേക്ക് പോകേണ്ടതായിരുന്നു. അത് റെഡിയായില്ല. പക്ഷെ, സാര്‍ വിളിക്കും.