‘ഇത് നിങ്ങളും ഞങ്ങളും തമ്മിലുള്ള യുദ്ധമല്ല, നമ്മളും കൊവിഡും തമ്മിലുള്ള പോരാട്ടമാണ്’; കേന്ദ്രത്തിന്റേത് കുറ്റകരമായ വീഴ്ചയെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധി രൂക്ഷമാവുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് കുറ്റകരമായ വീഴ്ചയാണുണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികരണം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സമ്പൂര്‍ണ പരാജയമായിരുന്നെന്നും സോണിയ വിമര്‍ശിച്ചു.

‘രോഗത്തെ ചെറുത്തുനില്‍ക്കാനുള്ള നേതൃത്വവും ത്വരിത പ്രവര്‍ത്തനവും നടത്തേണ്ട സമയത്ത് കേന്ദ്രത്തിന്റെ മുഴുവന്‍ ശ്രദ്ധയും നിയമസഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു. ഇപ്പോള്‍പ്പോലും അവരുടെ തീരുമാനങ്ങള് സ്വേച്ഛാപരവും പക്ഷപാതം നിറഞ്ഞതുമാണ്. ഈ കാപട്യം മാപ്പര്‍ഹിക്കുന്നില്ല’, സോണിയ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

‘വൈറസ് എല്ലായിടത്തും പടര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന് അറിയിച്ചിരുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടം ‘നിങ്ങളും ഞങ്ങളും’ തമ്മിലുള്ള യുദ്ധമല്ല എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. അത് നമ്മളും കൊവിഡും തമ്മിലുള്ള പോരാട്ടമാണ്. രാഷ്ട്രീയത്തിനപ്പുറത്തുള്ള ചെറുത്തുനില്‍പ്പാണത്. ഒരു രാജ്യം എന്ന നിലയില്‍ ഒന്നിച്ച് നിന്ന് പോരാടണം. ഇത് കോണ്‍ഗ്രസിനെതിരെയല്ല, കൊവിഡിന് എതിരെയുള്ള പോരട്ടമാണെന്ന് മോഡി സര്‍ക്കാര്‍ ഇനിയെങ്കിലും മനസിലാക്കണം’, സോണിയ ഗാന്ധി പറഞ്ഞു.

മന്‍മോഹന്‍ സിങും രാഹുല്‍ ഗാന്ധിയും കൊവിഡിനെ പ്രതിരോധിക്കേണ്ടതിനെ ചൂണ്ടിക്കാട്ടി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മോഡി സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. മഹാമാരിയുടെ നടുവില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കേന്ദ്രസര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവണത ശരിയാണോ? ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നില്ലേ വേണ്ടതെന്നും സോണിയ ചോദിച്ചു.