‘കടുത്ത നിരാശ, അപ്രതീക്ഷിതം’; തെരഞ്ഞെടുപ്പ് തോല്‍വികളില്‍ കടുത്ത അതൃപ്തിയുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തിലുള്ള നിരാശ വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ട്ടിക്കേറ്റ തിരിച്ചടി നിരാശാജനകവും തീരെ പ്രതീക്ഷിക്കാത്തതുമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പിലെ പരാജയങ്ങളെ വിലയിരുമെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നിരുന്നാലും, ഒരു സംഘടനാ സംവിധാനമെന്നനിലയില്‍ ഈ തിരിച്ചടിയില്‍നിന്ന് ചിലത് മനസിലാക്കേണ്ടതുണ്ടെന്ന് പറയാതിരിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍, എല്ലാ സംസ്ഥാനങ്ങളിലെയും നമ്മുടെ പ്രടകനം വളരെ നിരാശയുണ്ടാക്കുന്നതും അപ്രതീക്ഷിതവുമാണ്. പ്രവര്‍ത്തക സമതി യോഗം ചേര്‍ന്ന് പരാജയം വിശകലനം ചെയ്യും’, സോണിയ യോഗത്തില്‍ പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയും തമിഴ്‌നാട്ടില്‍ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും നേടിയ വിജയത്തില്‍ സോണിയ അഭിനന്ദനങ്ങളും അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കൊത്തുള്ള പ്രകടനമായിരുന്നില്ല ടകാഴ്ചവെച്ചത്. ബംഗാളില്‍ പാര്‍ട്ടി ഇടതുമായി സഖ്യം ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ഒരു സീറ്റില്‍ പോലും വിജയം കണ്ടില്ല. തൃണമൂല്‍ 213 സീറ്റുകളില്‍ അപ്രമാധിത്യം നേടിയ ഇവിടെ 77 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കി.

അസമില്‍ 2016നേക്കാളും നില മെച്ചപ്പെടുത്തിയ പ്രകടനമായിരുന്നു കോണ്‍ഗ്രസിന്റേത്. എന്നിരുന്നാലും ബിജെപിയെ നേരിടുന്നതില്‍ സഖ്യത്തിന് പാളിച്ചയുണ്ടായെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

കേരളത്തില്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിനേതിന് സമാനമായ സീറ്റുനിലയുമായാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തുള്ളത്.

തമിഴ്‌നാട്ടില്‍ ഡിഎംകെയുടമായുള്ള സഖ്യത്തില്‍ മത്സരിച്ച 25ല്‍ 18 സീറ്റുകളില്‍ ചകോണ്‍ഗ്രസ് ജയിച്ചു. പക്ഷേ, പുതുച്ചേരി കൈവിട്ടുപോയി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ അതി ദയനീയ പരാജയത്തിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളായിരുന്നു ഇവ അഞ്ചും. ഒന്നില്‍ പോലും പാര്‍ട്ടിക്ക് ശക്തി തെളിയിക്കാനാവാത്തത് നേതൃത്വത്തെയൊന്നാകെ ചോദ്യമുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.