സുധാകരന്റെ മറുപടികള്‍ പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കുന്നതെന്ന് ഒരു വിഭാഗം; വിട്ടുകളയാറായെന്ന് മറുവിഭാഗം; ജാഗ്രതയില്‍ സിപിഐഎം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ക്യാമ്പ് വലിയ നിരാശയിലായിരുന്നു. ആ അവസ്ഥയെ മറികടക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പുതിയ പ്രതിപക്ഷ നേതാവിനെയും സംസ്ഥാന അധ്യക്ഷനെയും പെട്ടെന്ന് തന്നെ നിയോഗിച്ചത്. അതില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ വിഡി സതീശന്‍ മികച്ച രീതിയില്‍ ശോഭിക്കുമെന്ന് തീരുമാനം വന്നയുടന്‍ തന്നെ വിവിധ കോണുകളില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നിരുന്നു.

കെ സുധാകരന്റെ വരവ് ഏത് തരത്തിലാണ് സംഭവിക്കുക എന്നത് കണ്ടറിയണമെന്ന അഭിപ്രായമാണ് പൊതുവേ ഉയര്‍ന്നത്. എന്നാല്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം വാര്‍ത്തകളില്‍ ഇടം നേടാന്‍ കെ സുധാകരന് കഴിഞ്ഞു.

മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ‘അജ്ജയ്യ’ പ്രതിശ്ചായ തകര്‍ക്കാന്‍ കഴിഞ്ഞ് ആദ്യ റൗണ്ടില്‍ സുധാകരന് കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം കരുതുന്നത്. അതേ സമയം തന്നെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് മറ്റൊരു വിഭാഗം കരുതുന്നു.

കെ സുധാകരന് പിന്തുണ നല്‍കുന്ന സമീപനമാണ് കെ മുരളീധരനും രമേശ് ചെന്നിത്തലയും സ്വീകരിച്ചത്. രാഷ്ട്രീയമായ ആരോപണങ്ങളുമായി മുഖ്യമന്ത്രി വന്നാല്‍ സ്വാഭാവികമായും കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ മറുപടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം തന്നെ അക്രമം കോണ്‍ഗ്രസിന്റെ വഴിയല്ലെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യുന്നു.

അനധികൃത മരംമുറിയും കൊടകര ഹവാല കേസും പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് അമ്പത് വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ പറഞ്ഞ് അദ്ദേഹം( മുഖ്യമന്ത്രി) കോലാഹലം സൃഷ്ടിക്കുന്നത്.

കെ മുരളീധരന്‍

നിലവിലെ വിവാദങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. അദ്ദേഹം ഈ വാക്‌പോര് നിര്‍ത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

അതേ സമയം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ സിപിഐഎം ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി തന്റെ ഭാഗം വ്യക്തമായി പറഞ്ഞെന്നും ഇനിയും അതില്‍ കൂടുതല്‍ അഭിപ്രായ പ്രകടനത്തിന്റെ ആവശ്യമില്ലെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.

പിണറായി വിജയന്റെയും കെ സുധാകരന്റെയും വാക് പോര് മരം മുറി കേസിനെയും ഹവാല കേസിനെയും പിന്നിലേക്ക് മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ രണ്ട് സംഭവങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ കയറിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.