ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ജി 23 ഗ്രൂപ്പ് നേതാക്കള്‍ക്ക് കൃത്യമായ സന്ദേശം നല്കി ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടിയുടെ തിരിച്ചുവരവിന് ആത്മനിയന്ത്രണം, അച്ചടക്കം, ഐക്യം, പാര്‍ട്ടി ആദ്യമെന്ന നിലപാട് എന്നിവ അത്യാവശമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
‘വരുന്ന തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചു. ‘സംശയമേതുമില്ലാതെ പറയാം. നമ്മള് പല വെല്ലുവിളികളും നേരിടേണ്ടി വരും. നമ്മള് ഐക്യത്തോടെ, അച്ചടക്കത്തോടെ, പാര്‍ട്ടിക്ക് ഗുണപരമായ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ നന്നായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്’, സോണിയ പറഞ്ഞു.
‘തുറന്നുപറയുന്നതിനെ ഞാന്‍ എപ്പോഴും അഭിനന്ദിക്കാറുണ്ട്. എന്നോട് സംസാരിക്കാന്‍ മാധ്യമങ്ങളുടെ ആവശ്യമില്ല. നമുക്ക് ശാന്തമായും സത്യസന്ധമായും എല്ലാം സംസാരിക്കാം. പക്ഷെ ഈ മുറിയുടെ നാല് ചുമര് വിട്ട് പുറത്തേക്ക് പോകുമ്പോള്‍ പ്രവര്‍ത്തക സമിതിയുടെ പൊതുഅഭിപ്രായമാണ് വിനിമയം ചെയ്യേണ്ടത്’, ജി 23 ഗ്രൂപ്പ് നേതാക്കളോടുള്ള സോണിയയുടെ നിലപാട് ഇങ്ങനെയായിരുന്നു.
സംഘടന തെരഞ്ഞെടുപ്പ്, ദേശീയ അദ്ധ്യക്ഷന്‍, വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ പരാജയം, ജി 23 നേതാക്കളുടെ ആവശ്യം എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍.
52 നേതാക്കളാണ് പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കുന്നത്. മന്മോഹന് സിംഗ്, ദിഗ്വിജയ് സിങ് എന്നിവരടക്കം അഞ്ച് നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.