‘കോണ്‍ഗ്രസിനായി സോണിയാ ഗാന്ധിയുടെ ത്യാഗം’; തരൂരുമായി ചേര്‍ന്ന്‌ മുന്നോട്ടെന്ന് ഖാര്‍ഗെ, അധ്യക്ഷ സ്ഥാനത്തേക്ക് ഒക്ടോബര്‍ 26-ന്‌

ന്യൂഡല്‍ഹി: അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി സോണിയാ ഗാന്ധി 24 വര്‍ഷം ത്യാഗം ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂരിനെയും ഒപ്പം ചേര്‍ത്താവും മുന്നോട്ടുപോവുകയെന്നും ഖാര്‍ഗെ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തരൂരിന് ആശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. ‘ശശി തരൂരിന് എല്ലാവിധ ആശംസകളും. പാര്‍ട്ടിയെ ഇനി എങ്ങനെ മുന്നോട്ടു നയിക്കണം എന്ന് ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലാമ് പാര്‍ട്ടി രണ്ടുതവണ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. കഴിഞ്ഞ 24 വര്‍ഷമായി അവര്‍ കോണ്‍ഗ്രസിനെ പരിപോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു. അവര്‍ വ്യക്തിജീവിതത്തിലെടുത്ത ത്യാഗമാണത്’, ഖാര്‍ഗെ പറഞ്ഞു.

എല്ലാവരും പാര്‍ട്ടിപ്രവര്‍ത്തകരായിത്തന്നെ പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ ആരും ചെറുതും വവുതുമല്ല. ജനാധിപത്യത്തെ ഹനിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒരുമിച്ച് നിന്ന് പോരാടുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒക്ടോബര്‍ 26ന് അധ്യക്ഷനായി അധികാരമേറ്റെടുക്കുമെന്ന് മുതിര്‍ന്ന നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല അറിയിച്ചു.

ആകെ പോള്‍ ചെയ്ത 9497 വോട്ടുകളില്‍ 7897 വോട്ടുകള്‍ നേടിക്കൊണ്ടാണ് ഖാര്‍ഗെ നേതൃപദവിയിലേറുന്നത്. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്ന് ഒരു അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. ശശി തരൂരിന് 1072 വോട്ടുകളും ലഭിച്ചു. 416 വോട്ടുകള്‍ സാങ്കേതിക കാരണങ്ങളാല്‍ അസാധുവായി.