ന്യൂഡല്‍ഹി: കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിയാലോചിച്ച് രാജ്യവ്യാപക നയം രൂപീകരിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു.
‘കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതിന്റെ ആവശ്യകത ഉയര്‍ന്നിരിക്കുന്ന സമയമാണിത്. തൊഴിലാളികളുടെ പലായനം അവസാനിപ്പിക്കണം. പ്രതിസന്ധി അവസാനിക്കുന്നതുവരെ അവരുടെ അക്കൗണ്ടുകളിലേക്ക് കുറഞ്ഞത് ആറായിരം രൂപയെങ്കിലും നിക്ഷേപിക്കണം’, അഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തില്‍ സോണിയാ ഗാന്ധി പറഞ്ഞു.
രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സിന് സൗജന്യമായി നല്‍കണമെന്നും സോണിയ ആവശ്യപ്പെട്ടു. ‘രാജ്യവ്യാപകമായി കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കുകയും ഓക്സിജന്‍ അടക്കമുള്ള സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജീകരിക്കണം. വാക്സിന് ഉദ്പാദനം വര്‍ധിപ്പിക്കാന്‍ ലൈസന്‍സ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. ജീവന് രക്ഷാ മരുന്നുകള്‍ കരിഞ്ചന്തയിലെത്തുന്നത് അവസാനിപ്പിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.